Sat. Nov 21st, 2026

പത്തനംതിട്ട: പന്തളം കൊട്ടാരത്തിനും ശശി രാജാവിനുമെതിരെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം പന്തളം കൊട്ടാരത്തിന്റെ ശബരിമലയിലെ ആധിപത്യം നിലനിര്‍ത്താനുള്ള കുതന്ത്രങ്ങളുടെ ഭാഗമെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. കോഴഞ്ചേരി അയിരൂരില്‍ 29ാമത് ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

പാര്‍ട്ടി അംഗവും മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഇപ്പോൾ പന്തളം രാജാവ് എന്നറയിപ്പെടുന്ന വ്യക്തിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം നല്‍കാത്തതിന്റെ വിരോധത്തിന്റെ പേരില്‍, ചങ്ങനാശ്ശേരിയുമായി ചേര്‍ന്നുണ്ടാക്കിയ പൊറാട്ട് നാടകമാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും കടന്ന് ചെല്ലാന്‍ കഴിയുന്ന ക്ഷേത്രമാണ് ശബരിമല എങ്കില്‍, മേല്‍ശാന്തി നിയമനത്തില്‍ ജാതി വിവേചനം എന്തിനെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 96 ശതമാനം ജോലികളും സവര്‍ണര്‍ക്കാണെന്നും ജാതി വിവേചനമാണ് ജാതി ചിന്ത ഉണ്ടാക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ബഫര്‍ സോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ തൃശൂര്‍ രൂപതയുടെ പ്രസംഗം, സഭാ വക്താക്കള്‍ക്ക് ചേര്‍ന്നതാണോ എന്ന് ചിന്തിക്കണമെന്നും, ളോഹാ സമസ്താ സുഖിനോ ഭവന്തു എന്നാണ് ഇപ്പൊള്‍ ഈ രാജ്യത്തെ പ്രാര്‍ഥന എന്ന്, ഹിന്ദുക്കള്‍ തെറ്റിദ്ധരിച്ചാല്‍ തെറ്റ് പറയാനാവാത്ത സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കോഴഞ്ചേരി എസ് എന്‍ ഡി പി യൂനിയന്‍ പ്രസിഡന്റ് കെ എന്‍ മോഹന ബാബു അധ്യക്ഷത വഹിച്ചു.