Mon. Nov 23rd, 2026

✍️ സുരേഷ്. സി ആർ

ശ്രീനിവാസരാമാനുജന്റെ (1887- 1920) ജന്മദിനം ഇന്ത്യ ദേശിയ ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നു. ശുദ്ധ ഗണിതത്തിൽ വിദഗ്ദശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലുടെ ഗണിതവിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നങ്ങൾ തുടങ്ങിയ ഗണിതശാസ്ത്ര മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ആധുനിക ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസ രാമാനുജൻ.

ദരിദ്രകുടുംബത്തിൽ ജനിച്ച് ഉന്നത വിദ്യാഭ്യാസത്തിനുപോലും വകയില്ലാതെ വലഞ്ഞ യുവാവായ രാമാനുജൻ മഹാഗണിതജ്ഞനായി ഇംഗ്ലണ്ടിലെ ഉന്നത ശാസ്ത്ര സഭകളിലിടം പിടിച്ച കഥ അപൂർവവും നാടകീയവുമാണ്. അല്പകാലം മാത്രം നീണ്ട ജീവിതത്തിനിടയിൽ രാമാനുജൻ കീഴടക്കിയത് ഗണിതത്തിലെ രാജപാതകളാണ്.

സംശങ്ങൾ തീർക്കാൻ ആരുമില്ലാതെ തനിച്ചിരുന്നായിരുന്നു രാമാനുജന്റെ പഠനം. തുടർന്നു ജീവിക്കാൻ ജോലിയന്വേഷിച്ചും നടക്കുന്നതിനിടെ ജി.എസ്.കാർ എഴുതിയ ഗണിതപുസ്തകത്തിലെ, വേണ്ടത്ര തെളിവുകളോ വിശദീകരണമോ ഇല്ലാത്ത 6000 സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലേർപ്പെട്ടു. അതിലെ പുതിയ ഗണിത ശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. അതിവിദഗ്ദ ഗണിതജ്ഞർക്കു മാത്രം കഴിയുന്ന പ്രവൃത്തിയായിരുന്നു അത്. ‘പൈ’ യുടെ മൂല്യം എട്ട് ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്കരിച്ചു. പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ ‘ആൽഗരിത’ത്തിന് അടിസ്ഥാനമായത് ഈ കണ്ടുപിടുത്തമാണ്. ഉത്കൃഷ്ടമൊന്നുമല്ലാത്ത കാർ-ന്റെ പുസ്തകം പ്രശസ്തമായത് രാമാനുജനിലൂടെയാണ്.

രാമാനുജൻ -ഹാർഡി നമ്പർ പ്രസിദ്ധമാണ്. ആശുപത്രിയിൽ ചികിസയിലായിരുന്ന രാമാനുജനെ കാണാനെത്തിയ ഹാർഡി തന്റെ കാറിന്റെ നമ്പറായ 1729 ഒരു പ്രത്യേകതയുമില്ലെന്നു പറഞ്ഞപ്പോൾ രണ്ട് ഘനങ്ങളുടെ (ക്യൂബ്) തുകയായി രണ്ട് തരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്നായിരുന്നു രാമാനുജന്റെ മറുപടി. അതിങ്ങനെയാണ്,
10^3 + 9^3 = 1729
12^3 + 1^3 = 1729.
1914 ഏപ്രിൽ 14-ന് ലണ്ടനിലെത്തിയ രാമാനുജന്റെ ഗുരുവും വഴികാട്ടിയും ഹാർഡിയായിരുന്നു. അടിസ്ഥാന വിദ്യാഭ്യാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളിൽ ഇളവ് നൽകി 1916-ൽ കേംബ്രിഡ്ജ് സർവകലാശാല ‘ബാച്ചിലർ ഓഫ് സയൻസ് ബൈ റിസർച്ച്’ ബിരുദം നൽകി. ഇംഗ്ലണ്ടിൽ വച്ച് രാമാനുജൻ 37 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ ഏഴെണ്ണം ഹാർഡിയുമായി ചേർന്നായിരുന്നു.

1918 ൽ റോയൽ സൊസൈറ്റി ഫെലോഷിപ്പ് ലഭിച്ച രണ്ടാമത്തെ ഇന്ത്യാക്കാരനും അതേ വർഷം കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് ഫെലോ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യാക്കാരനുമാണ് രാമാനുജൻ.