Mon. Nov 23rd, 2026

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദിവാസി യുവാവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വയനാട് പനമരം പുതൂര്‍ കോളനിയില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹത്തോട് മെഡിക്കല്‍ കോളജ് അധികൃതര്‍ അനാദരവ് കാണിച്ചെന്ന് കുടുംബം പരാതി നല്‍കുകയായിരുന്നു. പുതൂര്‍ പണിയ കോളനിയിലെ അയ്യപ്പന്‍-തങ്കമണി ദമ്പതികളുടെ മകന്‍ അഭിജിത്തിന്റെ മൃതദേഹം, ഇഞ്ചക്ഷന്‍ നല്‍കാന്‍ കൈയില്‍ ഘടിപ്പിച്ച കാനുല പോലും നീക്കം ചെയ്യാതെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. അഭിജിത്തിനെ ചികിത്സക്കായി കൊണ്ടുചെന്നതു മുതല്‍ കടുത്ത അവഗണനയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കുടുംബം പറയുന്നു.

ഡിസംബര്‍ 18നാണ് കല്‍പ്പറ്റ ഗവ. ആശുപത്രിയില്‍ അഭിജിത്തിനെ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പിറ്റേന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.