പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്‌കൂളുകളിലും ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയ കേസില്‍ യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍.തിരുവനന്തപുരം ജെ എം അപ്പാര്‍ട്ടുമെന്റില്‍ രണ്ട് ഡി ഫ്ളാറ്റില്‍ ഇന്ദു(സാറ-35),ചേര്‍ത്തല നഗരസഭ 34ാം വാര്‍ഡ് മന്നനാട്ട് വീട്ടില്‍ ശ്രീകുമാര്‍(53) എന്നിവരെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റുചെയ്തത്.
ചേര്‍ത്തല ഡി വൈ എസ് പി. ടി ബി വിജയന്‍, സ്റ്റേഷന്‍ ഓഫീസര്‍ സി വിനോദ് കുമാര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ എസ് ഐ .എം എം.വിന്‍സെന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതുവരെ 38 ഓളം പരാതികളാണ് ഇവര്‍ക്കെതിരെ ചേര്‍ത്തല പോലീസിനു ലഭിച്ചിരിക്കുന്നത്. ചേര്‍ത്തലയിലെയും ആലപ്പുഴയിലെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളടക്കമാണ് തട്ടിപ്പിനിരയായിരിക്കുന്നത്.
സാറയെന്നു വിളിക്കുന്ന ഇന്ദുവാണ് തട്ടിപ്പിലെ മുഖ്യ സൂത്രധാരിയെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കെതിരെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ രണ്ടു സാമ്പത്തിക വഞ്ചനാ കേസുകള്‍ നിലവിലുണ്ട്. വയനാട് അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയില്‍ ഒമ്പതു പേരില്‍ നിന്നായി 18 ലക്ഷം തട്ടിയതായ പരാതിയും എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
യുവതിയുമായി നേരിട്ടു ബന്ധമുളളയാളാണ് മുടിഞ്ഞ ദേശസ്നേഹിയായ ചേര്‍ത്തല സ്വദേശി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് താലൂക്കില്‍ ആര്‍ എസ് എസ് നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ വഴിയാണ് തട്ടിപ്പിനിരയായവര്‍ യുവതിക്കു പണം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. യുവതി തന്റെ മക്കള്‍ക്ക് ജോലി നല്‍കാമെന്നു പറഞ്ഞ് 5.15 ലക്ഷം തട്ടിയെന്നുകാട്ടി ശ്രീകുമാറും പോലീസിനു പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദു പിടിയിലായത്.
ചോദ്യം ചെയ്യലില്‍ ശ്രീകുമാറിനും തട്ടിപ്പുമായി ബന്ധമുണ്ടെന്നു വെളിപ്പെടുത്തലുണ്ടായതോടെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശ്രീകുമാറിനെ ജാമ്യത്തില്‍ വിട്ടു.
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഹോംകോയിലെയും മാനേജ്‌മെന്റ് സ്‌കൂളുകളിലെയും വ്യാജ ലെറ്റര്‍ പാഡുകളില്‍ പ്രവേശന രേഖയടക്കം ഒരുക്കിയും ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇമെയില്‍ വിലാസം ഒരുക്കിയുമാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. യുവതി കുടുങ്ങിയതോടെ ഇവരുടെ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.




