Friday, May 20, 2022

Latest Posts

ഡിസംബർ 22: മലയാള കവിതയിലെ മാമ്പഴമധുരം; വൈലോപ്പിള്ളി ശ്രീധരമേനോൻ ഓർമ്മ ദിനം

✍️ സുരേഷ് സി.ആർ 

“ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറ പേറിയ പാരിൻ
വാരൊളി മംഗള കന്തങ്ങൾ”-

മലയാളകവിതയിൽ ഭാവുകത്വപരമായ യുഗപരിവർത്തനം സൃഷ്ടിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 – 1985). എല്ലുറപ്പുള്ള കവിത” യെന്ന്‌ “കടൽകാക്കകൾ”ടെ അവതാരികയിൽ പി.എ.വാര്യരും, “കാച്ചിക്കുറുക്കിയ കവിത” യെന്ന്‌ നിരൂപകൻ എം.എൻ.വിജയനും വൈലോപ്പിള്ളി കവിതകളെ പൊതുവായി വിലയിരുത്തിയിട്ടുണ്ട്‌.

മധുരനിർമലമായ പ്രഭാതകാന്തി വൈലോപ്പിള്ളിക്കവിതയിൽ പരന്നുകിടക്കുന്നു. ഗ്രാമീണ ജീവിതത്തെ ഇത്രമനോഹരമായി മലയാളിക്ക്‌ പരിചയപ്പെടുത്തിയ മറ്റൊരു കവി ഇല്ലെന്നു തന്നെ പറയാം. ഇടശ്ശേരി, എൻ.വി. എന്നിവർക്കൊപ്പം മലയാളകവിതയ്ക്ക് പുതിയ ദിശാബോധവും നല്കി.
പ്രകൃതിയുടെ കേവല സൗന്ദര്യത്തെ വർണ്ണിക്കുന്നതിന്‌ പകരം പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യമായിരുന്നു അദ്ദേഹത്തിന്‌ പ്രിയങ്കരം. അടിസ്ഥാനവർഗത്തിന്റെ ഭാഗത്ത്‌ നിന്ന്‌ ചിന്തിച്ച വൈലോപ്പിള്ളി എന്നും പുരോഗതിയും അതിനനുസൃതമായി സാമൂഹ്യമാറ്റവും തന്റെ കവിതകളിൽ അവതരിപ്പിച്ചു.

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കവിതകൾ മലയാളത്തിൽ രചിച്ചതും വൈലോപ്പിള്ളിയാണ്.

‘പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം’ എന്ന പുരാവാക്യം തന്റെ കവിതകളിലൂടെ ഈ മഹാകവി ഉയർത്തിപ്പിടിച്ചു.
സ്വാതന്ത്ര്യത്തിന്റെ ‘താഴാത്ത കൊടിപ്പടം’ ആ കവിതകളിൽ ഉയർന്നുപാറി.
പൊട്ടി പുറത്ത് ശീവോതി അകത്ത്, കുരങ്ങുരാമൻ, ശ്രീവത്സം, മാവേലി നാടുവാണീടുംകാലം എന്നീ കവിതകൾക്കുപുറമേ എട്ടോളം കാർട്ടൂൺ കവിതകളും മഹാകവി എഴുതി അക്കാലത്ത്. പശുവും കിടാവും, ബ്ലാക്കൗട്ട്, ബ്രിട്ടീഷുകാർ വാണ കാലത്തെ പോലെ, മുനി, നിങ്ങളും ജനങ്ങളും, ആശുപത്രിയിൽ, ചെന്നായും ആട്ടിൻകുട്ടിയും എന്നിവ ഈ വിഷയത്തിൽ എഴുതപ്പെട്ടവയാണ്. നിശിതമായ നർമത്തിലൂടെ അക്കാലത്തെ ഇന്ത്യ ൽ രാഷ്ട്രീയത്തിന്റെ ഹാസ്യചിത്രം കവി അവയിൽ വരച്ചുവെച്ചു. അധികാരത്തിനും ഏകാധിപതികൾക്കും എതിരെയുള്ള താക്കീത് അതായിരുന്നു അന്ന് വൈലോപ്പിള്ളിക്കവിത.
18-ാം വയസ്സിൽ കവിതയെഴുതിത്തുടങ്ങിയ വൈലോപ്പിള്ളിയുടെ ആദ്യപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു.

1947-ൽ ആദ്യ കവിതാസമാഹാരം, കന്നിക്കൊയ്ത്ത് പുറത്തിറങ്ങി. വിഖ്യാതമായ ‘മാമ്പഴം’, ‘സഹ്യന്റെ മകൻ’, ‘കാക്ക’, ‘ആസാം പണിക്കാർ’ തുടങ്ങിയ രചനകൾ ഈ സമാഹാരത്തിലാണ്.

1950-ൽ രണ്ടാമത്തെ കവിതാസമാഹാരം ‘ശ്രീരേഖ’ പുറത്തിറങ്ങി. 1952-ൽ ഏറ്റവും പ്രശസ്തമായ കവിതാസമാഹാരം ‘കുടിയൊഴിക്കൽ’ പുറത്തിറങ്ങി.

1951-ലും 1959-ലും മലയാളത്തിന്റെ പ്രതിനിധിയായി ഡൽഹി ഭാഷാസമ്മേളനത്തിലും, കവിസമ്മേളനത്തിലും പങ്കെടുത്തു. 1931 മുതൽ പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായിരുന്നു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനും, 1968-71 കാലയളവിൽ കേരള സാഹിത്യ അക്കാദമി അംഗവുമായിരുന്നു.
1947-ൽ മദ്രാസ് സർക്കാറിന്റെ പുരസ്‌കാരം (കന്നിക്കൊയ്ത്ത്), 1951-ൽ എം.പി. പോൾ പുരസ്‌കാരം (ശ്രീരേഖ), 1965-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് (കയ്പവല്ലരി), 1969-ൽ സോവിയറ്റ്‌ലാൽഡ് നെഹ്‌റു അവാർഡ് (കുടിയൊഴിക്കൽ), 1972-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 1971-ൽ ഓടക്കുഴൽ അവാർഡ്, 1977-ൽ എസ്.പി.സി.എസ്. അവാരഡ് എന്നിവ ‘വിട’ എന്ന സമാഹാരത്തിനും, 1981-ൽ വയലാർ അവാർഡും (മകരക്കൊയ്ത്ത്) ലഭിച്ചു.

1981-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി. ഓണപ്പാട്ടുകാർ (1952) കുന്നിമണിക ശ (1954) വിത്തും കൈക്കോട്ടും (1956) കടല്‍ക്കാക്കകശ (1958) കുരുവികൾ (1961), മിന്നാമിന്നി (1981), പച്ചക്കുതിര (1981), മുകുളമാല (1984), കൃഷ്ണമൃഗങ്ങൾ (1986) അന്തി ചായുന്നു (1995), ഋശ്യശൃംഗൻ (നാടകം) അലക്‌സാണ്ടർ (നാടകം) എന്നിവയാണ് മറ്റു പ്രധാന കൃതികൾ. ‘കാവ്യലോകസ്മരണകൾ’ ആത്മകഥാപരമായ കൃതിയാണ്.

 







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.