Friday, May 20, 2022

Latest Posts

‘സാറാസും’, ‘ദിനോസറിൻ്റെ കുട്ടി’യും….!

✍️ സബിത. ബി

കഴിഞ്ഞ ആഴ്ചയാണ് ജൂഡ് ആൻ്റണിയുടെ Sara’s കണ്ടത്. അന്ന ബെന്നും , സണ്ണി വെയ്നും തനത് അഭിനയശൈലിയാൽ മനോഹരമാക്കിയ സിനിമ. പ്രസവിക്കാനും കുഞ്ഞുങ്ങളെ വളർത്താനും താൽപര്യമില്ലെന്നും തൻ്റെ സ്വപ്നം ഒരു സിനിമ സംവിധായിക ആവുകയാണെന്നും വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്ന ചെറുപ്പക്കാരനോട് ഒട്ടും മറയില്ലാതെ തുറന്ന് പറയുന്ന സാറയും, അത് രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതിക്കുന്ന ജീവനും ഇന്നിൻ്റെ പ്രതീകങ്ങളാണ്.

ഒരു സ്ത്രീയുടെ ‘ultimate aim’ അമ്മയാവുക എന്നത് മാത്രമാണെന്നും, പ്രസവിക്കാത്ത സ്ത്രീ സ്ത്രീയേയല്ല എന്നും ഈ കാലത്തും ചിന്തിക്കുന്ന ഒരു വിഭാഗം സമൂഹത്തിന് ഈ സിനിമ സ്വീകാര്യമല്ലായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം സാറ മിടുക്കിയാണ്. സ്വന്തം ജീവിതത്തെയും കരിയറിനെയും ക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള പെൺകുട്ടി. എന്നാൽ, വിവാഹശേഷം ഒരു വർഷം കഴിഞ്ഞ് സാറ ഗർഭിണിയാവുമ്പോൾ കുട്ടികൾ വേണ്ട എന്ന സാറയുടെ തീരുമാനത്തെ അപ്പാടെ സ്വീകരിച്ച് ദാമ്പത്യത്തിലേക്ക് കടന്ന ജീവൻ്റെ മനസ്സ് മാറി ചിന്തിക്കുകയാണ്. അച്ഛനായില്ലെങ്കിൽ എന്തോ കുഴപ്പമുണ്ടെന്ന തോന്നൽ അവനിലുണ്ടാക്കുന്നത് ചുറ്റുമുള്ള പരിഷ്കൃത സമൂഹം തന്നെയാണെന്നതിൽ അത്ഭുതം തോന്നുന്നില്ല.

പരിഷ്കാരം ഇപ്പോഴും പലരിലും വേഷവിധാനങ്ങളിൽ മാത്രമാണ്. മനസ്സും, ശരീരവും 18 -ാം നൂറ്റാണ്ടിൽ തന്നെയാണ്. പക്ഷേ, സിനിമയിൽ സാറ തീരുമാനത്തിലുറച്ച് നിന്ന് കൊണ്ട് അബോർഷനൊരുങ്ങുന്നു. മാതൃത്വത്തിൻ്റെ പവിത്രത, കുട്ടികളില്ലാത്ത ജീവിതം അപൂർണ്ണമാണ് തുടങ്ങിയ ക്ലീഷേ ഡയലോഗുകൾ മുഴുവൻ ഒഴിവാക്കിക്കൊണ്ട് സിനിമയിലെ ഗൈനക്കോളജിസ്റ്റ് (സിദ്ദിഖ് ) സാറയോടും ജീവനോടും സംസാരിക്കുന്നതിങ്ങനെയാണ്. ‘ഒരു സ്ത്രീ മാനസികമായും ശാരീരികമായും അമ്മയാവാൻ തയ്യാറല്ലെങ്കിൽ അവൾക്ക് അബോർഷൻ നടത്താൻ കുഞ്ഞിൻ്റെ അച്ഛൻ്റെ സമ്മതം പോലും ആവശ്യമില്ലെന്ന നിയമം ഇന്ത്യയിലുണ്ട്.’ ആ നിയമം സാധാരണക്കാരായ ജനങ്ങൾക്ക് ഇന്നുമറിയില്ല എന്നും ഓർമ്മപ്പെടുത്തുകയാണ് സിനിമയിലെ യഥാർത്ഥ ഹീറോയായി എനിക്ക് തോന്നിയ ഗൈനക്കോളജിസ്റ്റ്. സാറയുടെ സ്വപ്നങ്ങൾക്ക് എന്നും കൂട്ടുനില്ക്കുന്നത് അവളുടെ അച്ഛനാണെന്നുള്ളതും ശ്രദ്ധേയമാണ്. അമ്മയാവാതെ, സിനിമ സംവിധായിക ആവുക എന്ന തൻ്റെ സ്വപ്നം വിജയസ്മിതത്തോടെ സാക്ഷാത്കരിച്ച സാറയെ ഭർത്താവും വീട്ടുകാരും സമൂഹവും നെഞ്ചിലേറ്റുന്ന കാഴ്ചയിലൂടെ സിനിമ തീരുകയാണ്.

ഇപ്പോഴത്തെ ഭാഷയിൽ ഒരു feel good movie ആയി തോന്നുന്ന ഏറെ സാമൂഹിക പ്രസക്തിയുള്ള ശക്തമായ theme ചർച്ച ചെയ്ത സിനിമ തന്നെയാണ് Sara’s. സിനിമ കഴിഞ്ഞും എന്തോ ഒന്ന് നമ്മിൽ അവശേഷിക്കുന്നതായി തോന്നി. അത് സിനിമയിൽ ഗൈനക്കോളജിസ്റ്റ് തൻ്റെ പരിശോധന മുറിയുടെ വാതിലിനരികെ എഴുതിയ സ്വന്തം വാചകമാണ്. ‘It’s better not to be a parent, than being a bad parent.’ ഒരു മോശം രക്ഷിതാവാകുന്നതിലും നല്ലത് ഒരു രക്ഷിതാവാകാതിരിക്കുന്നതാണ്. എത്ര അർത്ഥപൂർണ്ണമായ വാചകം!!. ഒരു ഗൈനക്കോളജിസ്റ്റിൻ്റെ വാതിലിൽ എഴുതാൻ ഇതിലും നല്ലൊരു വാചകം വേറെ ഏതാണ് ?

വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുന്നേ കുട്ടികളായില്ലേ എന്ന കരുതൽ ചോദ്യവുമായി ദമ്പതികളെ ശ്വാസം മുട്ടിക്കുന്ന വീട്ടുകാരുൾപ്പെടെയുള്ള സമൂഹം അവർക്കൊരു കുട്ടിയുണ്ടായാൽ അതിനെ നന്നായി വളർത്തുന്നുണ്ടോ എന്നന്വേഷിക്കുന്നത് കണ്ടിട്ടേയില്ല ! Parenting നെ കുറിച്ച് ഒരുപാട് ക്ലാസ്സുകളും സെമിനാറുകളും നടക്കുന്ന ഈ കാലത്തും കുഞ്ഞുങ്ങൾ സന്തോഷത്തോടെയാണോ വളരുന്നത് ? അല്ല എന്ന സത്യമാണ് നമ്മൾ പലപ്പോഴും കേൾക്കുന്ന വാർത്തകൾ ഓർമ്മിപ്പിക്കുന്നത് .15 വയസ്സുകാരിയുടെ അമ്മയായ എനിക്ക് തോന്നിയത് Parenting ൽ ഏറ്റവും പ്രധാനം മാതാപിതാക്കളും ,കുഞ്ഞുങ്ങളുമായുള്ള വൈകാരികബന്ധത്തിൻ്റെ തട്ട് മറ്റെന്തിനേക്കാളും ഉയർന്നു നിൽക്കണമെന്നതാണ്. അതിൻ്റെ തീവ്രത കുറയാതെ നോക്കേണ്ടത് രക്ഷിതാക്കളുടെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അങ്ങിനെയാവുന്ന സമയത്ത് ഓരോ അച്ഛനും ,അമ്മയും വായിച്ചിരിക്കേണ്ട ഒരു കഥയാണ് ഇ .ഹരികുമാറിൻ്റെ ‘ദിനോസറിൻ്റെ കുട്ടി’. കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ച കഥാസമാഹാരത്തിലെ ഒരു കഥയാണ്.

സു സു സുധി വാത്മീകത്തിൽ സുധി (ജയസൂര്യ ) പറയുന്നുണ്ട് ‘താരേ സമീൻ പർ’ എന്ന സിനിമ കുട്ടികളെയല്ല രക്ഷിതാക്കളെയാണ് കാണിക്കേണ്ടതെന്ന്. അതേപോലെ, പേര് കേൾക്കുമ്പോൾ ‘ദിനോസറിൻ്റെ കുട്ടി’ കുട്ടികൾക്കുള്ള കഥയാണോ എന്ന് തോന്നുമെങ്കിലും അത് പൂർണ്ണമായും രക്ഷിതാക്കൾക്ക് വേണ്ടി എഴുതിയ കഥ പോലെയാണ് എനിക്ക് തോന്നിയത്. കഥയിൽ രാജീവൻ 6 വയസ്സുള്ള ഒരു കുട്ടിയാണ്. വാടകവീട്ടിൽ താമസിക്കുന്ന രാജീവൻ്റെ അച്ഛൻ മോഹനൻ ഒരു സെയിൽസ് എക്സിക്യൂട്ടീവും അമ്മ ശൈലജ വീട്ടമ്മയുമാണ്. എന്നും പ്രാതൽ സമയത്ത് രാജീവൻ താൻ രാത്രി കാണുന്ന സ്വപ്നങ്ങളെക്കുറിച്ച് അച്ഛനോട് പറയും. രാജീൻ്റെ സ്വപ്ന കഥകളുടെ ശ്രോതാവ് എന്നും അച്ഛനാണ്.

കഥ തുടങ്ങുന്നത് “ഇന്നലെ രാത്രി ദിനോസറിൻ്റെ കുട്ടി വീണ്ടും വന്നു” എന്ന് രാജീവൻ അച്ഛനോട് പറയുന്നിടത്താണ്. ആ ദിനോസറിൻ്റെ കുട്ടി ജനലിലൂടെ കുറേനേരം അവനെ നോക്കിയെന്നും, മിനുമിനുത്ത മുഖമുള്ള അത് ജനലിലൂടെ നാവിട്ട് അവനെ നക്കിയെന്നും, അതിൻ്റെ നാവിന് നല്ല മയമുണ്ടെന്നും, എനിക്കതിനെ ഉമ്മ വെക്കാൻ തോന്നിയെന്നും രാജീവൻ തുടരുന്നു. ഒരുപാട് മൃഗങ്ങൾ സ്വപ്നത്തിൽ വന്ന് അവനെ സ്നേഹിക്കുകയും, ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് രാജീവൻ പറയാറുണ്ടെങ്കിലും ഇത്രയും വലിയ ഒരു ജീവി അവൻ്റെ സ്വപ്നത്തിൽ ജനലിനരികെ വരുന്നത് ആദ്യമായാണെന്ന് മോഹനൻ ചിന്തിക്കുന്നു.10 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഏറ്റവും വലിയ ജീവിയായ ദിനോസറിനെയാണ് കഥയിലെ 6 വയസ്സുകാരൻ ഉറങ്ങുമ്പോൾ തൻ്റെ ജനലിനരികെ കാവലായി സങ്കൽപ്പിക്കുന്നത്.

അവൻ്റെ അത്തരം സ്വപ്നങ്ങളും സങ്കൽപ്പങ്ങളും ഉരുത്തിരിഞ്ഞ് വരുന്നതിൻ്റെ പിറകിലെ യാഥാർത്ഥ്യം അച്ഛനും അമ്മയും മനസ്സിലാക്കുന്നില്ല. രാജീവൻ ഏകമകനാണ്. രണ്ട് വയസ്സു മുതൽ അച്ഛൻ്റെയും അമ്മയുടെയും അടുത്ത് നിന്ന് മാറ്റി കിടത്തപ്പെട്ടവൻ. ഒരു ദിവസം പോലും അച്ഛനോ അമ്മയോ അവനെ കൂടെ കിടത്തി ഉറക്കുന്നില്ല. രണ്ട് വയസ്സു മുതൽ ആ കുട്ടി ഒറ്റയ്ക്ക് ഒരു മുറിയിൽ അവൻ തന്നെ ഉണ്ടാക്കുന്ന തലയിണ കൊണ്ടുള്ള കോട്ടയ്ക്കുള്ളിലാണ്. രാത്രിയിലെ ഒറ്റപ്പെടൽ ,ഇടയ്ക്കുണരുമ്പോൾ ഒന്ന് തൊട്ട് നോക്കാൻ അമ്മയോ അച്ഛനോ അരികിലില്ലാത്ത അവൻ സ്വന്തം ജനലിനരികെ കാവലായി ഭൂമിയിൽ ഇന്നോളം ജീവിച്ചതിൽ ഏറ്റവും വലിയ ജീവിയായ ദിനോസറിൻ്റെ ഒരു കുട്ടിയെ തന്നെ കാവലായി നിർത്തുകയാണ് .അത് അവനെ സ്നേഹത്തോടെ നോക്കുന്നതായും മയമുള്ള നാവിട്ട് നക്കുന്നതായും സങ്കൽപ്പിച്ച് അവനുറങ്ങുകയാണ്.
എന്തിൻ്റെ പേരിലാണ് ഇത്തരം രക്ഷിതാക്കൾ 2 വയസ്സ് മുതൽ ഒരു കുട്ടിയെ തങ്ങളോട് ചേർത്ത് പിടിച്ചുറക്കാതെ മാറ്റി ഒറ്റയ്ക്ക് ഒരു റൂമിലാക്കുന്നത് ? ഒരു ദിവസം രാജീവ്‌ എന്തോ കഥ വായിച്ച് പേടിച്ച് അമ്മയുടെ കൂടെ കിടക്കാൻ വരുമ്പോ അതിന് സമ്മതിക്കാത്ത അമ്മ ശരിക്കും ഒരു രക്ഷിതാവാണോ? കരഞ്ഞുറങ്ങുന്ന സ്നേഹത്തിൻ്റെ ഓമനത്തം മാത്രമുള്ള ആ കുഞ്ഞിനെ നോക്കി ഒരു വേള ആ ദിനോസറായി മാറിയെങ്കിലും കുഞ്ഞിൻ്റെ കവലാവാൻ അച്ഛൻ മോഹനൻ ആഗ്രഹിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഇങ്ങനെയുള്ള രക്ഷിതാക്കളോട് എന്ത് വൈകാരിക അടുപ്പമാണ് കുട്ടികൾക്കുണ്ടാവുക?

ചെറുപ്പകാലങ്ങളിൽ കുഞ്ഞുങ്ങളുടെ മനസ്സിലുണ്ടാവുന്ന ഓരോ മുറിവിനും എത്ര മുതിർന്നാലും ഉണക്കമില്ല. അതിൻ്റെ നീറ്റൽ ചിലപ്പോ കുട്ടിയെ പല സ്വഭാവവൈകൃതങ്ങളിലും കൊണ്ടെത്തിക്കാം. ചേർത്ത് പിടിക്കേണ്ട സമയത്ത് അതിഗാഢമായിത്തന്നെ കുഞ്ഞുങ്ങളെ മാറോടണച്ച് പിടിക്കേണ്ട ഉത്തരവാദിത്തം പൂർണ്ണമായും രക്ഷിതാക്കൾക്കുണ്ട്. ഇല്ലെങ്കിൽ, ദിനോസറിൻ്റെ കുട്ടിയെയോ, വേറെ ഏതെങ്കിലും രൂപത്തിലുള്ള കാവലാൾമാരെയോ തേടി അവർ പോവാം. കുട്ടികളെ സൃഷ്ടിക്കൽ മാത്രമല്ല മാതാപിതാക്കളുടെ ജോലി. അവരുടെ പരിപൂർണ്ണ പാലനം കൂടിയാണെന്നത് മറന്ന് കൂട.

20l8 ൽ നദീൽ ലബാക്കി എന്ന സംവിധായികയിൽ നിന്നും ഉണ്ടായ അതിഗംഭീരവും വാക്കുകൾകൊണ്ട് വർണ്ണിക്കാൻ കഴിയാത്തതുമായ ക്ലാസിക് സിനിമയാണ് Capernaum! ലോകത്തിലെ മുഴുവൻ ആളുകളും കണ്ടിരിക്കേണ്ട സിനിമ! മറ്റൊരു രാജ്യത്ത് അഭയാർത്ഥികളായി കഴിയുന്നവരുടെ കഥ പറയുന്ന സിനിമയിൽ 12 വയസ്സുകാരനായ സെയിൻ എന്ന് പേരുള്ള കുട്ടിയാണ് നായകൻ. അവൻ്റെ അഭിനയം ഓസ്കാറിനും അപ്പുറത്താണെന്നാണ് എനിക്ക് തോന്നിയത്. അവനതിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ഒരു ജോലിയുമില്ലാത്ത അച്ഛനും അമ്മയും കൂടെ 3 അനിയത്തിമാരും. മേൽവിലാസമില്ലാത്ത അഭയാർത്ഥി ജീവിതവും ദാരിദ്ര്യവും. സെയിൻ സിനിമയിൽ ഒരു സീനിലും (except the climax scene) ചിരിക്കുന്നില്ല. അവന് ചിരിക്കാൻ കഴിയില്ല. അമ്മ വീണ്ടും ഗർഭിണിയാണെന്നറിഞ്ഞ അവൻ ഒരു മനുഷ്യാവകാശ പ്രവർത്തക വഴി അച്ഛനും അമ്മയ്ക്കുമെതിരേ കേസ് ഫയൽ ചെയ്യുകയാണ്. കേവലം 12 വയസ്സുള്ള അവൻ കോടതിയോട് വിളിച്ച് പറയുന്നത് എൻ്റെ മാതാപിതാക്കൾ ഇനിയൊരു കുട്ടിയെ ഉണ്ടാക്കരുതെന്നാണ്. അമ്മ ഇനി പ്രസവിക്കരുതെന്ന് പറഞ്ഞാണ് അവൻ കേസ് കൊടുത്തത്. ആ കുട്ടിയുടെ ചിന്തയുടെ, ബുദ്ധിയുടെ ഒരംശംപോലും ആ മാതാപിതാക്കൾക്ക് ഇല്ലാതായിപ്പോയല്ലോ എന്ന് സിനിമ നമ്മെ ചിന്തിപ്പിക്കും. നമ്മളോർക്കും ജനിപ്പിച്ച കുഞ്ഞുങ്ങളെ നോക്കാൻ കഴിയാത്ത സാഹചര്യമുള്ളവർ, സമയമില്ലാത്തവർ, സ്നേഹിക്കാൻ കഴിയാത്തവർ കുഞ്ഞുങ്ങളെ ജനിപ്പിക്കാതിരിക്കുക. വീണ്ടും Sara’s ലേക്ക് വരുമ്പോ ലോകത്തിലെ മുഴുവൻ parents നോടും, ഇനി parents ആവാൻ തയ്യാറെടുക്കുന്നവരോടും പറയാൻ ഇത്രമാത്രം ‍‍….
‘Its better not to be a parent, than being a bad parent.’ 💕


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.