Thu. Apr 25th, 2024

✍️  ലിബി. സി എസ്

ഇരിങ്ങാലക്കുടയെ ചോരകൊണ്ടു ചുവപ്പിച്ച ആചാര ലംഘന കുട്ടംകുളം സമരം നടന്നത് കമ്യൂണിസ്റ്റ് പാർടിയുടെയും എസ്എൻഡിപി യോഗത്തിന്റേയും, പുലയമഹാസഭയുടേയും നേതൃത്വത്തിലായിരുന്നു.

”കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ക്രിമിനല്‍ നടപടി 125-ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതിൽക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയിൽകൂടിയും ഹിന്ദുക്കളിൽ തീണ്ടൽ ജാതിക്കാർ സഞ്ചരിക്കുന്നതിനാൽ ക്ഷേത്രവും അതിനകത്തുള്ള തീർഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാൽ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാൽ മേല്പറഞ്ഞ വഴികളിൽകൂടി തീണ്ടൽ ജാതിക്കാർ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാൽ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു.”
(1946 വരെ കുട്ടംകുളത്തിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ”തീണ്ടൽപ്പലക”യിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു).


കേരളത്തിലെ നവോത്ഥാനപ്പോരാട്ടങ്ങളിൽ അവിസ്മരണീയമായ ഒന്നാണ്‌ ‘കുട്ടംകുളം സമരം’. ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി കമ്മ്യൂണിസ്റ്റ്‌ പാർട്ടി മുൻകയ്യെടുത്ത്‌ കൊച്ചിരാജ്യത്ത്‌ നടത്തിയ ഐതിഹാസിക പ്രക്ഷോഭമായിരുന്നു അത്‌. കൊടിയ ജാതിവിവേചനത്തിൽ അമർഷം പൂണ്ട ആയിരക്കണക്കിന്‌ പേർ 1946 ജൂൺ 23ന്‌ ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിന്‌ മുന്നിലുള്ള ‘തീണ്ടൽപ്പലക’ തൂത്തെറിയാൻ ആവേശത്തോടെ മുന്നേറി. പി ഗംഗാധരനും, കെ വി ഉണ്ണിയുമാണ്‌ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയിരുന്നത്‌. ഈ പ്രകടനത്തിന്റെ മുൻനിരയിൽതന്നെ കാരിരുമ്പിന്റെ കരുത്തുള്ള പെൺപോരാളി പിസി കുറുമ്പയും ഉണ്ടായിരുന്നു

സമരക്കാരെ നേരിടാൻ ഇൻസ്പെക്ടർ ശങ്കുണ്ണിയുടെ നേതൃത്വത്തിൽ നൂറുകണക്കിന്‌ പൊലീസിനെയും എംഎസ്പി ക്കാരെയും വിന്യസിച്ചിരുന്നു. സമരക്കാരും പൊലീസും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. കെ വി ഉണ്ണിയേയും പി ഗംഗാധരനേയും കൈകൾ കൂട്ടികെട്ടി വിളക്കുകാലിൽ കെട്ടിയിട്ട്‌ മർദ്ദിച്ചു. പി സി കുറുമ്പയെയും പൊലീസ്‌ പൊതിരെ തല്ലി. കുറുമ്പയുൾപ്പെടെ 33 പേർക്കെതിരെ കേസെടുത്തു. പിന്നീട്‌ പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷമാണ്‌ കേസ്‌ പിൻവലിച്ചത്‌.

കേരളത്തിലെ കുപ്രസിദ്ധി നേടിയ ജയിലറകളിൽ ഒന്നായി മാറിയിരുന്ന ഇരിങ്ങാലക്കുട സബ്‌ ജയിലിൽ പി സി കുറുമ്പയ്ക്കും പി കെ കുമാരനും ഉണ്ടായ അനുഭവം അതിനുമുൻപോ ശേഷമോ മറ്റാർക്കുമുണ്ടായതായി അറിവില്ല. അതുവരെ ഒരാളോടും പ്രയോഗിച്ചിട്ടില്ലാത്ത പീഡനമുറകളാണ്‌ അവരോട്‌ സർക്കിൾ ഇൻസ്പെക്ടർ യുപിആർ മേനോന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ നരാധനന്മാർ പ്രയോഗിച്ചത്‌. രണ്ടുപേരേയും മർദ്ദിച്ച്‌ അവശരാക്കിയശേഷം നഗ്നരാക്കി അശ്ലീലത്തിന്‌ പ്രേരിപ്പിച്ച ദാരുണമായ സംഭവം ആർക്കും അവിശ്വസനീയമായേ തോന്നൂ. കേവലം ഇരുപത്‌ വയസുപോലും തികഞ്ഞിട്ടില്ലാത്ത പട്ടികജാതി യുവതിക്കുണ്ടായ ദുരനുഭവം ശക്തമായ പ്രതിഷേധത്തിനിടയാക്കി.


തിരു-കൊച്ചി നിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇ ഗോപാലകൃഷ്ണമേനോൻ മുഖ്യമന്ത്രി പറവൂർ ടി കെ നാരായണപിള്ളയോട്‌ കൈചൂണ്ടി രോഷാകുലനായി ഈ സംഭവം വിവരിച്ചപ്പോൾ സഭയിലെ മറ്റംഗങ്ങൾ സ്തബ്ധരായി ഇരിക്കുകയായിരുന്നുവെന്ന്‌ ഗോപാലകൃഷ്ണമേനോൻ അനുസ്മരിക്കുന്നുണ്ട്‌. ജയിലിൽനിന്നും പുറത്തുവന്ന പി കെ കുമാരൻ തങ്ങൾക്കേറ്റ അപമാനത്തെക്കുറിച്ച്‌ ഒരു പത്രപ്രസ്താവന നടത്തി.

പാർട്ടിസംസ്ഥാനകമ്മിറ്റി ശക്തമായ പ്രതിഷേധക്കുറിപ്പ്‌ ഇറക്കി. മലയാറ്റൂർ രാമകൃഷ്ണൻ പത്രാധിപരായ ‘ഇടതുപക്ഷം’ എന്ന വാരികയിൽ പി കെ കുമാരൻ വിശദമായ ഒരു ലേഖനം എഴുതി. എന്നാൽ പൊലീസിനെ അപമാനിച്ചുവെന്നാരോപിച്ച്‌ പി കെ കുമാരനെതിരെ പൊലീസ്‌ കള്ളക്കേസ്‌ ചുമത്തി വീണ്ടും അറസ്റ്റുചെയ്തു.

കുട്ടംകുളം സമരം നടക്കുന്നതിനു തൊട്ടുമുൻപാണ്‌ സമസ്ത കൊച്ചി പുലയ മഹാസഭയുടെ വാർഷിക സമ്മേളനം ഇരിങ്ങാലക്കുടയിൽ വെച്ച്‌ നടക്കുന്നത്‌. പി കെ ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിലാണ്‌ ഈ സമ്മേളനം നടന്നത്‌. പുലയരുടെ ആത്മാഭിമാനം ഉണർത്തിയ ഒരു സമ്മേളനമായിരുന്നു അത്‌. സമ്മേളനത്തോടനുബന്ധിച്ച്‌ പുലയസ്ത്രീകളുടെ ഒരു പ്രകടനം കുട്ടംകുളം പരിസരത്തുകൂടി നടന്നു. ജാതി പിശാചുക്കളായ ഏതാനും സവർണർ അവരെ മുറുക്കിതുപ്പി അപമാനിച്ചു. ചാത്തൻ മാസ്റ്ററുടെ ഭാര്യ കെ വി കാളി, കെ കെ ചക്കി, കെ കെ അയ്യപ്പന്റെ ഭാര്യ കാളി, പി സി കുറുമ്പ എന്നിവരായിരുന്നു പ്രകടനത്തിന്‌ നേതൃത്വം നൽകിയിരുന്നത്‌.

1946 ജൂൺ മുതൽ ജൂലായ് വരെ പല ഘട്ടങ്ങളായി നടന്ന കുട്ടംകുളം സമരത്തിന് ശേഷം ഏറെക്കഴിയും മുമ്പേ കൊച്ചിരാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരവും ഉത്തരവാദ ഭരണ പ്രഖ്യാപനവുമുണ്ടായി.