✍️ ജോർജ്ജ് ബ്രൂണോ
അരിപ്പയിൽ സമരം ചെയ്യുന്ന ഭൂരഹിതരായ കുടുംബങ്ങൾക്ക് അരി നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ച പൊതു പ്രവർത്തകയായ പ്രൊഫസർ കുസുമം ജോസെഫിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത സർക്കാർ നടപടി പിൻവലിക്കുക.
അരിപ്പയിൽ സമരക്കാർക്ക് അരികിട്ടിയിട്ടില്ലെന്നും സർക്കാർ ഇടപെട്ട് അവർക്ക് അടിയന്തരസഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട് 2020ൽ ഏപ്രിൽ 16ന് ഫേസ്ബുക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ മനപ്പൂർവം കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ പ്രൊഫസർ കുസുമം ജോസെഫിന്റെ പേരിൽ കേരള പോലീസ് കേസെടുത്തിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ ഉപയോഗിച്ച മൊബൈൽ ഫോണും അനുബന്ധ ഉപകര ണങ്ങളും സഹിതം 72 മണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ അരിപ്പയിൽ 160 ലേറെ കുടുംബങ്ങൾ lockdown സമയമായതിനാൽ ഭക്ഷണത്തിനു വഴിയില്ലാതെ നരകിക്കുകയാണെന്നും ഭൂമിയില്ലാത്ത ആദിവാസികളും ദളിതരുമാ ണ് അവിടെ കുടിൽ കെട്ടി താമസിക്കുന്നതെന്നും കേരളത്തിലെ അഥിതി തൊഴിലാളികൾക്കും പക്ഷി മൃഗാദികൾക്കും വരെ ഭക്ഷണം ഉറപ്പാക്കാൻ ശ്രമിച്ച സർക്കാർ, ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ഈ മനുഷ്യരെ പരിഗണിക്കാത്തത് വലിയ ക്രൂരതയാണെന്നും അടിയന്തരമായി അവർക്ക് അരിയും ഭക്ഷണസാമഗ്രി കളും എത്തിക്കണം എന്നുമാണ് കുസുമം ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നത്.
ഈ കുറിപ്പിൽ നിരാലംബരാക്കപ്പെട്ട മനുഷ്യരോടുള്ള മാനവീയ സ്നേഹമല്ലാതെ എന്ത് കലാപാഹ്വാനമാണ് ഉള്ളത്? ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന മനുഷ്യർക്ക് സർക്കാർ ഇടപെട്ട് അടിയന്തരമായി ഭക്ഷണം എത്തിക്കണമെന്ന് ഒരു മനുഷ്യാവകാശ പ്രവർത്തക ആവശ്യപെടുന്നത്കൊണ്ട് കേരളത്തിൽ കലാപം പൊട്ടിപുറപ്പെടുമെന്നു വ്യഖ്യാനിക്കുന്നതിലെ ജനാധിപത്യ വിരുദ്ധതയും മനുഷ്യത്വ നിരാസവും ഒരു ജനാധിപത്യ സംവിധാനത്തിനും ചേർന്നതല്ല.
ഉത്തരേന്ത്യയിൽ കഴിഞ്ഞ 7 വര്ഷങ്ങളായി BJP – RSS സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും ന്യൂനപക്ഷ ദളിത് അക്രമങ്ങൾക്കും ജനാധിപത്യ വിരുദ്ധ പ്രവർത്തങ്ങൾക്കുമെതിരെ അഹോരാത്രം പ്രസംഗിക്കുകയും എഴുതുകയും ജാഥകൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാർ നേതൃത്വവും മാർക്സിസ്റ്റ് പാർട്ടിയും അതേ രീതിയിൽ കേരളത്തിലെ മനുഷ്യാവകാശ- സാമൂഹ്യ പ്രവർത്തകർക്കെതിരെ കേസ് എടുക്കുന്നത് കാണുമ്പോൾ ഏത് സർക്കാർ ആണ് കൂടുതൽ ഫാസിസ്റ്റ് മനോഭാവം സ്വീകരിക്കുന്നതെന്ന് ആലോചിച്ചുപോകുന്നു.
ഒരു ജനാധിപത്യ സംവിധാനത്തിൽ ഭരിക്കുന്ന സർക്കാരിനെതിരെ ക്രിയാത്മകമായി വിമർശിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏത് സർക്കാരിനും വിമത ശബ്ദങ്ങൾ ശ്രദ്ധിക്കാനും തെറ്റ് തിരുത്താനും ബാധ്യതയുമുണ്ട്. വിമത ശബ്ദങ്ങളെ പോലീസ് കേസുകളിലൂടെയോ അണികളുടെ മസിൽ പവറിലൂടെയോ ഒതുക്കുമെന്ന് അഹങ്കരിക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സമന്വയങ്ങൾക്കും ഇടവും ജാഗ്രതയും നൽകുന്നതാണ് ജനാധിപത്യത്തിന്റെ രീതി.
ഇടതുപക്ഷ സർക്കാർ ഈ സത്യം തിരിച്ചറിഞ്ഞ് പ്രൊഫസർ കുസുമം ജോസഫിനെതിരെയുള്ള പോലീസ് കേസ് പിൻവലിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


