✍️ സി. ആർ. സുരേഷ്
ലോകമെമ്പാടുമുള്ള മനുഷ്യരെ മുഴുവൻ ഭയപ്പാടിന്റെ കുന്തമുനയിൽ നിർത്തുകയും വായിച്ചവരും അതിനെക്കുറിച്ച് കേട്ടറിയുക മാത്രം ചെയ്തവരും ഒരുപോലെ പേടിച്ച് വിറക്കുകയും ചെയ്ത ഡ്രാക്കുള എന്ന നോവലിന്റെ സ്രഷ്ടാവാണ് ബ്രാം സ്റ്റോക്കർ (1827-1912). മനുഷ്യമനസ്സിലെ ഭയമെന്ന വികാരത്തെ അസാധാരണമായ വശ്യതയും ചാരുതയും നൽകി ആവിഷ്കരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യകതയും വിജയരഹസ്യവും.
നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബ്രാം സ്റ്റോക്കർ ഭാവനാ ശക്തിയും പ്രണയവും ഉൾകൊള്ളുന്ന കൃതികളാണ് തുടക്കത്തിൽ രചിച്ചിരുന്നതെങ്കിലും ‘ഡ്രാക്കുള’ എന്ന ഭീകര നോവലിന്റ സ്രഷ്ടാവ്’ എന്ന പേരിലാണ് പ്രശസ്തനായത്. രക്തരക്ഷസ്സുകളെക്കുറിച്ചുള്ള ഐതീഹ്യങ്ങളിൽ നിന്നും ഉരുതിരിഞ്ഞ ഈ കഥ എല്ലാ രീതിയിലുമുള്ള സാഹിത്യ-സിനിമാ ശാഖകളുടെ അടിസ്ഥാനമായി മാറി.
അപസർപ്പക കഥകളുടെ ആചാര്യനായി ഷെർലക് ഹോംസിന്റെ സ്രഷ്ടാവ് സർ ആർതർ കോനൽ ഡോയലും ശാസ്ത്ര നോവലുകളുടെ തലതൊട്ടപ്പനായി എച്ച്. ജി വെൽസും സാഹസിക കഥകളിലൂടെ റുഡ്യാർഡ് കിപ്ലിങും വായനക്കാരെ വശീകരിക്കുന്ന കാലമായിരുന്നു അന്ന്. ദിനാന്തക്കുറിപ്പുകളുടെ രൂപത്തിൽ എഴുതിയിട്ടുള്ള ഡ്രാക്കുള നോവലിൽ യാഥാർത്ഥ്യതയും, വിശ്വാസ്യതയും ജനിപ്പിക്കാനായി പത്ര വാർത്തകളും, സ്ഥല സൂചകങ്ങളും വൈദ്യശാസ്ത്ര ജ്ഞാനവുമൊക്കെ വളരെ തന്മയത്വ ത്തോടെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. കാലമേറെക്കഴിഞ്ഞിട്ടും നൂറുകണക്കിന് ഭീകര നോവലുകൾ എഴുതപ്പെട്ടിട്ടും ഇന്നും അത്തരം നോവലുകളുടെ ഗണത്തിൽ ഡ്രാക്കുള ഉന്നത ശീർഷത്തോടെ നിലകൊള്ളുന്നു.
അയർലണ്ടിലെ ഡബ്ളിനിൽ ജനനം. ശൈശവത്തിൽ ഏതോ അജ്ഞാത രോഗത്തിന്റെ പിടിയിൽ അകപ്പെട്ട് ഏഴ് വർഷം കിടപ്പിലായിരുന്നു. ഡബ്ളിനിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബി എ ഓണേഴ്സ് ബിരുദം നേടി. എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞ അദ്ദേഹം നാടക നിരൂപകനെന്ന നിലയിൽ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതി പ്രശസ്തനായി. ലണ്ടനിലെ പ്രശസ്തമായ ലൈസിയം തിയേറ്ററിന്റെ ഉടമയും അക്കാലത്തെ പ്രമുഖ നടനുമായിരുന്ന ഹെൻട്രി ഇർവിങുമായുള്ള സൗഹൃദം ജീവിതത്തിലെ വഴിത്തിരിവായി. ലണ്ടനിലെ പ്രമുഖ കലാ കാരന്മാർ, ബുദ്ധിജീവികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കാൻ ഈ സൗഹൃദം വഴി സാധിച്ചു. അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ് സ്റ്റൺ തുടങ്ങിയവർ ഉറ്റ സുഹൃത്തുക്കളായി. ദീർഘകാലം ലൈ സിയം തിയേറ്ററിന്റെ മാനേജരായി പ്രവർത്തിച്ചു.
1875-ൽ ഇറങ്ങിയ ‘ദ പ്രിംറോസ് പാത്ത്’ ആണ് ആദ്യ പുസ്തകം. പിന്നീട് ഇറങ്ങിയ ദ സ്നെയ്ക്ക് പാസ്, ദ വാട്ടേഴ്സ് മൗ, ദ ഷോൾഡർ ഓഫ് ശാസ്ത എന്നിവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
1881-ൽ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ‘അണ്ടർ ദി സൺസെറ്റ്’ ആണ് ആദ്യ ചെറുകഥാസമാഹാരം.
1887-ൽ ഡ്രാക്കുള രചന ആരംഭിച്ചു. 1897-ലാണ് പൂർത്തിയായത്. ട്രാൻസിൽവാനിയ അഥവ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ബ്രാം സ്റ്റോക്കർ ആ പ്രദേശമാണ് കഥയ്ക്ക് പശ്ചാത്തലമാക്കിയത്.
1890-ൽ ഇംഗ്ലണ്ടിലെ വിറ്റ്ബി എന്ന പട്ടണം സന്ദർശിക്കാനിടയായതാണ് ഡ്രാക്കുളയുടെ സൃഷ്ടിക്ക് പ്രചോദനമായത്. കൂടാതെ, പ്രൊഫ. അർമീനിയസ് വാംബെറി എന്ന ബുഡാപെസ്റ്റ്ക്കാരനിൽ നിന്ന് ആദ്യമായി ഡ്രാക്കുളയെക്കുറിച്ച് അറിയുകയും ചെയ്തിരുന്നു.
1887-ൽ ലണ്ടനിൽ ചില അസാധാരണ സംഭവങ്ങൾ നടന്നിരുന്നതായി പറയപ്പെടുന്നു. ക്ലർക്ക് എന്നയാൾ ഒരു പ്രത്യേക രക്തമിശ്രിതം പുറത്തിറക്കിയതായുള്ള പരസ്യം ടൈംസ് പത്രത്തിൽ വന്നിരുന്നു. രക്തം കുടിക്കുന്ന ഒരാളെക്കുറിച്ച് മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളെല്ലാം അദ്ദേഹത്തിന് പ്രചോദനമായി. അതോടൊപ്പം, ജെയിംസ് റൈമറും തോമസ് പ്രസ്റ്റും എഴുതിയ ‘വാർണി ദ വാംപയർ ഓർ ദ ഫീസ്റ്റ് ഓഫ് ബ്ലഡ്’ മേരി ഷെല്ലിയുടെ ‘ഫ്രാങ്കൻസ്റ്റിൻ’ തുടങ്ങിയ കൃതികളും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇതെല്ലാം കൂട്ടിച്ചേർത്താണ് ഡ്രാക്കുള’യ്ക്ക് രൂപം കൊടുത്തത്. ഇതിനുവേണ്ടി യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേയും നാടോടിക്കഥകളും അന്ധവിശ്വാസങ്ങളും പ്രേതകഥകളും ചരിത്രവും അദ്ദേഹം വായിക്കുകയും പഠിക്കുകയും ചെയ്തു.
1903-ൽ ഇറങ്ങിയ ‘ജുവൽ ഓഫ ദ സെവൻ സ്റ്റാർസ്’ ആണ് ഡ്രാക്കുള’യ്ക്ക് ശേഷം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ദ ലെയർ ഓഫ് ദ വൈറ്റ് വേം, ദ മാൻ, ദി ലേഡി ഓഫ് ഷ്രോഡ്, ലേഡി അത്ലിൻ (നോവൽ), സ്നോബൗണ്ട്: ദി റെക്കോഡ് ഓഫ് എ തിയ്യറ്ററിക്കൽ ടൂറിങ് പാർടി, ഡ്രാക്കുളാസ് ഗസ്റ്റ് ആൻഡ് അദർ വെയ്ർഡ് സ്റ്റോറീസ് (കഥകൾ) എന്നിവയാണ് മറ്റു രചനകൾ.

