✍️ സുരേഷ്. സി.ആർ
മലയാള സിനിമയിലെ ഹാസ്യ രംഗങ്ങൾക്ക് കേരളീയ സംസ്കാരം കൊണ്ടുവന്ന നടനായിരുന്നു അടൂർ ഭാസി (1927 – 1990) യഥാർത്ഥ പേര് ഇ.കെ.ഭാസ്കരൻനായർ. എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും സംവിധായകനുമായിരുന്ന അദ്ദേഹം അനുകരിക്കാനാകാത്ത വിധത്തിൽ വൈവിധ്യപൂർണ്ണമായ ഭാവപ്രകടനങ്ങൾ നടത്തി ഒരുകാലത്ത് കാണികളെ വിസ്മയിപ്പിച്ചു.
1953-ൽ പുറത്തിറങ്ങിയ ‘തിരമാല’യാണ് ആദ്യ സിനിമ.1965-ൽ ഇറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, ചട്ടക്കാരി, ലങ്കാദഹനം, ഏപ്രിൽ 18, നഗരമേ നന്ദി, ഉത്തരായനം, കാവ്യമേള, മുറപ്പെണ്ണ്, ഭാര്യഗ്ഗവീനിലയം, കാട്ടുകുരങ്ങ്, അമ്മയെ കാണാൻ, കറുത്ത കൈ, വിരുതൻ ശങ്കു, ലോട്ടറി ടിക്കറ്റ്, സ്ഥാനാർത്ഥി സാറാമ്മ, കാട്ടുകുരങ്ങ്, അരക്കള്ളൻ മുക്കാൽക്കള്ളൻ, കള്ളൻ പവിത്രൻ, ധർമ്മയുദ്ധം തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമായി.

കടുവാ കള്ളക്കടുവാ (മറവിൽ തിരിവ് സൂക്ഷിക്കുക), തള്ള് തള്ള്, ഒരു രൂപാ നോട്ടുകൊടുത്താൽ ഒരു ലക്ഷം കൂടെപ്പോരും (ലോട്ടറി ടിക്കറ്റ്), തലശ്ശേരി ധർമ്മടം (കണ്ണൂര് ഡീലക്സ്), വോട്ടില്ല വോട്ടില്ല കടുവാപ്പെട്ടിക്ക് വോട്ടില്ല (സ്ഥാനർത്ഥി സാറാമ്മ), വെളുത്തവാവിനും (ചക്രവാകം), നീയേ ശരണം (തെക്കൻ കാറ്റ്), മാന്യൻമാരേ മഹതികളേ (ശക്തി), പങ്കജദള നയനേ, ഇരട്ടത്തൂക്കം (കാട്ടുകുരങ്ങ്), ആനച്ചാൽ ചന്ത (ആദ്യകിരണങ്ങൾ) തുടങ്ങിയ ഗാനങ്ങൾ ആലപിച്ച് മലയാളികളെ വിസ്മയിപ്പിച്ചവയാണ്.
1974 -ലും (ചട്ടക്കാരി) 1979 -ലും (ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ) മികച്ച നടനായും 1984 -ൽ മികച്ച രണ്ടാമത്തെ നടനുമുള്ള (ഏപ്രിൽ 18) കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ഇ വി കൃഷ്ണപിള്ള അച്ഛനും, മലയാള നോവൽ സാഹിത്യത്തിന്റെ അമരക്കാരിൽ ഒരാളായ സി വി രാമൻപിള്ള മുത്തശ്ശനുമായിരുന്നു.

