പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേർത്ത് ഭേദഗതിയായി; വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

സ്ത്രീകള്‍ക്കെതിരായി തുടരുന്ന സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയാനെന്നപേരിൽ പോലീസ് ആക്ടിലെ ഭേദഗതിക്കായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് അംഗീകാരം. ഇത് സംബന്ധിച്ച ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. വാറന്റ് ഇല്ലാതെ തന്നെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി. സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേഗഗതിയെന്നാണ് സര്‍ക്കാര്‍ ന്യായം.പക്ഷെ പുതിയ ഭേദഗതി രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കള്ളക്കേസിൽ കുടുക്കി നേരിടാനുള്ള ഉപാധിമാത്രമാണെന്ന് പൊതുവെ ആരോപണം ഉയർന്നുകഴിഞ്ഞു. ഭേദഗതിയിൽ എവിടെയും സ്ത്രീകൾക്കെതിരെയെന്ന് പറയുന്നില്ല. ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തവന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം.

പുതിയ ഭേദഗതി പ്രകാരം ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കുവേണണെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയോ ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പോലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം. അതേസമയം വാര്‍ത്ത വ്യാജമാണോ സത്യസന്ധമാണോയെന്ന് പോലീസിന് എങ്ങനെ കണ്ടെത്താനാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.ഫലത്തിൽ പൗരൻറെ അറിയാനുള്ള അവകാശത്തിന് തടയിടുന്നതും മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാവുന്നതും പോലീസ് ന് അമിതാധികാരം നൽകുന്നതുമാണ് കേരളത്തിൽ മാത്രം ബാധികമായ സൈബർ കുറ്റകൃത്യങ്ങളെ ശരിയാക്കാനുള്ള പുതിയ ഓഡിനൻസ്.