പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ റോഡിൽ തള്ളിയിട്ടു മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത ചേർത്തല സ്വദേശി പിടിയിൽ

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് 32കാരിയെ മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ചേര്‍ത്തല സ്വദേശി ശ്യാം കുമാറാണ് പിടിയിലായത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ശ്യാം കുമാർ സ്ഥിരമായി ശല്ല്യം ചെയ്‌തുവരികയാണെന്നും പരാതിയിൽ പറയുന്നു.

എരമല്ലൂരില്‍ പ്രതിയുടെ വീടിനടുത്താണ് യുവതി ഒരു വർഷം മുമ്പു വരെ വാടകയ്ക്ക് താമസിച്ചിരുന്നത്.ഇയാള്‍ മദ്യപിച്ചെത്തി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് യുവതിയും കുടുംബവും ഇവിടെനിന്നും താമസം മാറി അയ്യപ്പന്‍കാവിലേയ്ക്ക് പോകുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ യുവതി ജോലിക്കു പോകുന്നതിനായി അയ്യപ്പന്‍കാവ് ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് സംഭവം. ശ്യാം കുമാർ യുവതിയെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്.

യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം
ആരംഭിച്ചിരുന്നു. തുടർന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്യംകകുമാർ പിടിയിലായത്.