Tue. Nov 24th, 2026

✍️ സുരേഷ്. സി.ആർ

കേരള നവോത്ഥാനത്തെ സംബന്ധിച്ച് അക്കാദമിക്ക് സമൂഹവും പൊതുസമൂഹവും പുലർത്തിപ്പോന്നിരുന്ന പല ധാരണകളേയും ദലിത് പക്ഷ വായനയുടെ രീതിശാസ്ത്രമുപയോഗിച്ച് ചോദ്യം ചെയ്ത ചിന്തകനായിരുന്നു കവിയൂർ മുരളി.

പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ ജനനം. തിരുവനന്തപുരം ഇന്റർമീഡിയറ്റ് കോളേജ്, തിരുവല്ല മാർത്തോമാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായി മാറി. സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിച്ചു. 1953 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൂർണ്ണസമയ അംഗമായിരുന്നു.

1954-ൽ നടന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സമരത്തിൽ അദ്ദേഹം സജീവമായി പങ്കുവഹിച്ചു. ആ സമരത്തോടു ബന്ധപ്പെട്ട് അറസ്റ്റിനും ഭീകരമായ പോലീസ് മർദ്ദനത്തിനും വിധേയനായി. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അറുത്തുമാറ്റപ്പെട്ടവരാണ് ദളിതർ എന്ന പരാമർശത്തോടെ ആരംഭിക്കുന്ന ‘ദളിത് സാഹിത്യം’ ആണ് അദ്ദേഹത്തിന്റെഏറ്റവും പ്രധാനപ്പെട്ട കൃതി. ദളിതരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ വിജയിച്ച ഈ കൃതിയിൽ മലയാളത്തിലെ ദളിതസാഹിത്യകാരന്മാരെപ്പറ്റിയുള്ള ദീർഘമായ കുറിപ്പുകൾ കാണാം.

വസ്തുനിഷ്ഠമായ പഠനമാണ് ‘പുറനാനൂറ് – ഒരു പഠനം’. ചരിത്ര വിദ്യാർത്ഥികൾക്ക് ലഭിച്ച മികച്ച സംഭാവനയായ ഈ ഗ്രന്ഥം സംഘകാലകൃതിയെ സമഗ്രമായി അദ്ദേഹം വിലയിരുത്തുന്നു. വയൽ‌ച്ചുള്ളികൾ‌, വെളുത്ത, ദർ‌ശനം (കവിത), ദലിതർക്കെഴുതിയ സുവിശേഷം, ദലിത് ഭാഷ (പഠനം), അയ്യങ്കാളിപ്പട, സുഗന്ധി (നോവൽ‌), ദലിത് ഭാഷാനിഘണ്ടു, മ്യൂണിസംക (ആത്മകഥ), ഞെക്കുവിളക്ക് (ഉപന്യാസസമാഹാരം) എന്നിവയാണ് മറ്റു പ്രധാന കൃതികൾ.

ഡൽഹിയിലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ് ലഭിച്ചു. 2003 മുതൽ മലയാള സാഹിത്യ പഠനമേഖലയിലെ മികച്ച സംഭാവനകളുടെ ആദരസൂചകമായി കേരള സാഹിത്യ അക്കാദമിയിലെ ഛായാചിത്രവിഭാഗത്തിൽ‌ ഛായാചിത്രം പ്രദർ‌ശിപ്പിച്ചിട്ടുണ്ട്. 2014 ഒക്ടോബർ 20 ന് അന്തരിച്ചു. 

കവിയൂർ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കി ‘ഒഴുക്കിനെതിരെ’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി സിനിമ, കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്തിട്ടുണ്ട്.