Fri. Mar 29th, 2024

കർത്താവിൻറെ മണവാട്ടിയെ 13 തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും കർത്താവിൻറെ പ്രതിപുരുഷനുമായ കത്തോലിക്കാസഭയുടെ സഹനദാസൻ പീഡിത മിശിഹാ ഫ്രങ്കോ വിഷപ്പന്റെ വിടുതൽ ഹർജി സുപ്രീം കോടതിയും തളളി.ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും വിടുതല്‍ ഹരജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണം എന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

ഫ്രാങ്കോക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് മുഗൾ റോഹ്ത്തഗി എന്ന ഏറ്റവും വില കൂടിയ വക്കീലാണ്. കേസു കേട്ടതു ചീഫ് ജസ്റ്റിസ് ബോബ്ഡെ അടക്കമുള്ള ഡിവിഷൻ ബഞ്ചും. എന്നിട്ടും പെറ്റീഷൻ ഫയലിൽ പോലും സ്വീകരിച്ചില്ല.

ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും റോമിലെ രാജാധിരാജൻറെ സാമന്തരാജാവാണെന്ന് സങ്കൽപ്പിച്ച് കിരീടവും ചെങ്കോലും കാനോൻ നിയമവും ഒക്കെയായി നടന്നത് മാത്രം മിച്ചം. സ്ത്രീകളെ പീഡിപ്പിച്ചാൽ ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ദൈവത്തിന്റെകോടതിയിലല്ല മനുഷ്യൻറെ കോടതിയിൽ തന്നെ വിചാരണ നേരിടണം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് രാജ്യത്തെ പരമോന്നത കോടതിയിലും തിരിച്ചടിലഭിച്ചെങ്കിലും കത്തോലിക്കാസഭ മാത്രം വിഷപ്പിനെ വിടാതെ പിടിച്ചിരിക്കുകയാണ്. ഹര്‍ജിയിലെ വാദങ്ങള്‍ ഒന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല. കോടതി തീരുമാനത്തെ എതിർക്കാൻ ശ്രമിച്ച ഫ്രാങ്കോയുടെ അഭിഭാഷകനോട് “ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമമെന്ന്” ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചോദിക്കുകയും ചെയ്തു.

ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം. തനിക്കെതിരെ തെളിവുകളില്ല. കേസിന് പിന്നില്‍ വ്യക്തിവിദ്വേഷമാണ്. കന്യാസ്ത്രീയുടെ സാമ്പത്തിക ഇടപാടുകള്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായി. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമുണ്ട്.എന്നൊക്കെയായിരുന്നു ഫ്രാങ്കോയുടെ വാദം എന്നാല്‍ കോടതി ഇതൊന്നും അംഗീകരിച്ചില്ല. വിചാരണ വൈകിപ്പിക്കാനാണ് വിടുതല്‍ ഹര്‍ജിയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്. ഫ്രാങ്കോയുടെ വിടുതല്‍ ഹരജി സുപ്രീംകോടതി നിരുപാധികം തള്ളി. ബലാത്സംഗ കേസിൽ പ്രതിയായ ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.

‘വിഷ’പ്പ് ഫ്രാങ്കോ മുളക്കലിന്റെ വിടുതല്‍ ഹര്‍ജി നേരത്തെ കോട്ടയം ജില്ലാസെഷൻസ് കോടതിയും കേരളാ ഹൈക്കോടതിയും തള്ളിയിരുന്നു. വിചാരണ നേരിടാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയില്‍ ഫ്രാങ്കോ ഹാജരായിരുന്നില്ല ഇതേ തുടര്‍ന്ന് വിഷപ്പിന് അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ജാമ്യമില്ലാ വാറന്റ് പുറപ്പടിവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആണ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

കുറവിലങ്ങാട് മഠത്തിന്റെ 20 ാം നമ്പര്‍ മുറിയിലേക്ക് രാത്രി 10.45 ന് കടന്നു ചെന്നു മുറിയുടെ കതകടച്ചു കുറ്റിയിട്ട് കർത്താവിൻറെ മണവാട്ടിയുടെ മടിക്കുത്തഴിച്ച പരിശുദ്ധ ഫ്രാങ്കോ പിതാവിനുമുന്നിൽ ഇപ്പോൾ വാതിലുകൾ ഓരോന്നായി അടയുകയാണ്. കള്ളങ്ങൾ പൊളിയുകയാണ്. വിടുതൽ ഹർജിയുമായി കയറിയിറങ്ങിയ സകല കോടതികളും ഹർജി തള്ളി. പ്രഥമ ദൃഷ്ട്യാ ബലാൽസംഘക്കേസിൽ കഴമ്പുണ്ടെന്ന് രാജ്യത്തെ പരമോന്നത കോടതിക്കും ഇപ്പോൾ ബോധ്യമായി.

ഇനിയും ഇതു തിരിച്ചറിയാത്ത ഒരേയൊരു പ്രസ്ഥാനം കത്തോലിക്കാ സഭ മാത്രമാണ്. 2020ൽ CBCl പുറത്തിറക്കിയ ഡയറക്ടറിയിൽ ബിഷപ്പ് ഓഫ് ജലന്ധർ എന്ന സ്ഥലത്ത് ഫ്രാങ്കോ മുളക്കൽ എന്നാണ് പേര്. സഭാധികാരികൾ എത്രമാത്രം അധപതിച്ചു എന്നതിൻ്റെ നേർസാക്ഷ്യമാണിത്.

ഫ്രാങ്കോ ഫാൻസും കത്തോലിക്കാസഭയും മുൻപ് തന്നെ സഹനദാസൻ വിഷപ്പ് ഫ്രാങ്കോ നിരപരാധിയാണെന്നും വിഷപ്പന്മാരേയും കത്തനാർമാരെയും വഴിതെറ്റിക്കുന്നത് ദുഷ്ടാരൂപിയായാണെന്നും. ദുഷ്ടാരൂപിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി വിഷപ്പ് ഫ്രാങ്കോയെ മാപ്പ് സാക്ഷിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് സോഷ്യൽമീഡിയയിൽ വ്യാപക പ്രചരണം നടത്തിയിരുന്നു. എന്നാൽ ദുഷ്ടാരൂപിയെ പ്രതിയാക്കാൻ ഇൻഡ്യൻ പീനൽകോഡിൽ വകുപ്പില്ലാതിരുന്നതിനാലും SOS കേസിൻറെ പിന്നാലെതന്നെ ഉള്ളതിനാലും ഫ്രാങ്കോയെ മാപ്പുസാക്ഷിയാക്കാൻ പോലീസ് തയാറാകാതിരുന്നതിനാലാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. മനുസ്മൃതിയും മൃഗബലിയുമൊക്കെ കേൾക്കാൻ തയാറാകുന്ന ഹൈക്കോടതി പക്ഷെ ദുഷ്ടാരൂപിയെ പറ്റി കേൾക്കാൻ തയാറായില്ല. തുടർന്നാണ് വിഷപ്പ് ]അ’ നീതിക്കായി സുപ്രീംകോടതിയെ ആശ്രയിച്ചത്. സഹനദാസനുവേണ്ടി കുഞ്ഞാടുകളെല്ലാം ദുഷ്ടാരൂപിയെ പ്രതിയാക്കി ഫ്രാങ്കോയെ മാപ്പുസാക്ഷിയാക്കാനായി മുട്ടിപ്പായി പ്രാർത്ഥിച്ചെങ്കിലും കോടതി പെറ്റീഷൻ ഫയലിൽ പോലും സ്വീകരിച്ചില്ല.

കുറവിലങ്ങാട്ടെ മഠത്തിൽ വച്ച് 2014നും 2016നും ഇടയിൽ തന്നെ 13 തവണ ബിഷപ്പ് ഫ്രാങ്കോ,മെത്രാനെന്ന അധികാരം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി. ബലാത്സംഗക്കുറ്റത്തിനു പുറമെ അധികാര ദുര്വിനിയോഗം, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ, അധികാരത്തിനു കീഴിലുള്ള സ്ത്രീയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളും ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്.