കൊല്ലം അഞ്ചൽ എറത്ത്, ഏറംവെള്ളശ്ശേരിൽ വീട്ടിൽ ഉത്ര എന്ന പെണ്കുട്ടിയെ മേയ് 7, ന് രാത്രിയിൽ പാമ്പ് കടിപ്പിച്ച സംഭവത്തിൽ ഭർത്താവ് അടൂർ പറക്കാട് സ്വദേശി സൂരജ് മനപൂർവ്വം പാമ്പിനെ കൊണ്ടു കടിപ്പിക്കുകയും അതേ ദിവസം മൂർഖൻ പാമ്പിനെ കൊല്ലുകയും കുഴിച്ചിടുകയും ചെയ്ത സംഭവത്തിലും കൊല്ലം എസ്പിക്കും വൈൽഡ് ലൈഫ് വിജിലൻസിനും പരാതി.ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രെഷൻ ജനറൽ സെക്രട്ടറി ഏയ്ഞ്ചൽസ് നായർ ആണ് പരാതി നൽകിയിരിക്കുന്നത്.
ഉത്ര കൊലക്കേസിലെ പ്രതി സൂരജിന് മൂർഖൻ പാമ്പിനെ നൽകിയത് കല്ലുവാതുക്കൽ സുരേഷ് എന്ന പാമ്പു പിടുത്തക്കാരൻ ആണെന്നും ഔദ്യോഗികമായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തിൽ ഈ സംഭവങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവം നടക്കുന്നതിന് മുമ്പ് അടൂരിൽ വച്ച് ഉത്രയെ ഒരു അണലിയെ കൊണ്ടു കടിപ്പിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

മൂർഖൻ അണലി എന്നീ പാമ്പുകൾ വന്യജീവി സംരക്ഷണ നിയമം -1972 പ്രകാരം schedule – 2 ൽ ഉൾപ്പെടുന്ന ജീവികൾ ആണ്. ഈ ജീവികളെ കൊല്ലുകയോ കൈവശം വെക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം 3 വർഷം വരെ തടവും പിഴയും 50 രൂപക്ക് മേൽ വിലയുള്ള ഒരു ജീവിയെ കൊന്നാൽ IPC 429 പ്രകാരം 5 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
ആയതിനാൽ സൂരജിനും പാമ്പു പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിനും മറ്റ് ഏതെങ്കിലും പ്രതികൾ ഉണ്ടെങ്കിൽ അവർക്കെതിരെയും വന്യജീവി സംരക്ഷണ നിയമം -1972 പ്രകാരവും IPC 429 പ്രകാരവും നിയമനടപടികൾ സ്വീകരിക്കണം എന്ന് ആനിമൽ ലീഗൽ ഫോഴ്സ് ഇന്റഗ്രെഷൻ നൽകിയ പരാതിയിൽ പറയുന്നു.

