കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഹോട്ടൽ അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികളും അവരുടെ കുടുംബവും ദാരിദ്ര്യത്തിലാണെന്നും ഇവരുടെ വിഷയത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നും കേരള ഹോട്ടൽ തൊഴിലാളി യൂണിയൻ (ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, കാറ്ററിങ് കാന്റീൻ, ഫുഡ്കോർട്ട്, ഫാസ്റ്റഫുഡ് തൊഴിലാളികളുടെ ഐക്യകൂട്ടായ്മ) കോ ഓർഡിനേറ്റർ ബിജോയ് തിരുവല്ല ആവശ്യപ്പെട്ടു.
കേരളത്തിലെ ഹോട്ടൽ മേഖലയിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്നു. കോവിഡ് 19 കേരളത്തിൽ പടരുന്നതിന് മുൻപേ ഹോട്ടലുകളിൽ പലതും അടയ്ക്കുന്ന സ്ഥിതി ഉണ്ടായി. കേരളത്തിലെ ഹോട്ടൽ മേഖലകളിൽ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗം പേരും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്.ലോക്ക് ഡൗൺ നീളുന്നതുമൂലം മിക്ക തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലും ബുദ്ധിമുട്ടിലുമാണ്. ഹോട്ടൽ തൊഴിലാളികളിൽ ബഹുഭൂരിപക്ഷത്തിനും ക്ഷേമ നിധിയോ ലേബർ രജിസ്ട്രേഷനോ ഇല്ലാത്തവരാണ് അതുകൊണ്ട് തന്നെ സർക്കാർ പ്രക്യപിച്ച സഹായങ്ങൾ ഒന്നും തന്നെ ലഭിക്കില്ല എന്ന അവസ്ഥയിലാണ് ഉള്ളതെന്ന് ബിജോയ് തിരുവല്ല പറഞ്ഞു.
കോവിഡ് വ്യാപന ഭീതി അകലുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നുണ്ടെങ്കിലും ഹോട്ടൽ മേഖലക്ക് ആ ഇളവുകൾ ലഭിക്കുന്നില്ല എന്നതിനാൽ ഹോട്ടൽ തൊഴിലാളികളുടെ അവസ്ഥ ഇതുപോലെ തുടരാനാണ് സാധ്യത. കേരളത്തിൽ തൊഴിലുടമകളുടെ ഭാഗത്ത് നിന്നും യാതൊരു വിധ സഹായങ്ങളും ഈ സമയത്ത് തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ജീവിതോപാധികൾ നഷ്ടമായി പട്ടിണിയിലാകുന്ന ഹോട്ടൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂലമായ നടപടികൾ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ടുറിസം മേഖലയുടെ സർവ്വതോന്മുഖമായ വളർച്ചക്കും സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതക്കും സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ വളർച്ചക്കും വളരെയേറെ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നവരാണ് ഹോട്ടൽ തൊഴിലാളി സമൂഹം.കേരളത്തിൽ കോവിഡ് 19 മഹാമാരി മൂലം ജനങ്ങൾ ആകെ ബുദ്ധിമുട്ടിൽ ആണെങ്കിലും അവരുടെയെല്ലാം തൊഴിൽ മേഖലകളിൽ ക്ഷേമനിധി പോലുള്ള ആനുകൂല്യങ്ങൾ ഉള്ളതിനാൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം അവർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ യാതൊരുവിധ സഹായങ്ങളും ലഭിക്കാതെ പട്ടിണിയിലായ ഹോട്ടൽ മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് കേരളാ ഗവൺമെന്റ് അടിയന്തിരമായി ഇടപെടണമെന്ന് ബിജോയ് തിരുവല്ല അഭ്യർത്ഥിച്ചു.
