Fri. Mar 29th, 2024

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസങ്ങളിലായി സംഘി ഭീകരർ നടത്തിയ വംശഹത്യയിലും കൊള്ളിവെപ്പിലും ഇരകളായവരിൽ ബി ജെ പിയുടെ മുസ്ലിം നേതാവും. ഭാരതി വിഹാര്‍ റോഡിലുള്ള ബി ജെ പി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അക്തര്‍ റാസയുടെ വീടാണ് ജയ്ശ്രീ റാം വിളിച്ചെത്തിയ അക്രമികള്‍ കത്തിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അക്തര്‍ റാസയുടേയും അയല്‍വാസികളുടേതുമടക്കം 19 മുസ്ലിം വീടുകള്‍ ചുട്ടെരിക്കപ്പെട്ടത്. മതപരമായ മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികള്‍ കല്ലെറിഞ്ഞ ശേഷം വീട്ടു സാധനങ്ങളെല്ലാം അടിച്ച് തകര്‍ത്ത് തീയിടുകയായിരുന്നു.

അക്രമം തുടങ്ങിയ ഉടന്‍ താന്‍ പോലീസ് സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് അക്തര്‍ റാസ പറഞ്ഞു. പോലീസ് അവിടെ നിന്ന് പോകാന്‍ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. പ്രദേശത്ത് 19 മുസ്ലിം വീടുകളാണുണ്ടായിരുന്നു. എല്ലാം തിരഞ്ഞ് പിടിച്ച് ചുട്ടെരിച്ചു. പ്രദേശത്തുള്ള ചിലര്‍ അക്രമികള്‍ക്ക് മുസ്ലിം വീടുകള്‍ കാണിച്ച് കൊടുക്കുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. തന്റെ വീടിന് പുറമെ ആറ് ബൈക്കുകളും കത്തിച്ചെന്നും റാസ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ബി ജെ പിയുടെ സജീവ പ്രവര്‍ത്തകനാണ് താന്‍. എന്നാല്‍ അക്രമം നടന്ന ശേഷം ബി ജെ പി നേതാക്കളാരും തന്നെ ബന്ധപ്പെടുകയോ, ഒരു ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീടിന് മുമ്പില്‍വെച്ചാണ് ധാരാളം മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും റാസ കൂട്ടിച്ചേര്‍ത്തു.