പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്‌സിംഗും. പൗരത്വ നിയമ ദേഭഗതിക്കെതിരായ സമരത്തിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകര്‍ പണം കൈപ്പറ്റിയെന്ന ആരോപണം പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് തനിക്ക് പണം ലഭിച്ചിട്ടുണ്ടെന്ന് കബില്‍ സിബല്‍ സമ്മതിച്ചു. എന്നാല്‍ അത് ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണെന്നും അദ്ദേഹം വിശദീകരിച്ചു. 2017 ഓഗസ്റ്റ് നാലിനും 2018 മാര്‍ച്ച് എട്ടിനുമാണ് പണം ലഭിച്ചത്. 2018 മാര്‍ച്ചിന് മുമ്പായി മുഴുവന്‍ തുകയും ലഭിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ താൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ഒരാവശ്യത്തിനും ഒരു കാലത്തും പണം കൈപ്പറ്റിയിട്ടില്ലെന്ന് ഇന്ദിരാ ജെയ്‌സിംഗ് വ്യക്തമാക്കി. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ ആരോടും പണം കൈപ്പറ്റിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു ആരോപണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടും ആരോപണം നിഷേധിച്ചു. ഹാദിയ കേസുമായി ബന്ധപ്പെട്ട വക്കീല്‍ ഫീസാണ് അഭിഭാഷകര്‍ക്ക് നല്‍കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.
https://newsgile.com/2020/01/28/received-money-for-appearing-in-hadiya-case-kapil-sibal-and-indira-jaising-rejects-reports-claiming-that-pfi-paid-money-for-anti-caa-protest/