Thu. Mar 28th, 2024

കാസർകോട് മിയാപ്പദവ്‌ വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീയുടെ കൊലപാതകത്തിനു പിന്നില്‍ കാസര്‍ഗോഡ്‌ അതിര്‍ത്തി മേഖലയില്‍ നിലനിൽക്കുന്ന ദുര്‍മന്ത്രവാദവും നഗ്നനാരീപൂജയുമെന്നു സംശയം. കേസില്‍ സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ ആസാദ്‌ റോഡിലെ കെ. വെങ്കിട്ടരമണ കാരന്തര(41), സഹായി മിയാപദവ്‌ സ്വദേശി നിരഞ്‌ജന്‍കുമാര്‍ എന്ന അണ്ണ(22) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു.

കര്‍ണാടകയിൽ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ കാസര്‍ഗോഡ്‌ അതിര്‍ത്തി മേഖലയില്‍ ശക്‌തമായി നിലനില്‍ക്കുന്നുണ്ട്‌. ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളില്‍ ശക്‌തമാണ്‌. കര്‍ണാടകത്തില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ മനുഷ്യത്വത്തിനു നിരക്കാത്ത ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്‌താല്‍ ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ വ്യവസ്‌ഥ ചെയ്യുന്ന നിയമം കഴിഞ്ഞ ദിവസമാണ്‌ സര്‍ക്കാര്‍ പാസാക്കിയത്‌.

വെങ്കിട്ടരമണയുടെ വീട്ടിനകത്ത്‌ സൂക്ഷിച്ച വീപ്പയിലെ വെള്ളത്തില്‍ രൂപശ്രീയെ മുക്കിക്കൊന്നശേഷം കടലില്‍ത്തള്ളിയതാണെന്നാണ്‌ അന്വേഷണസംഘം കണ്ടെത്തിയത്‌. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന വെങ്കിട്ട രമണയ്‌ക്ക്‌ ഈയിനത്തില്‍ ധാരാളം പണം ലഭിച്ചിരുന്നു. അതിനാല്‍ത്തന്നെ രൂപശ്രീയെ വെങ്കിട്ടരമണ സാമ്പത്തികമായി സഹായിക്കുകയും ചെയ്‌തിരുന്നു. ഇതാണ്‌ ഇവര്‍ തമ്മിലുള്ള അടുപ്പത്തിനു കാരണം. എന്നാല്‍, സമീപകാലത്ത്‌ രൂപശ്രീ വല്ലാതെ ഭയപ്പെട്ടിരുന്നതായാണ്‌ മകനും ബന്ധുക്കളും പറയുന്നത്‌. ഈ ഭയത്തിന്‌ മന്ത്രവാദവുമായി ബന്ധമുണ്ടോ എന്ന സംശയം പോലീസിനുണ്ട്‌. എന്നാല്‍, രൂപശ്രീക്ക്‌ മറ്റൊരാളുമായുള്ള അടുപ്പമാണ്‌ കൊലപാതകത്തിലേക്കു നയിച്ചതെന്ന മൊഴിയില്‍ വെങ്കിട്ട രമണ ഉറച്ചു നില്‍ക്കുകയാണ്‌.

ജനുവരി പതിനാറിന്‌ കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന്‌ പുലര്‍ച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണു കണ്ടെത്തിയത്‌. വെള്ളം ഉള്ളില്‍ച്ചെന്നാണു മരണമെന്നാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്‌. പിടിയിലായ വെങ്കിട്ടരമണയെ മഞ്ചേശ്വരം പോലീസ്‌ പലതവണ ചോദ്യംചെയ്‌തു വിട്ടതാണ്‌.

നാട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ രണ്ടുദിവസം മുമ്പാണു കേസ്‌ ക്രൈംബ്രാഞ്ചിനു വിട്ടത്‌. ലഭ്യമായ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ക്രൈംബ്രാഞ്ച്‌ നടത്തിയ നിരന്തരചോദ്യം ചെയ്യലിൽ വെങ്കിട്ട രമണ കുറ്റം സമ്മതിച്ചു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ജനുവരി 13 മുതല്‍ ഇയാള്‍ സ്‌കൂളില്‍നിന്ന്‌ അവധിയെടുത്തു. എന്നാല്‍, ഈ അവധിയും മന്ത്രവാദവുമായി ബന്ധപ്പെട്ടതാണോയെന്നും സംശയമുണ്ട്‌. പ്രതിയുടെ മൊഴിക്കൊപ്പം ദുര്‍മന്ത്രവാദം നടന്നിരിക്കാനുള്ള സാധ്യതകളും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. രൂപശ്രീയുടെ മൃതദേഹത്തില്‍ വസ്‌ത്രങ്ങളില്ലാതിരുന്നത്‌ നഗ്നനാരീപൂജ നടന്നതുകൊണ്ടാകാമെന്നു പോലീസ്‌ സംശയിക്കുന്നു. മുടി മുറിച്ചുമാറ്റിയതും ആഭിചാര കര്‍മത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്‌.

കൊലപാതകം നടത്തുന്നതിന്‌ വെങ്കട്ട രമണ സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തതും ദുര്‍മന്ത്രപൂജകളുടെ സാധ്യതയ്‌ക്ക്‌ ആക്കം കൂട്ടുന്നു. വിവിധ സ്‌ഥലങ്ങളില്‍ വെങ്കിട്ട രമണ പൂജകള്‍ക്കായി പോകുമ്പോള്‍ സഹായിയായി കൂടെ ചെല്ലാറുള്ള നിരഞ്‌ജനും കൃത്യം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. ബ്രാഹ്‌മണരുടെ ഗൂഢപൂജകളില്‍ ബലി നടത്തുന്നതിന്‌ ആയുധമുപയോഗിക്കാതെ പകരം ശ്വാസംമുട്ടിച്ച്‌ കൊല്ലുന്ന രീതിയാണ്‌ അവലംബിക്കാറെന്നും പറയപ്പെടുന്നു.

മിയാപദവ്‌ ആസാദ്‌ നഗറിലെ വെങ്കിട്ട രമണയുടെ വീടിനെപ്പറ്റിയും സമീപവാസികള്‍ സംശയം ഉന്നയിക്കുന്നുണ്ട്‌. നിഗൂഡത ഏറെയുള്ള വീടിനകത്ത്‌ അഗ്നികുണ്ഡവും മന്ത്രവാദക്കളവുമുണ്ട്‌. പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന്‌ വലിയൊരു മുറിയുണ്ട്‌. കൊലപാതകത്തിനു ശേഷം രൂപശ്രീയുടെ മൃതദേഹം സൂക്ഷിച്ച കാറില്‍ പ്രതിയും കുടുംബവു സഞ്ചരിക്കുകയും പിന്നീട്‌ കൂട്ടുപ്രതിയുമായി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുകയും ചെയ്‌തിരുന്നു. ഇത്തരം മാനസികാവസ്‌ഥ കൊടും കുറ്റവാളികള്‍ക്ക്‌ പോലുമുണ്ടാകാത്തതാണെന്നു പോലീസ്‌ പറയുന്നു.

ജനുവരി 16ന്‌ രൂപശ്രീ വിവിധ ആവശ്യങ്ങളുടെ പേരില്‍ ഉച്ചയ്‌ക്കു ശേഷം സ്‌കൂളില്‍നിന്ന്‌ അവധിയെടുത്തിരുന്നു.വഴിയില്‍ കാത്തുനില്‍ക്കാമെന്ന്‌ വെങ്കിട്ട രമണ നേരത്തേ തന്നെ രൂപശ്രീയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. രൂപശ്രീ സ്‌കൂട്ടറില്‍ പോകുമ്പോള്‍ അല്‍പ്പം പിന്നിലായി വെങ്കിട്ട രമണയുടെ കാറും പോകുന്നതിന്റെ സിസി ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. നിരഞ്‌ജനും കാറില്‍ ഒപ്പമുണ്ടായിരുന്നു. ദുര്‍ഗിപ്പള്ള എന്ന സ്‌ഥലത്തെത്തിയപ്പോള്‍ രൂപശ്രീ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തുകയും കാറില്‍ കയറി വെങ്കിട്ട രമണയുടെ വീട്ടിലേക്കു പോവുകയുമായിരുന്നു.

തനിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‌ ഉത്തരവാദി വെങ്കി ട്ടരമണയായിരിക്കുമെന്ന്‌ അമ്മ പറഞ്ഞിരുന്നതായി രൂപശ്രീയുടെ മകന്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കാര്യമായ തെളിവുകളൊന്നും ഇല്ലാതിരുന്ന കേസിലാണ്‌ സൂക്ഷ്മമായ അന്വേഷണത്തിലൂടെ പ്രതികളെ ജില്ലാ ക്രൈംബ്രാഞ്ച്‌ കുടുക്കിയത്‌.