Fri. Mar 29th, 2024

നേപ്പാളില്‍ വിഷവായു ശ്വസിച്ച് മരിച്ച എട്ടു മലയാളികളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എട്ട് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. എല്ലാ മൃതദേഹങ്ങളും ഒരു വിമാനത്തില്‍ തന്നെയാണ് എത്തിക്കുക. നേരത്തെ രണ്ട് വിമാനങ്ങളില്‍ കൊണ്ടുവരാന്‍ ആലോചിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരത്തിന് എത്തിയ മലയാളികള്‍ക്ക് ദാരുണാന്ത്യമുണ്ടായത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുയര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണം.

ദുരന്തം അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗസംഘത്തെ നിയോഗിച്ചു.15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. മരണത്തിന് കാരണം റിസോർട്ടുകാരുടെ അനാസ്ഥയെന്നു കാട്ടി രഞ്ജിത്തിന്റെ ബന്ധു എൻ.പി.ശ്രീജിത്ത് നേപ്പാളിലെ ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകി.

മൈനസ് ഡിഗ്രിയായിരുന്നു താപനില. ബെഡ് ഹീറ്റർ പ്രവർത്തിക്കാത്തതിനാൽ മുറിയിൽ ടവർ ഹീറ്റർ വയ്ക്കാമെന്ന് മാനേജർ പറയുകയായിരുന്നു. ഹീറ്ററുള്ളതിനാലാണ് രണ്ടു കുടുംബങ്ങളും ഒരു മുറിയിൽ താമസിച്ചതെന്നും ചൂണ്ടിക്കാട്ടി. അന്വേഷണം കാര്യക്ഷമമാകാൻ ഇന്ത്യൻ എംബസി ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

എന്നാൽ തങ്ങൾ എതിർത്തിട്ടും നിർബന്ധിച്ച് ടവർ ഹീറ്റർ മുറിയിൽ വയ്പ്പിച്ചുവെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. ജനലോ വാതിലോ തുറന്നിട്ടിരുന്നെങ്കിൽ അപകടം ഒഴിവാകുമായിരുന്നെന്ന് പൊലീസ് പറയുന്നു.