Fri. Mar 29th, 2024

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ചേർത്തലയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് തീരുമാനമടുത്തത്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടിയെന്ന് വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.20 അംഗ കൗൺസിലിൽ സുഭാഷ് വാസു ഒഴികെയുള്ള 19 പേരും പങ്കെടുത്തു.

സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് സുഭാഷ് വാസുവിനെ നീക്കം ചെയ്യാൻ ബി.ജെ.പി നേതൃത്വത്തിന് കത്ത് നൽകും. നടപടിക്ക് മുന്നോടിയായി നേരത്തെ നൽകിയ കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയെങ്കിലും സുഭാഷ് വാസു മറുപടി നൽകിയിരുന്നില്ല. സമാന്തര പ്രവർത്തനമെന്ന സുഭാഷ് വാസുവിന്റെ അവകാശവാദം സ്വപ്നം മാത്രമാണ്. കണക്കുകൾ നിരത്തി രേഖകൾ സഹിതമാണ് സുഭാഷ് വാസുവിന്റെ 122 കോടിയുടെ തട്ടിപ്പിന്റെ കാര്യങ്ങൾ വിശദമാക്കിയത്. ഇതിന് വ്യക്തമായ മറുപടി പറയാതെ, പലതവണ അന്വേഷിച്ച് കോടതിയും അന്വേഷണ ഏജൻസികളും തള്ളിയ ബാലിശമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർത്തുന്നത്.

എൻജിനിയറിംഗ് കോളേജിന്റെയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയന്റെയും പേരിലുണ്ടായിട്ടുള്ള തട്ടിപ്പിൽ നിയമ നടപടികൾ തുടങ്ങിക്കഴിഞ്ഞതായും തുഷാർ പറഞ്ഞു.ഏതാനും വർഷം മുമ്പുവരെ പൊലീസ് തലപ്പത്തിരുന്ന സെൻകുമാർ ആ ഘട്ടങ്ങളിലൊന്നും കാണാത്ത വിഷയങ്ങളാണ് ഇപ്പോൾ കാണുന്നത്. സുഭാഷ് വാസുവിനെ പാർട്ടി ജനറൽ സെക്രട്ടറിയാക്കിയത് പിഴവും അബദ്ധവുമായിരുന്നു. സുഭാഷ് വാസുവിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുണ്ടെന്ന വാദങ്ങൾ വിശ്വസിക്കുന്നില്ല. ഇത് ബി.ഡി.ജെ.എസിന്റെ ആഭ്യന്തരകാര്യമാണ്. മറ്റു വിശദാംശങ്ങൾ ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ബി.ഡി.ജെ.എസിന്റെ പേരിൽ ലഭിച്ച സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ നടപടി സ്വീകരിക്കും. പാർട്ടി സംസ്ഥാന സമ്മേളനം ഏപ്രിൽ 15 ന് മുമ്പ് എറണാകുളത്ത് നടക്കും. എൻ.ഡി.എയുടെ പ്രവർത്തനം ഇപ്പോൾ വേണ്ടത്ര കാര്യക്ഷമമല്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ചുമതലയേറ്റാൽ ഇതേക്കുറിച്ച് ചർച്ച നടത്തും. സംസ്ഥാന ഭാരവാഹികളായ ടി.വി. ബാബു, എ.ജി. തങ്കപ്പൻ,അരയാക്കണ്ടി സന്തോഷ്, സന്ദീപ് പച്ചയിൽ, അനിരുദ്ധ് കാർത്തികേയൻ, സിനിൽ മുണ്ടപ്പള്ളി, സംഗീത വിശ്വനാഥൻ, കെ.കെ. മഹേശൻ തുടങ്ങിയവർ പങ്കെടുത്തു.

https://newsgile.com/2020/01/21/bdjs-general-secretary-subash-vasu-expelled-from-the-primary-membership-of-the-party/