Thu. Sep 24th, 2026

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം ഭാഗിക വിജയം. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ ധാരണയായി. മാനവ വിഭവ ശേഷി മന്ത്രാലയവുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഫീസ് കുറയ്ക്കാന്‍ തീരുമാനമായത്. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കുക, ജെ.എന്‍.യു വി.സി ജഗദീഷ് കുമാര്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്തിയിരുന്നു. ഫീസ് വര്‍ധനയ്‌ക്കെതിരെ മാസങ്ങളായി സമരം നടക്കുകയുമായിരുന്നു.

വിദ്യാര്‍ത്ഥി സമരം പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച പുറത്ത് നിന്ന് എത്തിയ അക്രമി സംഘം ജെ.എന്‍.യു ക്യാംപസില്‍ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് 9 പേരുടെ ചിത്രം പോലീസ് പുറത്തുവിട്ടു. ക്രൂരമായി ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെ അക്രമികളായി ചിത്രീകരിച്ചാണ് ഡല്‍ഹി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. ഐഷി ഘോഷിന് പുറമെ ചഞ്ചന്‍ കുമാര്‍, പങ്കജ് മിശ്ര, വാസ്‌കര്‍ വിജയ്, സുചേത തലൂക്ദാര്‍, പ്രിയ രഞ്ജന്‍, ദോലന്‍ സമാന്ത, യോഗേന്ദ്ര ബരദ്വാജ്, വികാസ് പട്ടേല്‍ എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

ഐഷി അടക്കമുള്ളവരുടെ ചിത്രം ഡല്‍ഹി പോലീസ് പുറത്തുവിട്ടു. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എസ്.ഐ.ഡി.എ, ഡി.എസ്.എഫ് തുടങ്ങിയ സംഘടനകളിലെ വിദ്യാര്‍ത്ഥികളുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്്. ഐഷി അടക്കമുള്ള ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചുവെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. തിരിച്ചറിഞ്ഞ് ചിത്രം പുറത്തുവിട്ടിട്ടുള്ള അക്രമികളില്‍ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജെ.എന്‍.യുവിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദു രക്ഷാ സേന ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ തന്നെ അക്രമികളായി ചിത്രീകരിക്കാനുള്ള നീക്കമാണ് ഡല്‍ഹി പോലീസ് നടത്തുന്നത്. മാരകായുധങ്ങളുമായി ക്യാംപസില്‍ കയറിയ അക്രമികളെക്കുറിച്ചും ഡല്‍ഹി പോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശമില്ല.

അതേസമയം ഡല്‍ഹി പോലീസിന്റെ നടപടികള്‍ ഏകപക്ഷീയമാണെന്ന് ഐഷി ഘോഷ് പ്രതികരിച്ചു. തന്നെ അക്രമിയായി ചിത്രീകരിക്കുന്ന പോലീസ് തന്റെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിട്ടില്ല. താന്‍ ആക്രമിക്കപ്പെട്ടതിന്റെ തെളിവ് തന്റെ കൈവശമുണ്ട്. തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ഭയമില്ലെന്നും ഐഷി ഘോഷ് കൂട്ടിച്ചേര്‍ത്തു. ഫീസ് വര്‍ധനവ് കുറയ്ക്കാന്‍ തീരുമാനിച്ചുവെങ്കിലും ജെ.എന്‍.യു വി.സിയുടെ രാജിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഐഷി ഘോഷ് പറഞ്ഞു.