എറണാകുളത്ത് മറ്റൊരു കന്യാസ്ത്രീ കൂടി സമരമുഖത്തേക്ക്. എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിന് സമീപമുള്ള അസീസി കോണ്‍വെന്റിൽ ലൈംഗിക പീഡനങ്ങള്‍ ചെറുത്തുനിന്നതിന്റെ പേരില്‍ പുറത്തുപോയ കന്യാസ്ത്രീയുടെ പത്രമേനി തുക തിരിച്ചു നല്‍കാത്തതിനെതിരെ കന്യാസ്ത്രീയെ വിവാഹം കഴിച്ചയക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധമെന്നോണം മഠത്തിനുമുമ്പില്‍ ഇന്ന് ബക്കറ്റ് പിരിവ് നടത്തി. ജസ്റ്റീസ് ഫോർ സിസ്റ്റർ ലൂസി ഫെയ്സ്ബുക്ക് കൂട്ടായ്മയും സിസ്റ്റർ ഡെൽസി ദേവസ്യക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
തനിക്ക് കോൺവെന്റിനുള്ളിൽ 15 വർഷമായി നേരിടേണ്ടി വന്ന പീഢന പർവങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് സിസ്റ്റർ ഡെൽസി ദേവസ്യയാണ് ഇന്ന് സമരമുഖത്തേയ്ക്ക് വന്നിരിക്കുന്നത്.ഒറ്റക്കല്ല, ഒരുമിച്ച് മുന്നേറാം എന്നുപ്രഖ്യാപിച്ച് സിസ്റ്റർ ഡെൽസി ദേവസ്യക്ക് പിന്തുണയുമായി സഭയിലെ പുരോഗമന വിഭാഗത്തിൽപ്പെട്ട വിശ്വാസികളും സ്ത്രീപക്ഷ പ്രവർത്തകരും അസീസി കോൺവെന്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിന് ബക്കറ്റുകളും പ്ലക്കാടുകളുമായി എത്തിയിരുന്നു.
15 വർഷം സഭയില്‍ പ്രവര്‍ത്തിച്ച ഇവര്‍ക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മഠം അധികൃതര്‍ ചില്ലി പൈസ പോലും അവര്‍ക്ക് നല്‍കിയില്ല. മഠത്തിൽ ചേരുമ്പോൾ നൽകിയ പത്രമേനി എന്ന യേശുവിനെ കൊണ്ടുകെട്ടിക്കാമെന്ന് പറഞ്ഞു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പറ്റിച്ച് സഭ നടത്തുന്ന വിവാഹത്തട്ടിപ്പിലെ സ്ത്രീധന തുകയും തിരിച്ചു നൽകിയിട്ടില്ല.
വളരെ ദരിദ്രമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വന്ന സിസ്റ്റർ ഡെൽസി ദേവസ്യക്ക് പ്രത്യേകിച്ച് തൊഴില്‍ ഒന്നുമില്ല. മഠത്തിൽ ചേർന്നതിനാൽ വിദ്യാഭ്യാസവും തുടരാനായില്ല. ലൈംഗീകപീഡനം എതിർത്തതിനെത്തുടർന്ന് മഠം ഉപേക്ഷിക്കേണ്ടിവന്ന ഇവരുടെ വിവാഹ ആവശ്യത്തിനായിട്ടാണ് സഭയോട് പണം ആവശ്യപ്പെട്ടത്. അത് ലഭിക്കാത്ത സാഹചര്യത്തിലാണ് മഠത്തിന് സമീപം ലൂർദ്ദ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ബക്കറ്റ് പിരിവുമായി പൊതുജനങ്ങൾ രംഗത്തിറങ്ങിയത്.
മഠത്തിനുള്ളിലെ പുരോഹിതന്മാരുടെ ലൈംഗീക പീഡനത്തെയും മുതിർന്ന കന്യാസ്ത്രീകളുടെ പ്രകൃതി വിരുദ്ധ പീഡനങ്ങളോടും ലൈംഗികഅരാജകത്വത്തോടും പ്രതികരിച്ചതുകൊണ്ടാണ് സിസ്റ്റർ ഡെൽസി ദേവസ്യക്ക് മഠം വിടേണ്ടി വന്നത്. രാത്രി കാലങ്ങളില്‍ വൈദികര്‍ വന്ന് മഠത്തില്‍ താമസിക്കുകയും കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവ് കാഴ്ചയുമാണെന്ന് സിസ്റ്റർ പറയുന്നു. രാത്രി എത്ര വൈകി പുരോഹിതര്‍ വന്നാലും അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം. പിന്നെ അവരുടെ ലൈംഗികചേഷ്ഠകള്ക്ക് നിന്നുകൊടുക്കണം. ഇതിന് കഴിയാത്തതുകൊണ്ടാണ് താന്‍ അസീസി മഠം വിട്ടത്. ഒരു ലൈംഗിക ഉപകരണമായി മാറാന്‍ തനിക്ക് മനസ്സില്ലെന്ന് തീരുമാനിച്ചതുകൊണ്ടാണ് കന്യാസ്ത്രീ വസ്ത്രം ഉപേക്ഷിച്ചതെന്ന് സിസ്റ്റർ ഡെൽസി ദേവസ്യ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിനുശേഷം സംസ്ഥാനത്ത് നിരവധി കന്യാസ്ത്രീ മഠങ്ങളിലെ ഇത്തരത്തിലുള്ള കഥകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.പതിവിൽനിന്നു വിപരീതമായി കത്തോലിക്കാസഭയ്ക്കുള്ളിൽത്തന്നെ ഇതിനെയൊക്കെ ചോദ്യം ചെയ്യുന്ന ഒരു നവോത്ഥാന വിഭാഗം ഉയർന്നു വരുന്നുണ്ട്. എറണാകുളത്തെ അസീസി മഠം വിട്ട ഈ കന്യാസ്ത്രീ സ്വന്തം ഇഷ്ട പ്രകാരമാണ് മഠം വിട്ടു പോകുന്നതെന്ന തരത്തില്‍ ഒരു കത്ത് തയ്യാറാക്കി കന്യാസ്ത്രീയുടെ പിതാവിനോട് ഒപ്പിട്ടു നല്കാന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
എന്തായാലും നഷ്ടപരിഹാരം നല്‍കാത്ത മഠം അധികാരികളുടെ നിലപാടിനെതിരെയുള്ള പ്രതിഷേധ ബക്കറ്റ് പിരിവ് ഒരു സൂചനാ സമരം മാത്രമാണെന്നും പീഡനത്തിനിരയായ കന്യാസ്ത്രീ വരുംദിവസങ്ങളിൽ മാധ്യമങ്ങളെ കാണുമെന്നും . വലിയ ഭീഷണികളാണ് സിസ്റ്ററും കുടുംബവും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത് സഭാ അധികാരികൾ ഈ കന്യാസ്ത്രീയ്ക്ക് നീതി നിഷേധിച്ചാൽ പൊതു സമൂഹത്തെ ഒപ്പം കൂട്ടി നിയമപരമായും സമരമാർഗ്ഗങ്ങളിയിലൂടെയും നേരിടുക തന്നെ ചെയ്യുമെന്ന് മഠത്തിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ ബക്കറ്റ് പിരിവ് ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ ജോസഫ് വെളിവിൽ പറഞ്ഞു.
ഒരു സ്ത്രീ എന്നനിലയിൽ സിസ്റ്റർ ഡെൽസി ദേവസ്യക്ക് സന്യസ്തയായോ ഗൃഹസ്ഥയായോ ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും, സിസ്റ്റർ ഡെൽസി ദേവസ്യ കത്തോലിക്കാസഭയുടെ തടവറയായ മഠം ഉപേക്ഷിച്ച് പുറത്തുവരാൻ ധൈര്യം കാണിച്ച സ്ത്രീയാണ് അവർ ഇപ്പോൾ നിങ്ങളുടെ അടിമയല്ല എന്നും പണത്തിന്റെയും മത അധികാരത്തിന്റെയും ഹുങ്കും ഗുണ്ടായിസവുമായി നൈറ്റിയിട്ട ക്രിമിനലുകൾ സിസ്റ്റർ ലൂസിയോടും കുറവിലങ്ങാട്ടെ കന്യാസ്ത്രീകളോടും കാണിക്കുന്ന അഭ്യാസവുമായി ഡെൽസി ദേവസ്യക്ക് നേരെ വന്നാൽ പൊതുസമൂഹത്തിലെ സ്ത്രീകൾ കയ്യുംകെട്ടിയിരിക്കുമെന്നു സഭാധികാരികൾ ധരിക്കരുതെന്നും മഠം ഉപേക്ഷിച്ച ഡെൽസി ദേവസ്യക്ക് എല്ലാവിധ സപ്പോർട്ടും നൽകുമെന്നും ലിബി.സിഎസ്. പറഞ്ഞു. വർഷങ്ങളോളം ജയിൽ പുള്ളികളെപ്പോലെ എന്നുപോലും പറയാൻ പറ്റാത്ത തരത്തിൽ, കാരണം ജയിലുകളിൽ പോലും ജോലിചെയ്യുന്നതിന് നിശ്ചിത കൂലി ലഭിക്കുമെന്നിരിക്കെ കത്തോലിക്കാസഭയുടെ ഈ തടവറയിൽ അടിമപ്പണിയെടുപ്പിച്ച ശേഷം വെറും കയ്യോടെ പറഞ്ഞു വിടാൻ, കന്യാസ്ത്രീകൾ അടിമകളല്ല. എല്ലാസ്ത്രീകൾക്കുമുള്ള അവകാശങ്ങൾ അവർക്കുമുണ്ട്.ന്യായമായ ജീവനാംശം കൊടുക്കേണ്ടത് ഓരോ മഠങ്ങളുടെയും അതാത് രൂപതകളുടെയും ഉത്തരവാദിത്വമാണ്. ഈ വിഷയത്തിൽ സർക്കാർ ഇടപെട്ട് നിയമ നിർമ്മാണം നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു. 18 വയസ്സ് പൂർത്തിയാകുന്നതിനു മുൻപ് പെൺകുട്ടികളെ കന്യാസ്ത്രീയാകാൻ നിർബന്ധിക്കുന്നത് നിയമപരമായി കുറ്റകരമാക്കണം.പോക്സോ കേസിലേതുപോലെ അതിന് കൂട്ടുനിൽക്കുന്ന രക്ഷിതാക്കളെക്കൂടി പ്രതികളാക്കി കേസെടുക്കാൻ നിയമത്തിൽ വ്യവസ്ഥവസ്ഥചെയ്യണം.എങ്കിൽ മാത്രമേ ഇത് ശാശ്വതമായി തടയാൻ കഴിയൂ. കന്യാസ്ത്രീ ആയതിനു ശേഷം, സഭ വിട്ടു പോരണം എന്ന് തോന്നുന്നവർക്കും, സഭ പുറത്താക്കപ്പെടുന്നവർക്കും, അവർ ചെയ്ത സേവനങ്ങൾക്ക് തത്തുല്യമായ ജീവനാംശം നൽകണമെന്നും ലിബി.സിഎസ് പറഞ്ഞു.
പ്രതിഷേധ ബക്കറ്റ് പിരിവിന് ജോർജ് ജോസഫ്, റജി,ജോസഫ് വെളിവിൽ എന്നിവർ നേതൃത്വം നൽകി.