Sat. Nov 21st, 2026

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിടുകയും തമിഴ്നട്ടിൽ നിന്നെത്തിയ മനീതി സംഘത്തോടൊപ്പം ശബരിമലയിലേക്ക് പോകുകയും ചെയ്തതിനെത്തുടർന്ന് സംഘപരിവാർ അടിച്ചുതകർത്ത സാമൂഹ്യ പ്രവർത്തകൻ രാംദാസ് കതിരൂരിൻറെ വീടാക്രമിക്കപ്പെട്ടിട്ട് ഒരുവർഷം തികയുമ്പോഴും പ്രതികളെപ്പിടിക്കാതെ പോലീസ്.

തൻറെ വീട് അടിച്ചു തകര്‍ത്ത സംഭവത്തിൽ സംശയമുള്ള പ്രതികളുടെ പേരുപറഞ്ഞിട്ട് അവരെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല. വീട് ആക്രമിച്ച കേസിനെക്കുറിച്ച് അന്വേഷിച്ചാൽ ‘എന്തുചെയ്യാനാണ് ആരുടെപേരിൽ കേസെടുക്കും, ഒരുതുമ്പും കിട്ടിയിട്ടില്ല’; എന്നൊക്കെയാണ് പോലീസ് പറയുന്നതെന്ന് രാംദാസ് കതിരൂർ പറഞ്ഞു.

ഇത് രാംദാസ് കതിരൂരിൻ്റെ മാത്രം കാര്യം അല്ല ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വീട് അക്രമിക്കപ്പെട്ട അഞ്ച് കേസുകളിലും ഒരു പ്രതിയെപ്പോലും പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച ഒരാളെമാത്രണ് നിർവാഹമില്ലാതെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളാപോലീസ് തന്നെ മനുഷ്യരുടെ സ്വന്തംവീടുകളിൽ സുരക്ഷിതമായി കിടന്നുറങ്ങാനും ആരാധനാ – സഞ്ചാര മടക്കമുള്ള മൗലികാവകാശങ്ങളെ തടയുന്നത്തിനും നേതൃത്വം കൊടുക്കുന്ന പ്രതിലോമശക്തികൾക്ക് കരുത്തായി മാറുകയാണ്.

രാംദാസ് കതിരൂരിൻറെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്:

രാഷ്ട്രീയാധികാരം ഏറ്റവും വിദൂരവും അപ്രാപ്യവുമായ കേരളത്തിൽ പോലും സംഘപരിവാറിന്റെ അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധതയും ഏറ്റവും വെളിവാക്കപ്പെട്ട സംഭവങ്ങൾ നടന്ന് ഡിസംബർ 24ന് ഒരാണ്ട് തികയുകയാണ് ….

കേരളത്തിൽ സംഘപരിവാര ഗുണ്ടകളാൽ ആക്രമിക്കപ്പെട്ട വീടുകളുടെ എണ്ണം എത്രയെന്ന് തിട്ടപ്പെടുത്താൻ ആവില്ല…

സംഘപരിവാരം സംഘടിതമായി ആക്രമിച്ചു തകർത്ത എന്റെ വീട് കൊത്തി വലിക്കാൻ പാകപ്പെടുത്തി നിർത്തിയിരിക്കുകയാണ് എല്ലാറ്റിനും ഒരു വർഷം തികയുന്നു ഈ ഡിസംബറിൽ …

ഒരു പക്ഷേ , സംഘശക്തിക്ക് വിധേയപ്പെട്ട പോലീസ് സേനയെ കേരള ജനത തിരിച്ചറിഞ്ഞിട്ടും ഒരു വർഷം തികയുകയാണ് …

ഈ ഒരു വർഷത്തിനിടയിലും എന്റെ വീടാക്രമിച്ച പ്രതികളിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്ന പോലീസിന്റെ നിസംഗതയിലും ശക്തമായ പ്രതിഷേധം …