Sun. Nov 22nd, 2026

വ്യാജ ചികിത്സ നൽകിയതിനെത്തുടർന്ന് ഒന്നര വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പാരമ്പര്യ ചികിത്സകൻ എന്നവകാശപ്പെടുന്ന ചേർത്തലയിലെ മോഹനൻ നായർ അറസ്റ്റിൽ. കായംകുളം പൊലീസാണ് മോഹനൻ നായരെ അറസ്റ്റ് ചെയ്തത്. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ കൊണ്ട് മരിച്ചു എന്ന് പരാതി ഉയർന്നിരുന്നു. മോഹനൻ നായരുടെ ചികിത്സക്കെതിരെ കുട്ടിയെ ആദ്യം ചികിൽസിച്ചിരുന്ന ഡോക്ടറും രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

ചികിത്സക്കിടെ ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ മോഹനൻ നായർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ്ത്. ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. മരിച്ച് കുഞ്ഞിന്റെ കുടുബത്തിന്റെ പരാതിയെ തുടർന്ന് മോഹനൻ നായർക്കെതിരെ നരഹത്യക്കാണ് കെസെടുത്തിരിക്കുന്നത്. ഇതുമായ ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്.