Fri. Mar 29th, 2024

കോന്നിയിൽ മാത്രമല്ല അരൂരും ദൈവത്തിനും വിശ്വാസ സംരക്ഷണത്തിനുമാണ് ഉപതിരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വോട്ടുപിടിത്തം നടത്തിയത്. അരൂരും തുറവൂരും നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കലാശക്കൊട്ടാകട്ടെ ശരണം വിളിച്ചുകൊണ്ടായിരുന്നു. മനുഷ്യൻറെ കാര്യം പോകട്ടെ ദൈവത്തിനെങ്കിലും ചോദിക്കാനും പറയാനും എന്തായാലും ആളുകളുണ്ടല്ലോ?

എന്നാൽ അതിനിടയിൽ പറയാൻ രാഷ്ട്രീയമൊന്നുമില്ലാത്തതിനാൽ വിശ്വാസം സംരക്ഷിക്കാൻ തനിക്ക് വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിച്ച ഒരു സ്ഥാനാർത്ഥി തന്നെ ആചാരം ലംഘിച്ച വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

സ്ത്രീ ആയി ജനിച്ചതിനാൽ സ്വന്തം മതത്തിന്റെ ആരാധനാലയത്തിൽ കയറ്റില്ലെങ്കിലും മറ്റുമതങ്ങളുടെ അമ്പലങ്ങളിലും പള്ളികളിലും നിരങ്ങിനടന്ന കുലസ്ത്രീ ആയ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ യുഡിഎഫിന് വളരെ വേണ്ടപ്പെട്ട മലയാള മനോരമ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.ക്രിസ്ത്യാനിയായ മനു. സി.പുളിക്കാനോടുള്ള സ്നേഹം കൊണ്ടോ,അതോ ഹിന്ദുക്കളുടെ ആചാരം ലംഘിക്കപ്പെട്ടതിലുള്ള ആത്മാർത്ഥമായ സങ്കടംകൊണ്ട് പറയാതെ പറഞ്ഞുപോയതാണോ എന്നറിയില്ല.

ഷാനിമോൾ ഉസ്മാൻ കുത്തിയതോട് പള്ളി,അരൂർ സെന്റ് അഗസ്റ്റിൻ പള്ളി, അരൂക്കുറ്റി പാദുവപുരം പള്ളി, പള്ളിപ്പുറം പള്ളി,എന്നിവിടങ്ങളിലും പള്ളിപ്പുറം വിശാഖപുരം ക്ഷേത്രത്തിലും തുറവൂർ ക്ഷേത്രത്തിലും പോയതായി മനോരമ പറയുന്നു. മനു സി പുളിക്കൻ നല്ല ഒന്നാംതരം സവർണ്ണ ക്രിസ്ത്യാനിയായതിനാൽ പാദുവപുരം പള്ളി, ചന്തിരൂർ പള്ളി,മണപ്പുറം പള്ളി എന്നിവിടങ്ങളിൽ മാത്രം സന്ദർശനം നടത്തിയതായും മനോരമ വാർത്തയിൽ പറയുന്നു. വർത്തയനുസരിച്ച് അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ആചാരം ഹിന്ദു വിശ്വാസപ്രകാരം ഒരു മ്ലേച്ഛ മതക്കാരിയാൽ ലംഘിക്കപ്പെട്ടതായിട്ടാണ് മനസിലാകുന്നത്. (ഇസ്ലാം മതത്തെ മ്ലേച്ഛ മതം എന്നാണ് ഭവിഷ്യ പുരാണത്തിൽ സംബോധന ചെയ്തിരിക്കുന്നത്)

ഷാനിമോൾ കയറിയത് എസ്എൻ ഡിപി ക്കാരായ ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളോ അതോ ബ്രാഹ്‌മണ ശൂദ്രാദികളുടെ തനി ഹിന്ദു ക്ഷേത്രണങ്ങളോ? എന്നറിയില്ല. എസ്എൻഡിപ്പിക്കാരുടെ ക്ഷേത്രങ്ങളാണെങ്കിൽ കുഴപ്പമല്ല. അതല്ല യദാർത്ഥ ഹിന്ദു ക്ഷേത്രങ്ങളാണെങ്കിൽ ഷാനിമോൾ ഉസ്മാൻ ആചാരലംഘനം നടത്തിയിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്.

മനോരമ വാർത്തയിൽ പറയുന്ന തുറവൂർ ക്ഷേത്ര സനാതനികളുടെ പ്യുവർ ഹിന്ദു ക്ഷേത്രമാണെന്നും. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുപോലുമുള്ള ക്ഷേത്രമാണെന്നാണ് ആ നാട്ടുകാർ പറഞ്ഞറിഞ്ഞത്. എവിടെയോ ഭാഗവത സപ്താഹം കൂടാൻ പോയതായും വാർത്തയിൽ പറയുന്നുണ്ട്. ഭാഗവതത്തിലെ ഒരു കഥയാണ് ‘പൂതനാ മോക്ഷം’. വയലാറിൽ ഏതോ കുടുംബ മീറ്റിങ്ങിൽ, പണ്ടേ കഥയും കവിതയുമൊക്കെ ഇഷ്ടഹോബിയായിട്ടുള്ള കവികൂടിയായ സുധാകരൻ മന്ത്രി അവിടെ കൂടിയവരോട് ഈ കഥപറഞ്ഞതിന് കേസും പുക്കാറുമായി നടന്ന ഷാനിമോൾ ആണ് ഇപ്പോൾ ആചാരലംഘനം നടത്തിയിരിക്കുന്നത്.

ഷാനിമോൾ ഉസ്മാൻ എന്തായാലും അരൂർ നിയോജകമണ്ഡലത്തിൽ ആർക്കും അപരിചിതയായിരിക്കാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഷാനിമോൾ പോയ ശേഷം ഹിന്ദു ക്ഷേത്രത്തിൽ ആചാര പ്രകാരം പുണ്യാഹം നടത്തിയിരിക്കാനും സാധ്യതയുണ്ട്. പുണ്യാഹം തളിയൊക്കെ ഭരണഘടനാ വിരുദ്ധമാണെങ്കിലും ഷാനിമോൾ ഉൾപ്പെടെയുള്ള ആളുകൾ ഭരണഘടനയ്ക്ക് പകരം തന്ത്രസമുച്ചയവും കുഴിക്കാട്ട് പച്ചയും മനുസ്മൃതിയുമൊക്കെ സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നവരായതിനാൽ എതിർപ്പൊന്നും കാണാൻ സാധ്യതയുമില്ലല്ലോ? പുണ്യാഹം നടത്തിയെങ്കിൽ അതിൻറെ പൈസ ദേവസ്വം ബോർഡ് മുടക്കിയോ അതോ യുഡിഎഫ് കാരിൽനിന്നും ഈടാക്കിയോ എന്ന് മാത്രം വ്യക്തമായിട്ടില്ല.