Fri. Mar 29th, 2024

എന്‍.എസ്.എസ് നേതൃത്വത്തിന് കാടന്‍ ചിന്തയാണ്. ജാതിപറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കും. സുകുമാരന്‍ നായര്‍ കടുത്ത ഈഴവ വിരോധിയാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള എന്‍.എസ്.എസ് ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം അവര്‍ പണ്ടേ തുടങ്ങിയതാണ്. ചിലയിടത്തൊക്കെ യു.ഡി.എഫ് വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ട് യു.ഡി.എഫ് പക്ഷം പിടിച്ച് ചിലര്‍ എട്ടുകാലി മമ്മൂഞ്ഞ് ആകാന്‍ ശ്രമിക്കുകയാണ്. വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും തങ്ങള്‍ക്കാണെന്ന് അവകാശപ്പെടുന്ന കുണ്ടികുലുക്കി പക്ഷിയെ പോലെയാണ് അവരെന്നും അദ്ദേഹം പരിഹസിച്ചു.

ഇടതുപക്ഷത്തുനിന്ന് എസ്.എന്‍.ഡി.പിക്ക് ഒന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കിടന്നതായിരുന്നു. ഈ സര്‍ക്കാരില്‍ അഴിമതി താരതമ്യേന കുറവാണ് എന്നതുകൊണ്ടാണ് ‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്നു താന്‍ പറഞ്ഞത്. എന്‍.എസ്.എസ് അംഗങ്ങള്‍ മാന്യതയുള്ളവരാണ്. അതിന്റെ നേതൃത്വത്തിനാണ് ഭ്രാന്ത് പിടിച്ചിരിക്കുന്നത്. ഒന്നും നേടിയില്ല എന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. ആകെ അവര്‍ ചോദിക്കുന്നത് മന്നം ജയന്തിക്ക് അവധിയാണ്.

ഈ ഉപതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി ആര്‍ക്കും പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പുഫലം കൊണ്ട് ഭരണം മാറാന്‍ പോകുന്നില്ല. അതുകൊണ്ട് നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ആചാര സംരക്ഷണത്തിന് വോട്ട് ചെയ്യണമെന്ന് എന്‍.എസ്.എസ് പറയുമ്പോള്‍ മറിച്ചുള്ള ചിന്ത മറ്റു സമുദായങ്ങള്‍ക്കുമുണ്ടായാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല.

അരൂരില്‍ ഒരു പ്രവചനത്തിന് താനില്ല. നല്ല മത്സരമാണ്. അതുകൊണ്ട് പ്രവചനത്തിനില്ല. രണ്ടു കൂട്ടരും മണ്ഡലം കലക്കി മറിക്കുകയാണ്. കലങ്ങിതെളിയട്ടെ. അപ്പോള്‍ പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.