Thu. Apr 25th, 2024

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരെയെടുത്ത രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നും കമല്‍ ഹാസന്‍. ബിഹാറിലെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്ന് ഒരു സാധാരണ പൗരനെന്ന നിലയില്‍ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ജനങ്ങള്‍ ഐക്യത്തോടെ കഴിയുന്ന ഇന്ത്യയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. എന്നാല്‍ തികച്ചും വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. തന്റെ 49 സഹപ്രവര്‍ത്തകര്‍ രാജ്യദ്രോഹക്കേസ് നേരിടുകയാണ്. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണിതെന്നും കമല്‍ഹാസന്‍ ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ബുദ്ധിജീവികളും, കലാകാരന്‍മാരും, സിനിമാ പ്രവര്‍ത്തകരുമടങ്ങിയ 49 പേര്‍ രാജ്യത്തെ ആള്‍കൂട്ട കൊലപാതകങ്ങളിലും, ജയ്ശ്രീ റാം വിളിച്ചുള്ള ആക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സിനിമാ പ്രവര്‍ത്തകരായ മണിരത്നം, അനുരാഗ് കഷ്യപ്, അപര്‍ണ്ണാസെന്‍, രേവതി തുടങ്ങിയ പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റമടക്കം നിരവധി വകുപ്പുകള്‍ ചുമത്തി മുസഫര്‍പുര്‍ കോടതി നിര്‍ദ്ദേശ പ്രകാരം ബീഹാര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

ദലിതര്‍ക്കും, മുസ്‍ലിംകള്‍ക്കും, മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളും, ആക്രമണങ്ങളും എത്രയും പെട്ടെന്ന് തടയണമെന്നും, വിയോജിപ്പുകളില്ലാതെ ജനാധിപത്യമില്ലെന്നുമാണ് കത്തിന്‍റെ ഉള്ളടക്കം.

കത്തില്‍ ഒപ്പിട്ട അടൂര്‍ ഗോപാലകൃഷ്ണന്‍ ശക്തമായ രീതിയിലാണ് കേസെടുത്തതിനെതിരെ പ്രതികരിച്ചത്. “ഇവിടെ എന്താണ് നടക്കുന്നത്? തികച്ചും അവിശ്വസനീയമായ കാര്യമായിരുന്നു ഈ കോടതി നിര്‍ദ്ദേശം. ഏത് കോടതിക്കാണ് ഈ കത്തിന്‍റെ പേരില്‍ കേസെടുക്കാന്‍ സാധിക്കുക” അടൂര്‍ ചോദിച്ചു.

“ഞങ്ങള്‍ സ്വേച്ഛാധിപത്യ രാഷ്ട്രത്തിലേക്ക് മാറുന്നു” എന്നാണ് രാഹുല്‍ഗാന്ധി ഇതിനോട് പ്രതികരിച്ചത്.  പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുകയോ ഭരണകൂടത്തിനെതിരെ പ്രതികരിക്കുകയോ ചെയ്താല്‍ അവര്‍ ജയിലിലടക്കപ്പെടുകയും ആക്രമിക്കപ്പെടുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

മക്കള്‍ നീതിമയ്യം പാര്‍ട്ടി തലവനായ കമല്‍ഹാസനെക്കൂടാതെ കോണ്‍ഗ്രസ് എം.പി ശശിതരൂരും ഇതിനെതിരെ പ്രതികരിച്ചിരുന്നു. സംസാരിക്കാനും, അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 19 ലെ ഭരണഘടനാ തത്വങ്ങള്‍ യഥാവിധി നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സൂചിപ്പിച്ച് ശശിതരൂര്‍ തിങ്കളാഴ്ച്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച രണ്ടു പേജുള്ള കത്തില്‍ 2016 ല്‍ മോദി യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ ഗംഭീര പ്രസംഗത്തിലെ ചില വരികള്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ഭരണഘടന ഒരു വിശുദ്ധ പുസ്തകമാണെന്നും, അഭിപ്രായ പ്രകടനത്തിനും, വ്യക്തി സ്വാതന്ത്ര്യത്തിനും, തുല്യതക്കും വലിയ സ്ഥാനം കല്‍പ്പിക്കുന്നുണ്ടെന്നും അന്ന് മോദി പറഞ്ഞതിനേയും തരൂര്‍ സൂചിപ്പിക്കുന്നുണ്ട‍്‍.