നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ അദ്ധ്യക്ഷയും കോഴിക്കോട് ലോകോളേജ് അദ്ധ്യാപികയും സാമൂഹ്യ പ്രവർത്തകയുമായ ബിന്ദു അമ്മിണി നിരാഹാര സമരത്തിൽ. കോഴിക്കോട് സാമൂഹ്യനീതി വകുപ്പിനു കീഴിൽ മഴവിൽ പദ്ധതിപ്രകരം തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന ട്രാൻസ് ജൻഡേഴ്സിനായുള്ള ഷെൽട്ടർ ഹോം വ്യക്തി താൽപര്യത്തിനായി തടസപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5 മണിമുതലാണ് ബിന്ദു അമ്മിണി നിരാഹാര സമരം ആരംഭിച്ചത്. ഷെൽട്ടർ ഹോം തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന ഫറൂക്ക് കോളേജിന് പുറകുവശത്ത് പോസ്റ്റോഫീസിന് സമീപമുള്ള വീടിന് മുന്നിലാണ് ബിന്ദു നിരാഹാരമിരിക്കുന്നത്. പൗരാവകാശ വേദിയുടെ ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
സമരത്തിന് പിന്തുണയുമായി മറ്റ് നിരവധി സാമൂഹ്യപ്രവർത്തകരും സംഘടനകളും എത്തിയിട്ടുണ്ട്.ഫറൂക്ക് പോലീസിനും കോഴിക്കോട് പോലീസ് കമ്മീഷണർക്കും ആർഡിഒ യ്ക്കും കോഴിക്കോട് ജില്ലാ കളക്ടർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടും നീതി ലഭിക്കാതിരുന്നതിനാലാണ് സമരം ആരംഭിച്ചതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.പ്രതിക്കും ഈ പ്രോജക്റ്റ് അവിടെ വരരുതെന്ന് ആഗ്രഹിക്കുന്ന ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലരുടെയും ഇടപെടൽ മൂലമാണ് തികച്ചും ന്യായമായ ഈ വിഷയത്തിൽ നീതി ലഭിക്കാതിരിക്കുന്നതെന്ന് ബിന്ദു അമ്മിണിയോടൊപ്പമുള്ള സാമൂഹ്യ പ്രവർത്തകർ ആരോപിച്ചു.
തങ്ങൾ നൽകിയ പരാതികളിൽ നടപടിസ്വീകരിക്കാൻ കളക്ടറുടെ നിർദ്ദേശാനുസരണം ആർഡിഒ സിറ്റിങ്ങിന് വിളിച്ചിരുന്നെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം ന്യായം നിങ്ങളുടെ ഭാഗത്താണെന്നും സിവിൽ കോടതിയെ സമീപിക്കാനും രേഖകളെല്ലാം നിങ്ങൾക്ക് അനുകൂലമാണെന്നും ഉപദേശിച്ച് പറഞ്ഞു വിടുകയായിരുന്നു എന്നും പോലീസാകട്ടെ തികച്ചും ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയും കേരളത്തിലെ ഗസറ്റഡ് ഉദ്യോഗസ്ഥനായ ഏക ട്രാൻസ് ജെന്റർ കിരൺ വൈ ലാശ്ശേരിയെ പരിഹസിക്കുകയും അവഹേളിക്കുകയുമായിരുന്നെന്നും സാമൂഹ്യപ്രവർത്തകർ കൂട്ടിച്ചേർത്തു.
കിരൺ വൈ ലാശ്ശേരി ട്രാൻസ് ജൻഡേഴ്സിനായുള്ള ഷെൽട്ടർ ഹോമിനായി സ്വന്തം വീട് സാമൂഹ്യനീതി വകുപ്പിനു നൽകുകയായിരുന്നു. കിരൺ വീട് കൊടുത്തപ്പോൾ വീട്ടിലേക്കുള്ള റോഡ് സഹോദരൻ മതിൽ കെട്ടി തടസ്സപ്പെടുത്തി ഗെയ്റ്റ് ലോക്കു ചെയ്യുകയായിരുന്നു. ഈ വീട് ഇരിക്കുന്ന സ്ഥലം കിരൺ സ്വന്തമായി തീറുവാങ്ങിയ വസ്തുവാണ്.