Fri. Nov 20th, 2026

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എംപി. കോളജ് ചരിത്ര സ്മാരകമാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് ആ സ്ഥലത്ത് നിലനില്‍ക്കുന്നിടത്തോളം കാലം എസ്എഫ്‌ഐയുടെ തേര്‍വാഴ്ചയുണ്ടാവും. കോളേജ് അവിടെനിന്നു മാറ്റണമെന്ന് 1992ല്‍ കെ കരുണാകരന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. ആ തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കും. ആരൊക്കെ എതിര്‍ത്താലും, ആരൊക്കെ തുള്ളിയാലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും. യൂണിവേഴ്‌സിറ്റി കോളജിനെ ചരിത്രമ്യൂസിയമോ പൊതുസ്ഥലമോ ആയി മാറ്റുമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു

അന്ന് സമരം ചെയ്യാന്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ കരുണാകരന്‍ മക്കളെ വളര്‍ത്തിയത് നല്ല രീതിയിലാണ്. മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബ്ബില്‍ പറഞ്ഞയച്ചല്ല വളര്‍ത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ എസ് യു നടത്തുന്ന നിരാഹാര സമരത്തിന്റെ ലക്ഷ്യം ഇതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. യൂനിവേഴ്‌സിറ്റി കോളജ് പൂര്‍ണമായും അവസാനിപ്പിക്കുക എന്നാണെങ്കില്‍ ഈ സമരം നടത്തുന്നവരുടെ രാഷ്ട്രീയ നേതൃത്വം നയിച്ചിരുന്ന സര്‍ക്കാര്‍ ഉള്ള കാലത്ത് ആ ആഗ്രഹത്തോടെ പുറപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലയെന്നത് ഓര്‍ക്കുന്നത് നല്ലതാണ്. പിന്നെ ഇക്കാലത്ത് ഇത് ഒട്ടും നടക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

കോളജ് അവിടുന്ന് എടുത്തു കളയുക, അവിടെ മ്യൂസിയമാക്കാം എന്ന അഭിപ്രായങ്ങള്‍ ചിലര്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളജ് അവിടെയുണ്ടാവും. അതിനെ കൂടുതല്‍ പ്രശസ്തമായ നിലയിലേക്ക് ഉയര്‍ത്താന്‍ നോക്കും. തെറ്റായ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുംമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.