ഡോ.പി എസ് ശ്രീകല
മുൻ കേരളാ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥിയും പിന്നീട് അവിടെ അദ്ധ്യാപികയും ഇപ്പോൾ സാക്ഷരതാമിഷൻ ഡയറക്ടറുമായ ഡോ. പി എസ് ശ്രീകലയുടെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്. (മാതൃഭൂമി ദിനപത്രത്തിൽ സുഗതകുമാരി എഴുതിയ ലേഖനത്തിന് മറുപടിയായാണ് പ്രതികരണം.)
പ്രിയങ്കരിയായ സുഗതകുമാരി ടീച്ചർ,
അധ്യാപികയല്ലാത്ത താങ്കളെ സ്നേഹബഹുമാനങ്ങളോടെ ടീച്ചർ എന്നു സംബോധന ചെയ്യുന്നവരാണ് ഇന്നും യൂണിവേഴ്സിററ്റി കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ടീച്ചറുടെ കവിതയെ സ്നേഹിക്കുന്നവരാണ് ഞങ്ങൾ. ടീച്ചറുടെ വാക്കുകൾ കേൾക്കാൻ ഇന്നും കാതോർക്കുന്നവരാണ് ഞങ്ങൾ. പക്ഷേ, കവിതയിലെ നന്മ പലപ്പോഴും താങ്കളുടെ വാക്കുകളിൽ നഷ്ടപ്പെട്ടുപോകുന്നല്ലോ ടീച്ചർ.
ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തിലെ പ്രതികരണം ടീച്ചർ ഒരിക്കൽ കൂടി വായിക്കണമെന്നും സത്യത്തിനു നിരക്കാത്ത വാക്കുകൾ പിൻവലിക്കാൻ സന്മനസ്സ് കാണിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ടീച്ചർ പരാമർശിച്ചിരിക്കുന്ന അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന തലമുറയുടെ കാലം വെച്ച് ഇന്നിനെ അളക്കരുത് ടീച്ചർ.
ടീച്ചർ അഭിമാനിക്കുന്ന ആ ‘പുഷ്കല’ കാലത്ത് യൂണിവേഴ്സിറ്റി കോളേജ് പോലെയുള്ള കലാലയങ്ങൾക്കുള്ളിലേക്ക് കടക്കാൻ എല്ലാ മനുഷ്യർക്കും സാധിക്കുമായിരുന്നില്ല ടീച്ചർ.
അന്ന് യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ കഴിവുണ്ടായിട്ടും അവസരം ലഭിക്കാതിരുന്ന ഒരു കൂട്ടം മനുഷ്യരുണ്ടായിരുന്നു എന്നതും ടീച്ചർ ഓർക്കണം. അവരുടെ പിൻ തലമുറയ്ക്കുൾപ്പെടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന അവസ്ഥ ഇന്ന് സർക്കാർ കോളേജുകളിൽ ഉണ്ട്, യൂണിവേഴ്സിറ്റി കോളേജിലുമുണ്ട്.
ഇന്ന് സർക്കാർ കോളേജ് അധ്യാപകർ യോഗ്യതാപരീക്ഷയുൾപ്പെടെയുള്ള കടമ്പകൾ കടന്നാണ് സർക്കാർ കോളേജുകളിൽ എത്തുന്നത്, യൂണിവേഴ്സിറ്റി കോളേജിലും അങ്ങനെതന്നെ.
ടീച്ചർ പറഞ്ഞിരിക്കുന്ന ‘പുഷ്കല’ കാലത്ത് അങ്ങനെയായിരുന്നില്ലല്ലോ.
ഇന്ന് സർക്കാർ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിൽ മെറിറ്റും സംവരണവും സാമൂഹ്യ നീതി ഉറപ്പാക്കുകയാണ്. ആ ‘പുഷ്കല’ കാലത്ത് ഇങ്ങനെ ആയിരുന്നില്ലല്ലോ. ഇന്നത്തെ സാമൂഹ്യ നീതിയെയാണ് പഴം കഥകളിൽ ഊറ്റം കൊണ്ട് ടീച്ചർ അവഹേളിക്കുന്നത്.
സർക്കാർ കോളേജുകളെയപ്പാടെ ടീച്ചർ ആക്ഷേപിക്കുകയാണ്. എന്താണ് അതിനടിസ്ഥാനമെന്നു വ്യക്തമാക്കാമോ ടീച്ചർ?
സ്വകാര്യ കോളേജുകളിൽ എന്ത് നടക്കുന്നെന്ന് ടീച്ചർ അന്വേഷിച്ചിട്ടുണ്ടോ?
യൂണിവേഴ്സിറ്റി കോളേജടക്കമുള്ള സർക്കാർ കോളേജുകൾ ചോരക്കളങ്ങളാണെന്ന് ആരാണ് ടീച്ചറെ ധരിപ്പിച്ചിരിക്കുന്നത്?
മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടി എത്തുന്ന മിടുക്കരായ വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള സർക്കാർ കോളേജുകളിലുള്ളത്. അവിടെ പഠിച്ച് റാങ്ക് നേടുന്ന കുട്ടികൾ കപട പരീക്ഷയിലൂടെ വിജയിക്കുന്നുവെന്ന് ടീച്ചറുടെ നന്മ മനസ്സിൽ തോന്നിയത് അത്യന്തം ക്രൂരമായിപ്പോയി.
സ്വകാര്യ കോളേജുകളിലും കേന്ദ്ര സർവ്വകലാശാലകളിലും വിദ്യാർത്ഥികൾക്ക് നേരെ അധികാരികൾ നടത്തുന്ന അതിക്രമങ്ങളും കുട്ടികൾ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുന്നതും ടീച്ചർ കാണുന്നില്ലേ?
യൂണിവേഴ്സിറ്റി കോളേജിൽ ഇപ്പോൾ സംഭവിച്ച നടക്കാൻ പാടില്ലാത്ത കൃത്യത്തിന് ന്യായീകരണമായല്ല ഇത് പറയുന്നത്. ആ സംഭവത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണം. പക്ഷേ, അതിന്റെ പേരിൽ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന കള്ളക്കഥകളിൽ ടീച്ചറെപ്പോലൊരാൾ വീണുപോകാൻ പാടില്ലാത്തതാണ്.
യു ജി സി സ്കെയിൽ വാങ്ങുന്ന അധ്യാപകർ കൃത്യമായ യോഗ്യത നേടി കഴിവ് തെളിയിച്ച് അധ്യാപന രംഗത്ത് നില്ക്കുന്നവരാണ്. എന്തടിസ്ഥാനത്തിലാണ് അധ്യാപകരെ ടീച്ചർ അടച്ചാക്ഷേപിക്കുന്നത്?
ഇക്കൂട്ടത്തിൽ ഏതെങ്കിലും അധ്യാപകന്റെ/ അധ്യാപികയുടെ ക്ലാസ് ടീച്ചർ നേരിൽ അറിഞ്ഞിട്ടുണ്ടോ?
ആ ‘പുഷ്കല’ കാലത്ത് മരത്തണലിൽ കവിത ചൊല്ലിയിരുന്ന അനുഭവം ടീച്ചർ അനുസ്മരിക്കുന്നുണ്ടല്ലോ. ഇപ്പോഴും യൂണിവേഴ്സിറ്റി കവിതയും പാട്ടും വറ്റിപ്പോയിട്ടില്ല ടീച്ചർ. അധ്യാപകരോ കുട്ടികളോ അത് നിരോധിച്ചിട്ടുമില്ല.
കഴിഞ്ഞ രണ്ടു വർഷവും സർവ്വകലാശാല കലോത്സവത്തിൽ രണ്ടാം സ്ഥാനം യൂണിവേഴ്സിറ്റി കോളേജിനാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. നിർദ്ധനരായ ഈ കുട്ടികൾ കോളേജിലെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെയും അവർ നല്കുന്ന പിന്തുണയിലുമാണ് ഈ അഭിമാനം നേടിത്തരുന്നത്. അവരെ അഭിനന്ദിച്ചില്ലെങ്കിലും അധിക്ഷേപിക്കരുത് ടീച്ചർ.
‘സര്ക്കാർ കോളേജുകളിൽ മാത്രമല്ലേയുള്ളൂ ഈ ലജ്ജാകരമായ അവസ്ഥ’ എന്ന് ടീച്ചർ പരിതപിക്കുകയാണ്.
എന്താണ് ലജ്ജാകരം?
മെറിറ്റടിസ്ഥാനത്തിൽ മിടുക്കരായ കുട്ടികൾ പഠിക്കാനെത്തുന്നതോ?
ജാതിമത വ്യത്യാസമില്ലാതെ അവർ ഒത്തുചേരുന്നതോ?
പി എസ് സി പരീക്ഷയിലൂടെ യോഗ്യരായ അധ്യാപകർ പഠിപ്പിക്കുന്നതോ?
സാമൂഹ്യ നീതി ഉറപ്പാക്കുന്നതോ?
ഉയര്ന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശനം നേടി മികച്ച അധ്യാപകരുടെ കൂടി സഹായത്താൽ പഠിച്ച് റാങ്കുൾപ്പെടെ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾ കപട പരീക്ഷയിലൂടെയാണതു നേടുന്നത് എന്ന് പറയുന്ന ‘നന്മമനസ്സ്’ എന്തായാലും എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല ടീച്ചർ.
പല സ്വകാര്യ – സ്വാശ്രയ കോളേജുകളിലെ പരീക്ഷാരീതിയും, അധ്യാപകരുടെ മികവും മറ്റു സമ്പ്രദായങ്ങളും കേരള സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗമായിരുന്ന എനിക്ക് നേരിൽ അറിയാം ടീച്ചർ. ഒരു സംവാദത്തിന് തയ്യാറാണെങ്കിൽ ടീച്ചർ ഉന്നയിച്ചിരിക്കുന്ന ഓരോ ആരോപണവും ശുദ്ധനുണയാണെന്ന് തെളിവ് നല്കി സ്ഥാപിക്കാന് ഞാൻ തയ്യാറാണ്.
കുറ്റകൃത്യങ്ങൾ ഇല്ലാത്തൊരു സമൂഹത്തിലല്ലല്ലോ ടീച്ചർ നമ്മൾ ജീവിക്കുന്നത്. ഈ സമൂഹത്തിൽ നിന്നാണ് കുട്ടികൾ എല്ലാ കോളേജിലും എത്തുന്നത്. ഈ സമൂഹത്തിലാണ് അവർ ജീവിക്കുന്നത്. ആർത്തിയും ലാഭക്കൊതിയും ചേർന്ന് രൂപപ്പെടുത്തുന്ന മനുഷ്യത്വരഹിതമായ അസ്വസ്ഥത എല്ലാരിലുമെന്ന പോലെ കുട്ടികളിലുമുണ്ട്.
നന്മ – തിന്മകളുടെ സ്വാധീനം അവരിൽ ഏറിയും കുറഞ്ഞും ഉണ്ടാവും. കുറ്റവാസനകൾ തിരുത്തിക്കാനും സ്വയം തിരുത്താനും തയ്യാറാവലാണ് ആവശ്യം.
‘അഭിമാനമായിരുന്നു’ യൂണിവേഴ്സിറ്റി കോളേജ് എന്ന് ടീച്ചർ പറയുന്നു.
അത് ഭൂതകാലമല്ലേ ടീച്ചർ.
വർത്തമാനത്തിലേക്ക് വരൂ,
നേരിനെ നേരായി അംഗീകരിക്കൂ.
യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥിയും അധ്യാപികയുമായ എനിക്ക് വസ്തുതകള് പകർന്നുതരുന്ന ആർജ്ജവത്തോടെ പറയാൻ കഴിയും, അഭിമാനമാണ് യൂണിവേഴ്സിറ്റി കോളേജ്. ഞങ്ങൾക്ക് അഭിമാനമാണ് കേരളത്തിലെ സർക്കാർ കോളേജുകൾ.