Mon. Nov 23rd, 2026

നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ തീരുമാനപ്രകാരം ബിന്ദു അമ്മിണി മീനാക്ഷിയെ തേടി ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാസർഗോഡ് ഉള്ള മീനാക്ഷിയുടെ വീട്ടിലെത്തുമ്പോൾ മീനാക്ഷി ഒരു പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. 4 മണിവരെ കാത്തിരുന്ന ശേഷമാണ് മീനാക്ഷിയെ കണ്ടത്. എല്ലാവർക്കും അറിയാവുന്നതുപോലെ MA യ്ക്കും Mphil നും ജീവിതത്തോട് പോരാടി ഒന്നാം റാങ്ക് നേടിയ 28 കാരി മീനാക്ഷി ബീഡി തെറുത്താണിപ്പോൾ ഉപജീവനം നടത്തുന്നത്. കർണ്ണാടക അതിർത്തിയോടടുത്തുള്ള കൂളൂർ എന്ന പ്രദേശത്ത് ഭർത്താവിനും കുഞ്ഞിനും ഒപ്പം താമസിയ്ക്കുന്ന മീനാക്ഷി കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയമാണിത്. കന്നട സാഹിത്യത്തിൽ എം.എ യ്ക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ വിജയിച്ച മീനാക്ഷി എം.ഫിൽ ചെയ്തതും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ തന്നെ ആയിരുന്നു.

പിന്നോക്ക ആദിവാസി വിഭാഗമായ കൊറഗ കമ്മ്യൂണിറ്റിയിൽ പത്താം തരം വിജയിച്ചവർ തന്നെ വിരളമാണ്. എന്നാൽ കുടുംബിനി കൂടിയായ മീനാക്ഷി ബീഡി തെറുത്ത് അതിൽ നിന്നു കിട്ടുന്ന നിസാരമായ വരുമാനം കൊണ്ടാണ് ജീവിതവും പ0നവും മുന്നോട്ട് കൊണ്ടു പോകുന്നത്. 1500 ബീഡി തെറുക്കുമ്പോൾ ലഭിയ്ക്കുന്നത് 150 രൂപ മാത്രം 400 ബീഡി വരെയെ ഒരു ദിവസം തെറുക്കാനാകൂ എന്ന് മീനാക്ഷിയുടെ അമ്മായി പ്രമീള പറയുന്നു.

ആദിവാസി വിഭാഗത്തിൽ തന്നെ വളരെ പിന്നോക്കം നിൽക്കുന്ന കൊറഗ വിഭാഗത്തിൽ നിന്ന് സ്വപ്രയത്നം കൊണ്ട് ഉന്നത വിജയം കരസ്ഥമാക്കിയ മീനാക്ഷിയെ കാണാൻ അവിടെ കാത്തിരിക്കുമ്പോൾ രഘുനാഥ എന്ന യുവാവുമെത്തി.12 വർഷങ്ങൾക്ക് മുമ്പ് TT C വിജയിച്ച രഘുനാഥ ഇപ്പോൾ ഉപജീവനത്തിനായ് ഓട്ടോറിക്ഷ ഓടിയ്ക്കുകയാണ്.മീനാക്ഷി എത്തുന്നതിനിടയ്ക്ക് ബന്ധുക്കളുടെ ഹൃദയഹാരിയായ ആഥിത്യം അനുഭവിച്ചറിഞ്ഞതായി ബിന്ദു അമ്മിണി പറയുന്നു. ആദിവാസി വിഭാഗങ്ങൾക്കുള്ള സംവരണ വേക്കൻസികൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് അർഹതയുള്ള മീനാക്ഷിയും രഘുനാഥയും മറ്റും ജീവിതം കൂട്ടിമുട്ടിയ്ക്കാൻ പെടാപാട് പെടുന്നത്. നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്ത ഈ അനീതയ്ക്കെതിരെ പോരാടുക തന്നെ ചെയ്യുമെന്നും കഴിയുന്നത്ര കൈത്താങ്ങാവുകയും ചെയ്യുമെന്ന് ബിന്ദു പറഞ്ഞു. 

അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ ഏറെയുണ്ട് കേരളത്തിൽ. എന്നാൽ അവരെപ്പോലെയല്ല മീനാക്ഷി. കൊറഗ ഗോത്രവിഭാഗത്തിലുള്ള ആദ്യത്തെ എം.ഫിൽ ബിരുദധാരിയാണ് മീനാക്ഷി.വേറെയും ടിടിസി പാസായ ഒരുയുവാവ് അവിടെ ഓട്ടോറിക്ഷ ഓടിച്ച് നടപ്പുണ്ട്. മീനാക്ഷിക്കും ആ വിഭാഗത്തിലെ ആർക്കും ജോലി ലഭിക്കാതിരുന്നത് സർക്കാർ അവഗണന കൊണ്ടെന്ന് പറയാൻ പറ്റില്ല വിദ്യാഭ്യാസ കാര്യങ്ങളിലുള്ള ആ വിഭാഗത്തിൻറെ അവബോധമില്ലായ്മയാണ്.

കഴിഞ്ഞ നൂറ്റാണ്ടിലെ നവോത്ഥാന ചരിത്രം പറഞ്ഞു നിർവൃതികൊള്ളുന്ന എണ്ണിയാലൊടുങ്ങാത്ത ദളിത് സംഘടനകളുണ്ടെങ്കിലും വർത്തമാനകാലത്തെ അവയുടെ ഇടപെടലുകളുടെ ബാക്കിപത്രമാണ് മീനാക്ഷിമാരോടുള്ള ആ വിഭാഗത്തിൻറെ സമീപനങ്ങളിൽപോലും മാറ്റം വരുത്താൻ ആയിട്ടില്ലെന്നത് സൂചിപ്പിക്കുന്നത്. മീനാക്ഷിയെ കാണാൻ ബിന്ദു അമ്മിണി എത്തുന്നുണ്ടെന്ന് അറിഞ്ഞു തെറി നാമജപകലാപരിപാടിക്കാരും ഹാജരായിരുന്നെങ്കിലും സ്പെഷ്യൽബ്രാഞ്ചിന് വിവരം ലഭിച്ചതിനെത്തുടർന്ന് മീനാക്ഷിയുടെ വീട്ടിലും പോലീസ് സുരക്ഷയൊരുക്കിയിരുന്നതിനാൽ തെറി നാമജപ കലാപരിപാടിയിൽ കമ്മറ്റി ഭേദഗതി വരുത്തുകയായിരുന്നു. പരിപാടിയിൽ ഭേദഗതിവരുത്താൻ തെറിനാമജപ കമ്മറ്റിക്കും അധികാരമുണ്ടല്ലോ? കുറേപ്പേർ കനക ദുർഗ്ഗ വരുന്നുണ്ടെന്ന് തെറ്റിദ്ധരിച്ച് റെയിൽവെ സ്റ്റേഷനിലും ബസ്‌സ്റ്റാണ്ടിലുമൊക്കെ കലാപരിപാടിക്കാരെ അറേഞ്ച് ചെയ്തിരുന്നു.കഥയെന്തെന്നറിയാതെ പോലീസിനെയും നാമജപക്കാരെയുമൊക്കെ കണ്ട് അന്തംവിട്ട് കൊറഗ വിഭാഗക്കാരും.

ഒരിക്കൽ റിപ്പബ്ലിക് ദിന പരേഡിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ട് രാഷ്ട്രപതിയുടെ കത്തു വരെ കാസറഗോഡുകാരിയായ മീനാക്ഷിയെ തേടിയെത്തിയിരുന്നു. ഗോത്ര വിഭാഗങ്ങളിൽ നിന്ന് ഇക്കാലത്ത് ഒരുപാട് പേർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുന്നുണ്ട്. കൊറഗർക്ക് മാത്രമെന്താണ് ഇത്ര പ്രത്യേകതയെന്ന സംശയം അവിടെ ചെന്നാൽ ദൂരീകരിക്കപ്പെടും എന്ന് ബിന്ദു അമ്മിണി പറയുന്നു .

കേരളത്തിൽ ഏഴു പഞ്ചായത്തുകളിൽ മാത്രമുള്ള വളരെ ന്യൂനപക്ഷമായ ഒരു വിഭാഗമാണ് കൊറഗർ. ആകെ ആയിരത്തി നാന്നൂറ് അംഗങ്ങൾ മാത്രമുള്ള ഒരു ഗോത്രം. നാൾക്കുനാൾ അംഗസംഖ്യ കുറഞ്ഞു വരുന്ന വിഭാഗം. കേരളത്തിൽ കാസറഗോഡിലെ മഞ്ചേശ്വരം, മീഞ്ച, ബദിയടുക്ക, വോർക്കാടി, ദേലംപാടി, ഏന്മകജെ, വെള്ളൂർ എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് ഇവരുള്ളത്. കർണാടകയുടെ തെക്കുഭാഗത്തും ഇവരുണ്ട്. കാട്ടുവള്ളികൾ വെട്ടിക്കൊണ്ടുവന്ന് കുട്ടകൾ നിർമിച്ചു വിൽപ്പന നടത്തിയാണ് ഇവരുടെ ഉപജീവനം കഴിഞ്ഞു പോകുന്നത്. പരമ്പരാഗതമായി കാടിനോട് ചേർന്ന് കൂട്ടമായാണ് താമസിച്ചിരുന്നതെങ്കിലും സർക്കാർ പുനരധിവാസ പദ്ധതികളുടെ ഫലമായി അതിലെല്ലാം മാറ്റം വന്നിട്ടുണ്ട്.

സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന കൊറഗർ അസുഖം വന്ന് ചത്ത പശുവിനെ ആഹാരമാക്കുന്നവരാണ്. മറ്റ് ഗോത്ര വിഭാഗങ്ങളുമായി താരതമ്യം പോലും സാദ്ധ്യമല്ല. അത്ര പിന്നാക്കാവസ്ഥയാണ്. വിദ്യാഭ്യാസ കാര്യത്തിലും ഏറെ പിന്നിലാണ് ഇവർ. കൊറഗ വിഭാഗത്തിലെ ആകെ രണ്ടുപേർക്കാണ് ഗവണ്മെന്റ് ജോലി ഉള്ളത്. മാവില, മറാട്ടി തുടങ്ങിയ മറ്റു ഗോത്ര വിഭാഗങ്ങൾ കൊറഗരെ അപേക്ഷിച്ചു നോക്കിയാൽ വളരെ മുന്നിലാണ്. എന്നാൽ കൊറഗർക്കിടയിൽ എസ്.എസ്.എൽ.സി വിദ്യാഭ്യാസം പോലും ചുരുക്കം ചിലർക്കേ ഉള്ളൂ. ആ സാഹചര്യത്തിലാണ് മീനാക്ഷി സർവ പ്രതിബന്ധങ്ങളോടും പോരാടി എം.ഫിൽ ബിരുദം നേടിയത്. ആ മീനാക്ഷി ഉപജീവനത്തിനായിബീഡി തെറുക്കുന്ന വാർത്തയാണ് കഴിഞ്ഞദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്നത്.

മീനാക്ഷിയെ കാണുമ്പോൾ കൊറഗർ ചോദിക്കും, ‘എന്തിനാണ് പഠിക്കാൻ പോയി നേരം കളഞ്ഞത്? ആ നേരത്ത് പണിക്ക് പോയിരുന്നെങ്കിൽ സമ്പാദിക്കാമായിരുന്നില്ലേ? ‘ ഈ ചോദ്യം അവൾക്ക് ഭയമാണ്. ഒരു ജോലിക്ക് അവൾക്ക് നേടാനായായിരുന്നെങ്കിൽ കൊറഗരുടെ വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാടിൽ തന്നെ മാറ്റം വന്നേനെ. വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന കുട്ടികൾക്ക് പ്രചോദനമായേനെ എന്ന് മീനാക്ഷി പറയുന്നു

പഠന ചെലവ് കണ്ടെത്താനാണ് മീനാക്ഷി എസ്.എസ്.എൽ.സി മുതൽ ബീഡി തെറുപ്പ് ജോലിക്ക് പോയി തുടങ്ങിയത്. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി സമ്പാദിച്ച് ഈ പണി നിറുത്തണമെന്ന് കരുതിയതാണ്. എന്നാൽ അതെല്ലാം വിഫലമായി. പഠനം ഇനിയും തുടരണമെന്ന് തന്നെയാണ് മീനാക്ഷിയുടെ ആഗ്രഹം. പക്ഷേ ഇപ്പോൾ വേണ്ടത് ജോലിയാണ്. പ്രായമായ അച്ഛനും അമ്മയും ഭർത്താവും മകനുമടങ്ങുന്ന കുടുംബമുണ്ട്. അവരെ നന്നായി നോക്കണം. അതിന് ജോലിയാണ് ആവശ്യം. ഭർത്താവ് രത്നാകര സ്വകാര്യ ബസ്സിലെ കണ്ടക്ടറാണ്. സ്ഥിര ജോലിയല്ല. വല്ലപ്പോഴുമേ ജോലി ഉണ്ടാകൂ. അതുകൊണ്ട് തന്നെ വരുമാനമില്ല. ഈ സാഹചര്യത്തിൽ, ലഭിച്ച എം.ഫിൽ ബിരുദം മറന്ന് ബീഡി തെറുപ്പിനിറങ്ങിയത് കുടുംബം പോറ്റാനാണ്.

പട്ടികവിഭാഗങ്ങളിൽ കൊറഗർ അടക്കം ഒരുപാട് ഗോത്ര വിഭാഗങ്ങളുണ്ട്. അക്കൂട്ടത്തിൽ സാമ്പത്തികമായി മോശമല്ലാത്തവരും ഉണ്ട്. വിദ്യാഭാസപരമായി കൊറഗരേക്കാൾ മുൻപന്തിയിലാണ് അവരൊക്കെ. അവരിൽ നിന്ന് ഡോക്ടർമാരും എഞ്ചിനീയർമാരും ഉണ്ടാകുന്നുണ്ട്, സർക്കാർ ജോലിക്കാരുമുണ്ട്. ദലിതർ പോലും അയിത്തം കല്പിച്ച കൊറഗർക്ക് ഇവരിൽ നിന്നെല്ലാം പോരാടി ഉയർന്ന അവസ്ഥയിലേക്കെത്തുക എന്നത് ഭഗീരഥപ്രയത്നം തന്നെയാണ്. ഇക്കൂട്ടത്തിൽ നിന്ന് എം.ഫിൽ ബിരുദം നേടി വിദ്യാഭ്യാസപരമായി ഔന്നിത്യത്തിലെത്തിയ മീനാക്ഷി വ്യത്യസ്തയാകുന്നത് അതുകൊണ്ട് കൂടിയാണ്.

ഉൾവലിയാൻ താല്പര്യപ്പെടുന്ന, വിദ്യാഭ്യാസം ഒരു ലക്ഷ്യമല്ലാത്ത ഒരു സമൂഹമാണ് മീനാക്ഷിക്ക് ചുറ്റുമുള്ളത്. അവരുടെ ഇടയിൽ നിന്ന് ഉയർന്ന വിദ്യാഭ്യാസം നേടാൻ ആഗ്രഹിച്ച മീനാക്ഷിക്ക് ലഭിച്ചത് പിന്തുണയല്ല, കുറ്റപ്പെടുത്തലുകളും നിരുത്സാഹപ്പെടുത്തലുകളുമാണ്. എന്നാൽ രക്ഷിതാക്കളുടെ വലിയ പിന്തുണയാണ് മീനാക്ഷിക്ക് ബലം. മീനാക്ഷിക്ക് ഒരു പരിഭവമേ ഉള്ളൂ. തന്നെ കുറ്റപ്പെടുത്തിയവർക്ക് മുന്നിൽ ഒന്നുമാവാൻ കഴിഞ്ഞില്ല എന്ന പരിഭവം. വിദ്യാഭ്യാസത്തെ കുറിച്ച് ഒരു ബോധവുമില്ലാത്തവർക്ക് വിദ്യാഭ്യാസം കൊണ്ട് ഇങ്ങനെയൊക്കെയാണ് നേട്ടം എന്ന് കാണിച്ചു കൊടുക്കാൻ കഴിയാഞ്ഞതിലെ നിരാശ.

ബി.എഡ് നേടുക എന്നതാണ് മീനാക്ഷിയുടെ ഇനിയുള്ള ലക്ഷ്യം. കഷ്ടപ്പാടുകൾ സഹിച്ച് നേടിയെടുത്ത എം.ഫിൽ ബിരുദം വെറുതേയാക്കാൻ മീനാക്ഷി ആഗ്രഹിക്കുന്നില്ല. കാരണം മകനെ പോലും കാര്യമായി ശ്രദ്ധിക്കാനാവാതെ, എന്നാൽ അവനെ നോക്കേണ്ടത് കൊണ്ട് ഹോസ്റ്റലിൽ തങ്ങാതെ നിത്യവും യാത്ര ചെയ്താണ് മീനാക്ഷി എം.ഫിൽ ബിരുദമെടുത്തത്. ബി.എഡ് നേടിയാൽ താൽക്കാലിക വേക്കൻസിയിൽ അദ്ധ്യാപകവൃത്തി ചെയ്യാം. കുടുംബം പോറ്റാനാകും. എന്നാലും ബി.എഡിന് ശേഷം യു.ജി.സി നെറ്റ് നേടി കൊറഗ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ കോളേജ് അദ്ധ്യാപികയാവാനാണ് ഇപ്പോഴത്തെ ആഗ്രഹം.