Thu. Apr 18th, 2024

സി.പി.എമ്മിനെതിരെ ആരോപണവുമായി കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയും മക്കളും. കേസ് വഴി തിരിച്ചു വിടുന്നതിനായി പാര്‍ട്ടി അപവാദം പ്രചരിപ്പിക്കുകയാണെന്ന് ബീന ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇങ്ങനെ അപവാദപ്രചരണം തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബീന പറഞ്ഞു. അപവാദം പ്രചരിപ്പിക്കുന്നവര്‍ തന്റെ മക്കളെക്കുറിച്ചെങ്കിലും ഓര്‍ക്കണം. കുട്ടികള്‍ തനിക്കെതിരെ മൊഴി നല്‍കിയെന്നത് വ്യാജപ്രചരണം മാത്രമാണെന്നും വീട്ടില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും ബീന പറഞ്ഞു. ലോകം ഒരുപാട് കണ്ട സാജന്‍ ഒരു നിസാരകാരണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നും ബീന പറഞ്ഞു.

കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന് മകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് താന്‍ നല്‍കിയ മൊഴി. അത് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും മകള്‍ പറഞ്ഞു. വീഡിയോ കോള്‍ ചെയ്തത് താനാണെന്ന് മകനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ മകള്‍ മൊഴി നല്‍കിയെന്ന വാര്‍ത്ത പച്ചക്കള്ളമാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശാഭിമാനിക്കെതിരെ നിയനടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞു. കുട്ടികളുടെ പേരിലും വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

ആന്തൂരില്‍ വ്യവ്യസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത കേസില്‍ സുപ്രധാന വഴിത്തിരിവെന്നാണ്് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജന്‍ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് ദേശാഭിമാനി വിശദീകരിക്കുന്നു.

സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ പികെ ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമള. ശ്യാമളയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനിയിലൂടെ അന്വേഷണത്തിലെ റിപ്പോര്‍ട്ട് പുറത്തു വിടുന്നത്.

സാജന്റെ പേരിലുള്ള മൂന്ന് സിംകാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് വന്ന ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയത്. അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മന്‍സൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാള്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട്

മന്‍സൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാള്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണും കസ്റ്റഡിയിലെടുത്തു. സാജന്‍ പാറയിലിന്റെ ഡ്രൈവറായിരുന്നു മന്‍സൂര്‍. സാജന്റെ ഭാര്യയെ സംശയ നിഴലില്‍ നിര്‍ത്തും വിധമാണ് ദേശാഭിമാനി വാര്‍ത്ത.

മന്‍സൂറിന്റെ ഫോണ്‍കോളുകളും അതേതുടര്‍ന്നുള്ള പ്രശ്നങ്ങളുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസെന്ന് ദേശാഭിമാനി പറയുന്നു. ഇതെല്ലാം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ സാജന്‍ ആത്മഹത്യചെയ്ത ജൂണ്‍ 18വരെയുള്ള അഞ്ചര മാസത്തിനിടെയാണ് 2400ല്‍പരം കോളുകള്‍ വന്നത്. 25 കോളുകള്‍ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകള്‍ നീളുന്നവ. സാജന്‍ മരിച്ച ദിവസവും 12 തവണ വിളിച്ചു. രാത്രി 11.10നും വീഡിയോകോള്‍ വന്നു. ഇതിനുശേഷമാണ് സാജന്‍ ആത്മഹത്യചെയ്തതെന്ന് ദേശാഭിമാനി പറയുന്നു.