ഇടമറുകിന്റെ ചരമ ദിനത്തിൽപോലും മുൻകാല യുക്തിവാദികളെ അധിക്ഷേപിക്കുന്ന നാസ്തികമോർച്ചക്കാർക്കെതിരെ ഇടമറുകിന്റെ സഹപ്രവർത്തകനായിരുന്ന പി.പി. സുമനൻ പ്രതികരിക്കുന്നു.
✍️ പി.പി.സുമനൻ (കേരളയുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി അംഗം)
ജോസഫ് ഇടമറുകിന്റെ അനുസ്മരണ ദിനത്തിൽപോലും ഔചിത്യബോധമില്ലാതെ മുൻകാല യുക്തിവാദികളെ സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിക്കുന്ന നവയുക്തിവാദികളായ നാസ്തിക മോർച്ചക്കാരുടെ കുപ്രചരണങ്ങൾ തിരിച്ചറിയണം. അദ്ദേഹത്തിൻറെ മകനും ഇന്ത്യന്‍ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റുമായ, മത തീവ്രവാദികളുടെ ഭീഷണിയും മതനിന്ദാ കേസുകളും മൂലം പ്രവാസ ജീവിതം നയിക്കുന്ന സനൽ ഇടമറുകിനെതിരെ വ്യക്തിഹത്യാ പോസ്റ്റുകൾ സോഷ്യൽ മീഡിയവഴി വഴി പ്രചരിപ്പിച്ചും ചർച്ച്ചെയ്തുമാണ് ഇവർ സ്ഥിരം കലാപരിപാടി അരങ്ങേറുന്നത്.
കേരളാ യുക്തിവാദി സംഘത്തിൽ പ്രവർത്തിക്കുമ്പോൾ മുതൽ ജോസഫ് ഇടമറുകിനെ വ്യക്തിപരമായി അറിയുന്നയാളാണ് ഞാൻ. 1952 മുതല്‍ കേരള യുക്തിവാദി രംഗത്ത് സജീവപ്രവര്‍ത്തകനായിരുന്ന ഇടമറുക് സംഘത്തിൻറെ ജനറല്‍ സെക്രട്ടറി സ്ഥാനം വരെ അലങ്കരിച്ചിരുന്നു. അദ്ദേഹത്തിനെതിരെയുള്ള സ്വയം ആളാകാൻവേണ്ടി മറ്റുള്ളവരെ അവഹേളിച്ച് നിർവൃതിയടയുന്ന ഇന്നലെപൊട്ടിമുളച്ച യുക്തി അവതാരങ്ങളും ഭക്തരുംനടത്തുന്ന നികൃഷ്ടമായ കുപ്രചരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം.
അദ്ദേഹത്തിൻറെ മകൻറെ പേരിൽ ഇവർ ഉന്നയിക്കുംപോലെ ഇന്ത്യയിലെ ഒരുസ്റ്റേഷനിലും നിരവധി ചീറ്റിങ്ങ് കേസുകൾ ഒന്നുമില്ല.ആകപ്പാടെ ഉള്ളത് പേരൂർക്കട സ്റ്റേഷനിലെ ഒരു കേസാണ്. അതിൻറെ വിശദാംശങ്ങളെക്കുറിച്ചോന്നും എനിക്കറിയില്ല.പക്ഷെ അദ്ദേഹം നാടുവിടേണ്ടിവന്നത് അതുകൊണ്ടാണ് എന്നത് തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് പറയാതിരിക്കാനാവില്ല. കാരണം ആകേസുപോലും സംജാതമാകുന്നത് അദ്ദേഹം നാടുവിട്ട് നാലോ അഞ്ചോ വർഷത്തിന് ശേഷമാണ്.
നരേന്ദ്ര ധബോൽക്കർക്ക് മുൻപേ ഹിന്ദു ഫാസിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നയാളാണ് സനൽ ഇടമറുക്. ഡൽഹിയിലും മഹാരാഷ്ട്രയിലും രാജ്യത്തിൻറെ വിവിധഭാഗങ്ങളിലുമായി 300 ഓളം കേസുകൾ അദ്ദേഹത്തിനെതിരെ എടുത്തിരുന്നു. മുംബയിലെ പരാതിയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഡൽഹിയിൽനിന്ന് മുംബയിൽ എത്തിക്കാനും മാർഗ്ഗമധ്യേ വധിക്കാനും വരെ തീവ്ര ഹിന്ദുത്വവാദികൾ പരിപാടിയിട്ടിരുന്നതായി പിന്നീട് വെളിവായിരുന്നു. സംഭവത്തിൻറെ ഉത്തരവാദിത്വം ക്രിസ്ത്യൻ സംഘടനകളുടെ തലയിൽ വെച്ച് ഒരു വർഗ്ഗീയ സംഘർഷത്തിനുള്ള സുവർണ്ണാവസരവും സ്വപനം കണ്ടിരുന്നു. ഇതനുസരിച്ച് 3 കേസുകൾ ചാർജ്ജ് ചെയ്തിരുന്നു. കോടതിയിൽ കൊണ്ടുവരുമ്പോൾ ആൾക്കൂട്ട അക്രമത്തിൽ വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടും ഉണ്ടായിരുന്നു. അതല്ലെങ്കിൽ ജാമ്യം നിഷേധിച്ച് ദീർഘകാലം ജയിലിൽ അടക്കാനുമായിരുന്നു പദ്ധതി. ഐപിസി 295 A , 153 എന്നീവകുപ്പുകളാണ് സനലിനെതിരെ ചാർജ്ജ് ചെയ്തിരുന്നത്.
ഭക്തജന സംഘം സോഷ്യൽ മീഡിയയിലിരുന്ന് ചർച്ച ചെയ്യുന്നതുപോലെയല്ല കോടതിനടപടികളും കേസും. കേസ് നിലനിൽക്കുമോ ട്രയൽ നടക്കുമ്പോൾ പൊട്ടിപ്പോകുമോ എന്നതൊക്കെ വേറെകാര്യം 295 A , 153 എന്നീവകുപ്പുകൾ നോൺ ബെയ്ലബിൾ ആണ് ജയിലിപ്പോകുകയും ജാമ്യമെടുക്കുകയും ചെയ്യുകയേ വഴിയുള്ളൂ. വെറുതെ യുട്യൂബ് പ്രഭഷണം നടത്തൽ മാത്രമല്ലല്ലോ ജോസഫ് ഇടമറുകും മകനും ചെയ്തിരുന്നത്? അതുകൊണ്ട് കേസുണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാൽ ഡൽഹിയിൽ താമസിച്ചിരുന്ന അദ്ദേഹത്തിന് മറ്റ് സംസ്ഥാനങ്ങളിലെ ഇത്രയധികം കേസുകളിൽ ജാമ്യമെടുക്കാനും കേസുനടത്താനുമുള്ള ബുദ്ധിമുട്ട് ആർക്കും ചിന്തിച്ചാൽ മനസിലാകും.അതോടൊപ്പം ഭീഷണിയും.
അദ്ദേഹം നാടുവിട്ടത് ഭക്തന്മാർ പ്രചരിപ്പിക്കുന്നതുപോലെ അല്ല.സർക്കാരിന്റെ അറിവോടെ അന്നത്തെ പ്രതിരോധമന്ത്രിയും യുക്തിവാദിയുമായ എ.കെ. ആൻറണിയുടെ സഹായത്തോടെയാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അതിന് ശേഷം അദ്ദേഹം തിരിച്ച് ഇൻഡ്യയിലേക്ക് വരാൻ നിരവധി തവണ ശ്രമിച്ചിരുന്നു.രണ്ടുതവണ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. കഴിഞ്ഞതവണ മുഖ്യമന്ത്രി ദുബായിയി ൽ പോയപ്പോൾ കാണാൻ ശ്രമിച്ചെങ്കിലും കാണാൻ പറ്റിയില്ലെങ്കിലും ഇത്തവണ മുഖ്യന്ത്രി ലണ്ടൻ സന്ദർശിച്ചപ്പോൾ അവിടെയെത്തി അദ്ദേഹത്തെയും ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയും നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിക്കുകയുമുണ്ടായി. ഭരണമാറ്റം ഉണ്ടയാൽ താൻ തിരിച്ച് ഇന്ത്യയിലേക്ക് പോകുമെന്ന് ഇലക്ഷനുമുമ്പ് ആദ്ദേഹം തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വാസ്തവം ഇതായിരിക്കെ മറ്റുള്ളവരെ ഇകഴ്ത്തിക്കാട്ടി സ്വയം മഹാനാകുന്ന പരിപാടി അങ്ങേയറ്റം നികൃഷ്ടവും നിന്ദ്യവുമാണെന്ന് പറയാതെവയ്യ. അതോടൊപ്പം മതവാദികളും രാഷ്ട്രീയക്കാരും വോട്ടുമാത്രം ലക്ഷ്യമാക്കി യുക്തിവാദികളെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ പരസ്പരം അപമാനിച്ച് മറ്റുള്ളവരിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന നടപടി ഒട്ടും ആശാസ്യമല്ല.
സ്വന്തം സമുദായത്തിൽനിന്ന് ജാതകവും മുഹൂർത്തവും നോക്കി വിവാഹം കഴിക്കുകയും സമുദായ സംഘടനയുടെ ഔദാര്യത്തിൽ ഭാര്യയ്ക്ക് ജോലി നേടിയ ശേഷം സൊളി ഒരു സ്വതന്ത്ര വ്യക്തിയാണെന്ന് പറഞ്ഞയാളല്ല ജോസഫ് ഇടമറുക് ആര്‍ച്ച് ബിഷപ്പ് നേരിട്ട് മഹറോണ്‍ ചൊല്ലി സഭയില്‍ നിന്നും പുറത്താക്കിയ വ്യക്തിയായിരുന്നു എന്നെങ്കിലും ഭക്തജനങ്ങൾ തീരിച്ചറിയുക
ലോകത്തിലിത്ര വിവാദപരമായ, യുക്തിസഹമായ പുസ്തകം ജോസഫ് ഇടമറുകിനെപ്പോലെ ഇതുവരെയും ആരും സധൈര്യം പുറത്തുവിട്ട ചരിത്രമുണ്ടായിട്ടില്ല. താത്വികപരമായും വസ്തുനിഷ്ഠതയോടും വെല്ലുവിളിയുയര്‍ത്തിയ അദ്ദേഹത്തിൻറെ യുക്തിവാദ സാഹിത്യസൃഷ്ടി ഇന്നും തിളക്കമാര്ന്നുനില്ക്കുന്നു. അദ്ദേഹത്തിൻറെ ജ്വലിക്കുന്ന ഓർമ്മകൾക്കുമുന്നിൽ ഈ പഴയ സഹപ്രവർത്തകൻറെ .സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.