ബിന്ദു അമ്മിണിക്കും കനക ദുർഗ്ഗയ്ക്കുമെതിരായ ആക്രമണങ്ങളെയും ഗൂഢാലോചനകളെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ.
സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും സുപ്രീംകോടതിവിധിപ്രകാരം ശബരിമല ദർശനം നടത്തിയ സ്ത്രീകളെ അപമാനിക്കുകയും സ്വന്തം വീട്ടിൽപോലും ജീവന് ഭീഷണിയുള്ളതിനാൽ സുപ്രീംകോടതി 24/ 7 സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള കഴിഞ്ഞയാഴ്ചയും സംഘികൾ ആക്രമിക്കാൻ മുതിർന്ന ഒരുസ്ത്രീക്കെതിരെ അനാവശ്യമായ അപവാദ പരാമർശങ്ങളും അക്രമികളോട് ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതരത്തിലുള്ള പ്രസ്താവന നടത്തുകയും ചെയ്ത ആലപ്പുഴ എംപി ആരിഫിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ അറിയിച്ചു.
അതോടൊപ്പം സുപ്രീംകോടതിവിധി അട്ടിമറിക്കാനും സവർണ്ണ മാടമ്പിമാർക്കൊപ്പംകൂടി ശബരിമലയിൽ പോകാൻ സന്നദ്ധരായ സ്ത്രീകൾക്കെതിരെ നടത്തുന്ന ഭരണകൂട ഗൂഢാലോചനയെയും അക്രമങ്ങളെയും അപവാദപ്രചാരണങ്ങളെയും രാഷ്ട്രീയമായി നേരിടാനും ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്ന് സ്ത്രീ പക്ഷ കൂട്ടായ്മയുടെ പ്രവർത്തകർ പറഞ്ഞു.
ഭരണഘടനാബാധ്യതയുള്ള സർക്കാരും ജനപ്രതിനിധികളും ഇത് അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത ഉപതിരഞ്ഞെടുപ്പിൽ സ്ത്രീകളെ യഥാർത്ഥത്തിൽ വഞ്ചിച്ചതാരെന്ന് തെളിവ് സഹിതമുള്ള തുറന്നുപറച്ചിലുമായി തങ്ങൾ പ്രചാരണത്തിനിറങ്ങാനും തീരുമാനിച്ചിരിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
അടുത്ത ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തുകൊണ്ട് എന്തായാലും കേന്ദ്രത്തിലെ ബിജെപി സർക്കാരിനോ കേരളത്തിലെ എൽഡിഎഫ് സർക്കാരിനോ പ്രത്യേകിച്ചോന്നും സംഭവിക്കുന്നതല്ല എന്നതുകൊണ്ട് ഇത്തരം നിലപാടില്ലാത്ത രാഷ്ട്രീയക്കാരുടെ തനിനിറം തുറന്നുകാട്ടാൻ ഈ ഉപതെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വോട്ടുബാങ്കാണെന്ന് തെറ്റിദ്ധരിക്കുന്ന കുറേജാതിമത സംഘടനകളുടെ താത്പര്യാർത്ഥം ഭരണഘടനപോലും അട്ടിമറിക്കാമെന്ന വ്യാമോഹം വെച്ചുപൊറുപ്പിക്കത്തക്കതല്ല. ഇത്തരം ജാതിമത വർഗ്ഗീയ സംഘടനകൾക്കു മാത്രമല്ല ഇതൊന്നും ഇല്ലാത്തവർക്കും ജനാധിപത്യത്തിൽ ചിലതൊക്കെ ചെയ്യാനാവുമെന്ന് ഈ വോട്ടുതേണ്ടിപ്പരിഷകളെ ബോധ്യപ്പെടുത്തണ്ടതുമുണ്ട്. ആയതിനാൽ സമാനചിന്താഗതിക്കാരായും മുഴുവൻ വ്യകതികളും സംഘടനകളും ഞങ്ങളോടൊപ്പമുണ്ടാവണമെന്ന് സ്ത്രീ പക്ഷ കൂട്ടായ്മ അഭ്യർത്ഥിച്ചു.
ബിന്ദുവിനും കനക ദുർഗ്ഗയ്ക്കുമെതിരെയുള്ള ആക്രമണങ്ങൾ ഇനിയും ശബരിമലയിലേക്ക് പോകാൻ സന്നദ്ധരാകുന്ന യുവതികളോടുള്ള സംഘികളുടെ ഭീഷണിയാണെന്നും ആലപ്പുഴ എംപി ആരിഫിന്റേത് സംഘികൾക്കൊപ്പം ചേർന്ന ഭരണകൂട ഭീഷണിയാണെന്നും തിരിച്ചറിയേണ്ടിരിക്കുന്നു, എന്തായാലും ഇജ്ജാതി ഭീഷണികൾക്കും ഉമ്മാക്കികൾക്കും മുന്നിൽ മുട്ടുമടക്കാത്ത ആത്മാഭിമാനമുള്ള സ്ത്രീകൾ കേരളത്തിൽ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് സംഘികളും അവർക്ക് വിടുപണി ചെയ്യുന്ന ആരിഫ് മാരും തിരിച്ചറിഞ്ഞുകൊള്ളും. ശബരിമല സ്ത്രീപ്രവേശന മുന്നേറ്റവുമായി ഞങ്ങൾ മുന്നോട്ട് തന്നെയുണ്ടാകും എന്നും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ വ്യക്തമാക്കി.