Thu. Apr 25th, 2024

”ജനങ്ങൾക്കൊപ്പം നടക്കുകയല്ല നാം ചെയ്യേണ്ടത്, ജനങ്ങൾക്ക് മുമ്പേ നടന്ന് വഴികാട്ടികളാവുകയാണ് ” – പവനൻ

സി.ആർ. സുരേഷ്

ജനമനസ്സുകളിൽ മാനവികതയുടെ സംഗീതം മുഴക്കുവാൻ തന്റെ അറിവും അനുഭവവും ചിന്തയും ബോധവുമെല്ലാം സ്വാംശീകരിച്ച് എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത്, മൂർച്ചയുള്ള വാക്കുകളിലൂടെ മനുഷ്യ സ്നേഹത്തിലും സാമൂഹ്യചിന്തയിലും ചാലിച്ചെടുക്കാൻ അസാധാരണമായ വൈഭവം കാണിച്ച വിപ്ലവചിന്തകനായിരുന്നു പി.വി.നാരായണൻ എന്ന പവനൻ.

സാമൂഹ്യധാരയിലെ മാലിന്യങ്ങളായ അന്ധവിശ്വാസങ്ങളെയും, അനാചാരങ്ങളെയും, ജാതി മത വർഗീയ ശക്തികളേയും,  മതേതര വിരുദ്ധചിന്തകളേയും മുച്ചൂടും അറിയുവാൻ തന്റെ ധിഷണയെയും നിസ്വാർത്ഥമായ ജീവിത ശൈലിയെയും അദ്ദേഹം സദാ ഉപയോഗിച്ചു.

പത്രപ്രവർത്തനത്തിന്റെ മേഖലയിൽ ബിരുദമോ ഡിപ്ലോമയോ ഇല്ലാതിരുന്ന കാലത്ത് പത്രധർമ്മത്തിന്റെ സമസ്ത വേദാന്തങ്ങളും സ്വായത്തമാക്കുകയും രാപ്പകലെന്യേ വാർത്തകൾ തേടി അലഞ്ഞ സംഭവങ്ങളും ആത്മകഥാംശമുള്ള ‘വൃത്താന്ത പത്രപ്രവർത്തന’ത്തിലുണ്ട്.


എൺപതുകളുടെ മധ്യത്തിൽ,  മാർക്സിസ്റ്റ് ആചാര്യൻ ഇ.എം.എസും പവനനും തമ്മിലുള്ള മാർക്സിസ്റ്റ് – യുക്തിവാദ സംവാദം ഒരു പക്ഷെ, സാഹിത്യത്തിലെ പ്രാസവാദ സംവാദങ്ങൾക്കു ശേഷം, കേരള സാംസ്കാരികരംഗത്തു നടന്ന ശ്രദ്ധേയമായ സംഭവവികാസമായിരുന്നു.

ഇന്ത്യാ ഗവൺമെന്റിന്റെ എമിറേറ്റ്സ് അവാർഡ്, രണ്ട് തവണ സോവിയറ്റ്ലാൻഡ് അവാർഡ്, വൈലോപ്പിളളി പുരസ്കാരം, മഹാകവി ജി.സ്മാരക അവാർഡ്, വി.ടി.ഭട്ടതിരിപ്പാട് സ്മാരക പുരസ്കാരം, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

1975-84 വരെ സാഹിത്യ അക്കാദമി സെക്രട്ടറിയായി. കേരള സാഹിത്യ അക്കാദമി, കേരള സംഗീത അക്കാദമി എന്നിവയിൽ അംഗമായിരുന്ന പവനൻ കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.

പ്രേമവും വിവാഹവും, യുക്തിവിചാരം, ആദ്യകാല സ്മരണകൾ, പവനന്റെ തിരഞ്ഞെടുത്ത പ്രബസങ്ങൾ, അനുഭവങ്ങളുടെ സംഗീതം, കേരളം ചുവന്നപ്പോൾ  പ്രധാന രചനകളാണ്.