Tue. Nov 24th, 2026

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വധഭീഷണി. മമതാ ബാനര്‍ജിയെ കൊന്നാല്‍ ഒരു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുള്ള കത്ത് ലഭിച്ചതായി തൃണമുല്‍ കോണ്‍ഗ്രസ് എം.പി അപരൂപ പോഡര്‍. അരംബയില്‍ നിന്നുള്ള എം.പിയാണ് അപരൂപ. കത്ത് ലഭിച്ചയുടന്‍ അപരൂപ ശ്രീരാപൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

കത്തില്‍ മമതാ ബാനര്‍ജിയുടെ ചിത്രവും അച്ചടിച്ചിട്ടുണ്ട്. മമതയെ പിശാച് രൂപത്തില്‍ മോര്‍ഫ് ചെയ്ത ചിത്രമാണ് കത്തില്‍ ഉണ്ടായിരുന്നത്. രാജീവ് കില്ല എന്ന വ്യക്തിയുടെ ഒപ്പാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതേ പേരുള്ള ഒരാള്‍ തന്റെ പേര് മോശമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കി.

ബി.ജെ.പി എം.പി സൗമിത്ര ഖാന്‍ ഇന്നലെ മമതാ ബാനര്‍ജിയെ പിശാചെന്ന് വിളിച്ചിരുന്നു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മില്‍ തല്ലിക്കാനാണ് മമതയുടെ ശ്രമിക്കുന്നതെന്നും സൗമിത്ര ആരോപിച്ചു. ഇതിന് പിന്നാലെയാണ് മമതയെ പിശാചായി ചിത്രീകരിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്.

മമതാ ബാനര്‍ജി ഒരു പിശാചായി മാറിയിരിക്കുന്നു. അവര്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ രക്തം കുടിക്കാന്‍ തയ്യാറായിരിക്കുകയാണ്. അവരും പാര്‍ട്ടിയും അവരുടെ പാര്‍ട്ടിയും ആളുകളോട് ഹിന്ദു മുസ്ലീം സ്വത്വത്തിന്റെ പേരില്‍ പരസ്പരം പോരടിക്കാനാണ് അവശ്യപ്പെടുന്നതെന്നും സൗമിത്ര പറഞ്ഞു.