Tue. Nov 24th, 2026

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിമാനത്താവളം ഏറ്റെടുക്കാനാവില്ല. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിനു നല്‍കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കെയാണ് സംസ്ഥാനത്തിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.ഇതോടെ കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്ക് തിരുവനന്തപുര വിമാനത്താവള കൈമാറ്റം മാറുകയാണ്.

തിരുവനന്തപുരം അടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ആദാനി എന്റര്‍പ്രൈസിനു കൈമാറാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് അറിയിച്ചത്. അതേസമയം അന്‍പത് വര്‍ഷത്തെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. അതിനിടെ അന്താരാഷ്ട്ര വിമാന നിരക്കുകള്‍ കുതിച്ചുയരുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖോരോലയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

<p>ഈദ് അവധിക്ക് പ്രവാസി മലയാളികള്‍ക്ക് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്താന്‍ വലിയ നിരക്ക് നല്‍കേണ്ടിവരുന്നതായി മുഖ്യമന്ത്രി വ്യോമ സെക്രട്ടറിയെ അറിയിച്ചു. തുടര്‍ന്ന് നിരക്ക് പരിധിവിട്ടുയര്‍ന്നോ എന്ന്‌ കേന്ദ്രം നിരീക്ഷിക്കുകയും അടുത്തമാസം വ്യോമയാന കമ്പനികളുടെ യോഗം വിളിക്കുകയും ചെയ്യും. യാത്രാനിരക്ക് കുറയ്ക്കാന്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റയുടന്‍ വി. മുരളീധരന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയും കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടത്.