Tue. Nov 24th, 2026

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം പ്രാബല്യത്തിലുള്ള കര്‍ണാടകയില്‍ വരള്‍ച്ച അതിരൂക്ഷമായതോടെ മഴ ലഭിക്കാന്‍ പ്രത്യേക ഹോമവും യാഗവും മന്ത്രവാദവും കൂടോത്രങ്ങളും അരങ്ങു തകർക്കുന്നത് ദേശീയ മാധ്യമങ്ങളിലുൾപ്പെടെ വർത്തയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജലവിഭവമന്ത്രിയുമായ ഡി കെ ശിവകുമാര്‍. ചിക്കമംഗളൂരുവിലെ ശ്രീ ഋഷ്യ ശ്രിങ്കേശ്വര ക്ഷേത്രത്തില്‍ വെച്ച്‌ മഴ ലഭിക്കാനായി ‘പ്രജന്യ ഹോമം’ നടത്തിയത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പിന്നാലെ ഇന്നലെ ഹലസുരുവിലെ സോമേശ്വര ക്ഷേത്രത്തില്‍ മഴദേവതയെ പ്രസാദിപ്പിക്കാന്‍ വെള്ളം നിറച്ച ടബ്ബുകളില്‍ ഇറങ്ങി ദൈവത്തെ മൊബൈല്‍ ഫോണില്‍ വിളിച്ച് പ്രാര്‍ത്ഥിച്ച പൂജാരിമാരായിരുന്നു മാധ്യമങ്ങളിലെ താരങ്ങളെങ്കില്‍ ഇന്ന് രണ്ട് തവളകളാണ് വാര്‍ത്തകളില്‍ നിറയുന്നത്.

നല്ല മഴ ലഭിക്കാന്‍ തവളക്കല്യാണം നടത്തിയിരിക്കുകയാണ് ഉഡുപ്പി നിവാസികള്‍. പരമ്പരാഗത രീതിയില്‍ വിവാഹ വസ്ത്രങ്ങള്‍ ധരിപ്പിച്ച് പൂമാലകള്‍ ചാര്‍ത്തിയാണ് വരനേയും വധുവിനേയും വിവാഹ വേദിയില്‍ എത്തിച്ചത്. സ്ത്രീകളില്‍ ഒരാള്‍ വരൻറെ സഹോദരീസ്ഥാനത്ത് നിന്ന് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി.