Tue. Nov 24th, 2026

വിഷ്ണു വിജയൻ

നമ്മുടെ കാലഘട്ടത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന രണ്ടു പേരുകളാണ് സണ്ണി എം കപിക്കാട്, സുനിൽ പി ഇളയിടം. ഇരുവരെയും താരതമ്യം നടത്തൽ അല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

സണ്ണി കപിക്കാടിനെക്കാൾ പ്രേക്ഷകർ ഉള്ളത് എപ്പോഴും സുനിൽ ഇളയിടത്തിനാണ്, അത് പലർക്കും അറിയാവുന്ന കാര്യമാണ്. എന്താണ് അങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ..,?  ഇതിന്റെ കാരണം ഇരുവരും പറഞ്ഞ രണ്ടു അഭിപ്രായങ്ങളിൽ നിന്ന് കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നു.

ഒരിക്കൽ കപിക്കാടിനെ കുറിച്ച് സുനിൽ പി ഇളയിടം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. “ഇന്ന് കേരളത്തിലെ സാമൂഹിക വിമർശന മണ്ഡലത്തിലെ ഏറ്റവും നിശിതമായ, കർക്കശമായ ഇടപെടലുകളുടെ ഉടമയാണ് സണ്ണി എം കപിക്കാട്. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന അധികാര ബന്ധങ്ങളെ കുറിച്ച് നിശിതമായ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട്, ഒരുപക്ഷെ നമ്മുടെ കാലത്തെ ഏറ്റവും ഇളക്കാൻ പോകുന്ന, അലോസരപ്പെടുത്താൻ പോകുന്ന രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ നടത്തുന്നത് സണ്ണി എം കപിക്കാട് ആണ് എന്ന് പറയാം” എന്ന്.

അതായത് ഈ സമൂഹത്തെ കുറിച്ചുള്ള നമ്മുടെ പല തെറ്റായ ബോധങ്ങളേയും ചിന്തകളേയും അലോസരപ്പെടുത്താനും, പുനർവിചിന്തനം നടത്താൻ കാരണമാകുന്ന സണ്ണി എം കപിക്കാടിൻ്റെ ചിന്തകൾ ബ്രാഹ്മണ്യ ബോധത്തിന് ആഴത്തിൽ വേരുള്ള സമൂഹത്തിൽ അത്ര പെട്ടെന്ന് സ്വീകാര്യത ലഭിക്കുമെന്ന് കരുതാൻ കഴിയില്ല എന്ന് തന്നെ.

ഒരിക്കൽ സണ്ണി എം കപിക്കാട് ഇങ്ങനെ പറയുകണ്ടായി. “സുനിൽ നവോത്ഥാനത്തിൻ്റെ ഫലങ്ങളാണ് എടുത്തു പറയുന്നത്. ആ പ്രക്രിയയെ കുറിച്ചല്ല അദ്ദേഹം വാദിക്കുന്നത്. അവിടെ വാദികളും പ്രതികളും സന്തോഷവാൻമാരായി നിൽക്കുകയാണ്. ആ പ്രോസസ് മനസിലാക്കിയില്ല എങ്കിൽ സമകാലിക സമൂഹത്തിലെ സംഘർഷത്തിൻ്റെ യഥാർത്ഥ ഉള്ളടക്കം കാണാനാവില്ല. അതുകൊണ്ട് നവോത്ഥാനത്തിൻ്റെ ഫലങ്ങളിലേക്ക് മലയാളി വന്നാൽ ഈ പ്രശ്നം പരിഹരിക്കാം എന്നാണ് പറയുന്നത്. ഗുരു മുന്നോട്ടു വെച്ച സാഹോദര്യത്തിലേക്ക്, മൂല്യത്തിലേക്ക് മലയാളി വന്നാൽ പരിഹരിക്കാം,

എന്നാൽ സാഹോദര്യം എന്ന മൂല്യ രൂപവത്കരണത്തിന് പിന്നിലുള്ള സംഘർഷത്തിലേക്ക് കടക്കുന്നില്ല. ആ സംഘർഷത്തിൽ പങ്കെടുത്ത സാമൂഹിക സംഘടനകൾ ആരെല്ലാമാണെന്നതിൽ വിശകലനം നടത്തുന്നില്ല, അതൊരു ചരിത്ര പ്രക്രിയയിലൂടെ രൂപപ്പെട്ട കാര്യമാണെന്ന് വിശദമാക്കാതിരിക്കുകയും സാഹോദര്യത്തെ കുറിച്ച് മാത്രം പറയുകയും ചെയ്താൽ ലളിതമായി ഉത്തരം കണ്ടെത്താം. ഒറ്റ കേൾവിയിൽ വളരെ ശരി എന്ന് തോന്നാമെങ്കിലും സമൂഹത്തിലെ സങ്കീർണതയെ അഭിസംബോധന ചെയ്യുന്നില്ല ” എന്ന് കപിക്കാട് പറയുന്നു.

ഇതു തന്നെയാണ് ഇരുവരുടെയും വിസിബിലിറ്റിയുടെ തോതിൽ വരുന്ന പ്രധാന കാരണമായി തോന്നിയത്. ഇപ്പോൾ ഇത് പറയാൻ കാരണം പലപ്പോഴായി ഞാൻ ഇരുവരെയും ക്വോട്ട് ചെയ്ത് എഴുതിയിട്ടുണ്ട്, സുനിൽ പി ഇളയിടത്തെ ക്വോട്ട് ചെയ്തത് ഒരിക്കലും അദ്ദേഹത്തിന്റെ തന്നെ മഹാഭാരത വിശദീകരണങ്ങളിൽ നിന്നല്ല. പഞ്ചമി അയ്യങ്കാളിയുടെ ഒപ്പം സ്കൂളിലേക്ക് പോയ ചരിത്ര സംഭവം ഇളയിടത്തിൻ്റെ വാക്കുകൾ ക്വോട്ട് ചയ്തു വീണ്ടും പറയുകണ്ടായി.

“ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ല എങ്കിൽ നിങ്ങളുടെ പാടം കൊയ്യില്ല. ഒന്നര കൊല്ലം തരിശു കിടന്നു കെട്ടോ, അങ്ങനെയാണ് പുലയ കുട്ടികൾ ഉസ്കൂളിൽ കയറിയത്. അല്ലാതെ ഒരു സവർണ പ്രമാണിമാരുടെയും ഔദാര്യ ബുദ്ധികൊണ്ടൊന്നുമല്ല, അയ്യങ്കാളിയുടെ സമര വീര്യം കൊണ്ടാണ്” എന്ന വാക്കുകൾ,

ഈ സമൂഹത്തിൽ ഇത്തരം സ്പെയ്സ് രൂപപ്പെടുത്തി എടുത്തത് ഇങ്ങനെ ഒക്കെ തന്നെയാണ്, മറിച്ച് ആരുടെയെങ്കിലും ഔദാര്യത്തിൽ ലഭിച്ചതല്ല, വ്യവസ്ഥിയോട് പടപൊരുതിയും, വീണും എഴുന്നേറ്റും വീണ്ടും ഊർജ്ജം ഉൾക്കൊണ്ടും മനുഷ്യൻ നടത്തിയ പോരാട്ടങ്ങളിൽ ആത്മാഭിമാനമുള്ള മനുഷ്യർ അവരുടെ ജീവൻ പോലും ബലികഴിച്ച് നേടിയെടുത്തതാണെന്നാണ് പറഞ്ഞത്.

അതിനർത്ഥം ഉരൂട്ടമ്പലം പള്ളിക്കൂടത്തില്‍ അയ്യങ്കാളിയുടെ കയ്യും പിടിച്ച് പഞ്ചമി ചെല്ലുമ്പോൾ അവിടെ പുലയ കുട്ടികളുടെ മാത്രം ചരിത്രമാണ് അയ്യങ്കാളി സൃഷ്ടിക്കുന്നത് എന്നല്ല, അതിലേക്ക് കൂട്ടി വായിക്കാൻ ഒരു കാര്യം കൂടി പറയാം.

കപിക്കാട് തന്നെ മുൻപോരിക്കൽ പറഞ്ഞ വാക്കുകൾ, “തിരുവിതാംകൂറിലെ ജാതി മാടമ്പിത്തരത്തെ വെല്ലുവിളിച്ച് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയെന്ന് പറയുമ്പോൾ അത് അയിത്ത ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുക എന്നതിനപ്പുറം മലയാളിക്ക് അന്നോളം അപരിചിതമായിരുന്ന പൊതുവഴി ബോധം എന്ന സങ്കൽപം ആണ് അയ്യങ്കാളി മുൻപോട്ടു വെച്ചത്.അതായത് അയ്യങ്കാളി ഉൾപ്പെടെ നടത്തിയ കീഴാള നവോത്ഥാന മുന്നേറ്റം കേവലം കീഴാള ജനതയുടെ മുന്നേറ്റങ്ങളുടെ ചരിത്രം മാത്രമല്ല എന്ന് തന്നെ.

സാഹിത്യകാരൻ എസ് ഹരീഷ് ഒക്കെ പറയുന്നത് പോലെ “നവോത്ഥാനം എന്ന് പറയുമ്പോൾ നമ്മുടെ വിചാരം അത് പട്ടികജാതിക്കാരെയോ പിന്നോക്ക കാരെയൊ നന്നാക്കാനുള്ള ഏർപ്പാട് ആയിരുന്നു എന്നാണ് നമ്മൾ കരുതി വെച്ചിരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യത്തിൽ സവർണരെ നന്നാക്കാനുള്ള ഒരു പരുപാടി ആയിരുന്നു നവോത്ഥാനം മൃഗതുല്യരായി ജീവിക്കുന്ന സവർണരെ മനുഷ്യൻ ആക്കുന്ന ഏർപ്പാട് ആയിരുന്നു നവോത്ഥാനം എന്നത്…”

ഇത്തരത്തിൽ ഒരു വായനയുണ്ട് അതാണ് ഫോളോ ചെയ്യുന്നത്, ശെരിയായ രീതിയിൽ വായിക്കപ്പേടാതെപോയ, ആസൂത്രിതമായി മറച്ചു വെച്ച ചരിത്രത്തെ അറിയാൻ ശ്രമിക്കൽ…