Thu. Apr 25th, 2024

വയനാട് സുൽത്താൻ ബത്തേരിയിൽ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പ്രസിഡന്റിന് എതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ.എം. ജോര്‍ജിനെതിരെയാണ് കേസ്. നിലവില്‍ ബത്തേരി സഹകരണ ബാങ്ക് വൈസ് ചെയര്‍മാന്‍ ആണ്. പ്രതി ഒളിവിലാണെന്നു പൊലീസ് പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ഒന്നര വര്‍ഷമായി പീഡിപ്പിച്ചതായാണ് പരാതി പീഡനം തുടര്‍ന്നതിനാല്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി കൊടുക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പൊലീസിന് വിവരം നല്‍കിയത്. പെണ്‍കുട്ടിയും മാതാപിതാക്കളും ജോര്‍ജിന്റെ വീട്ടില്‍ ജോലിക്കാരായിരുന്നു.

പോക്‌സോയ്ക്കു പുറമെ മാനഭംഗം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകള്‍ പ്രകാരവും കേസ് ഉണ്ട് അതേസമയം, ഒ.എം.ജോര്‍ജിനെതിരെ വയനാട് ഡിസിസിയും അന്വേഷണം ആരംഭിച്ചതായി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് കെപിസിസിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍.പറഞ്ഞു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.