ശബരിമല കര്‍മ്മ സമിതി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച ‘അയ്യപ്പ ഭക്ത സംഗമ’ത്തില്‍ കണ്ടത് സവര്‍ണ ഐക്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തന്നെ ക്ഷണിച്ചിരുന്നെങ്കിലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും പോകാതിരുന്നത് നന്നായി. പോയിരുന്നെങ്കിൽ കെണിയായേനെ എന്നും തൻറെ നിലപാടിന് തന്നെ എതിരായ നടപടിയായി പോയേനെ എന്നും വെള്ളാപ്പള്ളി നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യത്തിനായാണ് താൻ ശ്രമിച്ചത്. എന്നാൽ സവർണ ഐക്യമാണ് ഉരിത്തിരിഞ്ഞത്.എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഏറ്റുമാനൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സമ്മര്‍പ്പിച്ച പട്ടിക തെറ്റിപ്പോയത് ഉപദേശകരുടെ വീഴ്ചയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഉപദേശം സ്വീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മാതാ അമൃതാനന്ദമയി വരുമെന്നു പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സവര്‍ണ സംഗമമായതോടെ പോകാതിരുന്നത് നന്നായെന്നു തോന്നുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.
പങ്കെടുത്തിരുന്നെങ്കില്‍ അത് തന്റെ നിലപാടിന് വിരുദ്ധമാകുമായിരുന്നെന്നും കെണിയില്‍ വീണുപോകുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാല്‍ ശരിയായ വസ്തുത പറഞ്ഞ് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി. ആര് ഭരണത്തിലിരുന്നാലും കോടതിവിധി നടപ്പാക്കുക എന്നതേ ചെയ്യാനാവൂ. എന്നാല്‍ അത് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. മറുഭാഗത്തിന് അവസരം വളരെയേറെ മുതലെടുക്കാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കയറിയ സ്ത്രീകളുടെ തെറ്റായ കണക്ക് കോടതിയില്‍ കൊടുത്തത് വലിയ വീഴ്ചയായി. സര്‍ക്കാരിന് അത് ചീത്തപ്പേരുണ്ടാക്കി. കൃത്യമായി പരിശോധിച്ചു വേണം ഇത്തരം പട്ടിക തയ്യാറാക്കാനെന്നും വെള്ളാപ്പള്ളി പറഞ്ഞു.വനിതാ മതിൽ വൻ വിജയമായിരുന്നു. പിറ്റേന്ന് തന്നെ ശബരിമലയിൽ രണ്ട് യുവതികൾ കയറിയപ്പോൾ തെറ്റായ പ്രചാരണം വന്നു. വെള്ളാപ്പള്ളി പറഞ്ഞു. ഏറ്റുമാനൂരിൽ എസ്എൻഡിപി യോഗം 40- നമ്പർ ശാഖായിലെ – ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.