തങ്ങള്‍ തെറ്റ് ചെയ്തവരല്ലെന്നും അതിനാൽത്തന്നെ പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുർഗയും.ശബരിമലയിൽ ദര്‍ശനം നടത്തിയ വാര്‍ത്ത പുറത്തുവന്നതിനുശേഷം സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ഇരുവരും ഒളിവിലായിരുന്നു. ശബരിമലയില്‍ യുവതികൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയ്ക്കുശേഷം ആദ്യമായി ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും കൊച്ചിയിലെ ‘ആര്‍പ്പോ ആര്‍ത്തവം’ വേദിയിൽ സംസാരിക്കവെയാണ് അവർ ഇങ്ങനെ പറഞ്ഞത്.
കേരളത്തിലെ പുരോഗമന സമൂഹത്തിന്റെ സംരക്ഷണം ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബിന്ദു പറഞ്ഞു.”ഞാനും കനകദുർദ്ദയും മാത്രമായി എന്തെങ്കിലും ചെയ്തെന്ന് കരുതുന്നില്ല. നിങ്ങളെല്ലാവരും നൽകിയ ധൈര്യവും പിന്തുണയുമാണ് പ്രചോദനമായത്. പൊലീസിന്റെയല്ല, കേരളത്തിലെ പുരോഗമനസമൂഹത്തിന്റെ സംരക്ഷണം ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷ”-ബിന്ദു പറഞ്ഞു.
ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്ന ആത്മാഭിമാനമുള്ള സ്ത്രീകൾ ഒപ്പമുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കനകദുർഗയും പ്രതികരിച്ചു. പൊലീസ് പിന്തുണ ആവശ്യപ്പെടാതെ സ്വന്തം നിലയ്ക്കാണ് പരിപാടിക്കെത്തിയതെന്നും ഇവർ പറഞ്ഞു. ‘ആര്‍ത്തവം അശുദ്ധമല്ല’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നലെയാണ് എറണാകുളം മറൈന്‍ഡ്രൈവിൽ ‘ആര്‍പ്പോ ആര്‍ത്തവം’ കൂട്ടായ്മ ആരംഭിച്ചത്.