നടേശൻ വെള്ളാപ്പള്ളി കണ്ണുരുട്ടി വനിതാമതിലില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാമതിലിന് പിന്തുണയുമായി ബിഡിജെഎസ് രംഗത്ത്. വനിതാമതിലില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയല്ല വനിതാമതിലെന്നും എന്‍ഡിഎ പരിപാടി അല്ലാത്തതിനാലാണ് സംഘപരിവാറിന്റെ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്നതെന്നും തുഷാര്‍ പറഞ്ഞു.
അയ്യപ്പജ്യോതിയെക്കുറിച്ച് എന്‍ഡിഎയില്‍ ചര്‍ച്ച നടന്നില്ല. പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. നേതാക്കള്‍ പങ്കെടുക്കാന്‍ പാര്‍ടി തീരുമാനം വേണമെന്നും തുഷാര്‍ പറഞ്ഞു.
എന്നാൽ വനിതാമതിലിൽ സഹകരിച്ചില്ലെങ്കിൽ പിന്നെ തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപിക്ക് പുറത്തായിരിക്കുമെന്ന്എസ്എന്ഡിപിയോഗം ജനറൽ സെക്രട്ടറിയും പിതാവുമായ വെള്ളാപ്പള്ളി നടേശൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റമെന്നത് യോഗാംഗങ്ങൾക്കുള്ളിൽ പരസ്യമായ രഹസ്യമാണ്.