Thu. Mar 28th, 2024

വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ പ്രതികളായ എല്ലാ പൊലിസുകാരെയും സര്‍വീസില്‍ തിരിച്ചെടുത്തു. സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ദീപക് എന്നിവരടക്കം ഏഴുപേരെയാണ് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്. ഐ.ജി വിജയ് സാഖറെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്.

ഇതില്‍, ക്രിസ്പിന്‍ സാം ഒഴികെയുള്ള പൊലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് പോസ്റ്റിങ്. ഇവര്‍ ജില്ലാ പൊലീസ് മേധാവിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. . കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ പറയുന്നു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്യുകയും ഒന്‍പതു പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.

വരാപ്പുഴയില്‍ ഗൃഹനാഥനായ കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്റെ മരണത്തെ തുടര്‍ന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഒരു സംഘമാളുകള്‍ വാസുദേവന്റെ വീടാക്രമിക്കുകയും തുടര്‍ന്ന് വാസുദേവന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചതുമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ കാരണം. അന്ന് രാത്രി പത്തരയോടെ ശ്രീജിത്തിനെ ആര്‍.ടി.എഫ് കസ്റ്റഡിയിലെടുത്തു. പൊലീസ് മര്‍ദ്ദിച്ച് അവശനാക്കിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ ശ്രീജിത്തിന് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തു. മരിച്ചത് പൊലീസ് മര്‍ദ്ദനത്തിലൂടെ വന്‍കുടല്‍ പൊട്ടിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തിലൂടെയാണ് തെളിഞ്ഞത്.