മേഘാലയയിലെ ഘനിയിൽ ഡിസംബർ 13 മുതൽ കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ രക്ഷാ ഉപകരണങ്ങൾ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചു. ഇവർ കുടുങ്ങിക്കിടക്കുന്ന കുഴിയിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് അടക്കമുള്ള ഉപകരണങ്ങൾ ഇല്ലെന്ന കാരണത്താലാണ് ശ്രമം ഉപേക്ഷിക്കുന്നത്. അതേസമയം, തൊഴിലാളികളെ രക്ഷപ്പെടുത്താത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയതോടെ വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യവും കൈവന്നിരിക്കുകയാണ്.
രണ്ടാഴ്ചയായി 15 തൊഴിലാളികൾ ജീവവായുവിനായി ഘനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ ബോഗിബീൽ പാലത്തിന് മുകളിൽ കാമറയ്ക്ക് പോസ് ചെയ്യുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭ്യമാക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ല. പാവങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

മേഘാലയയിലെ ഈസ്റ്റ് ജയ്ൻതിയ ഹിൽസ് ജില്ലയിലെ ‘എലിമട” എന്ന അനധികൃത കൽക്കരി ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികൾക്കായുള്ള തെരച്ചിലാണ് അധികൃതർ നിറുത്തിവച്ചിരിക്കുന്നത്. കഴിഞ്ഞ 13 നാണ് സമീപത്തെ നദി കരകവിഞ്ഞു 370 അടി ആഴമുള്ള ഖനിയിൽ വെള്ളം പൊങ്ങിയതോടെയാണ് തൊഴിലാളികൾ അകത്ത് കുടുങ്ങിയത്.പുഴയിൽ നിന്നുള്ള ഒഴുക്കു തുടരുന്ന സാഹചര്യത്തിൽ ഖനിയിലെ വെള്ളം ഹൈപ്രഷർ പമ്പുകൾ ഉപയോഗിച്ച് പുറത്തേക്ക് കളയേണ്ടതുണ്ട്. എന്നാൽ ഇവ ലഭ്യമല്ലെന്നാണ് അധികൃതരുടെ നിലപാട്. 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ ‘എലിമട’ ഖനികൾ എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളില്ലാത്ത അനധികൃത കൽക്കരി ഖനികളുടെ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. എങ്കിലും അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്
1975 ഡിസംബർ 27ന് ബീഹാറിലെ ധൻബാദിലെ ചസ്നാല എന്ന കൽക്കരി ഖനിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഖനിയിൽ ജോലി ചെയ്തിരുന്ന 400 ഓളം തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഖനിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ജലസംഭരണി തകരുകയും തുടർന്ന് ഖനി വെള്ളത്തിൽ മുങ്ങുകയുമായിരുന്നു.