Thu. Apr 18th, 2024

ശത്രുവിനെയും സ്നേഹിക്കാൻ പറഞ്ഞ ഓര്‍ത്തഡോക്‌സ് യേശുവും നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കാൻ പറഞ്ഞ യാക്കോബായ യേശുവും തമ്മിലുള്ള തർക്കം സുപ്രീം കോടതി വരെ എത്തിയിട്ടും വിധി നടത്തിക്കാതെ ആത്മഹത്യാ ഭീഷണിയുമായി ഭക്തി ഭ്രാന്തന്മാർ.

പിറവം പള്ളി തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാനെത്തിയ പോലീസിനെ യാക്കോബായ വിഭാഗം തടഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പിറവം പള്ളി വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. വിധി നടപ്പാക്കാനെത്തിയ പോലീസിനെ വിശ്വാസികളും വൈദികരും ചേര്‍ന്ന് തടഞ്ഞു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി രണ്ട് വിശ്വാസികള്‍ പള്ളിക്ക് മുകളില്‍ നിലയുറപ്പിച്ചിച്ചു.

പിറവം പള്ളിയുടെ അവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇൗ വിധി നടപ്പിലാക്കാന്‍ പോലീസ് സംഘം എത്തിയപ്പോഴാണ് യാക്കോബായ വിശ്വാസികള്‍ പള്ളിയില്‍ സംഘടിച്ചെത്തിയത്. ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും നിരവധി വൈദികരും നൂറുകണക്കിന് വിശ്വാസികളും പള്ളിയിലുണ്ട്.

സംഘര്‍ഷം കണക്കിലെടുത്ത് നാല് മണിയോടെ പോലീസ് താല്‍ക്കാലികമായി പിന്‍മാറി. എന്നാല്‍ വിശ്വാസികള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായിട്ടില്ല. പോലീസ് സംഘം പള്ളിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. വിശ്വാസികള്‍ സംയമനം പാലിക്കണമെന്ന് യാക്കോബായ സഭാ ബിഷപ്പ് കുര്യാക്കോസ് മാര്‍ തിയോഫിലോസ് ആവശ്യപ്പെട്ടു. പിറവം പള്ളിത്തര്‍ക്കം നാളെ ഹൈക്കോടതി കേള്‍ക്കാനിരിക്കെയാണ് ഇന്ന് പോലീസ് സംഘം എത്തിയത്. നാളെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും.