Sun. Nov 22nd, 2026

ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപേ ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ പൊട്ടിത്തെറി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വീതംവയ്ക്കലിനെ ചൊല്ലി സഖ്യകക്ഷികളിലൊന്ന് മുന്നണി വിട്ടു. ബിഹാറില്‍ നിന്നുള്ള ആര്‍എല്‍എസ്പിയാണ് മുന്നണി വിടുന്നത്. നാളെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തില്‍ ആര്‍എല്‍എസ്പി പങ്കെടുക്കില്ല. നിലിവല്‍ നരേന്ദ്രമോദി സര്‍ക്കാരില്‍ മാനവവിഭവശേഷി വകുപ്പ്‌റ സഹമന്ത്രിയായ പാര്‍ട്ടി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ മന്ത്രിസ്ഥാനം രാജിവച്ചു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലില്‍ അതൃപ്തിയുമായാണ് കുശ്‌വാഹ മുന്നണി വിടുന്നത്. നിതീഷ് കുമാറിന് ബിഹാറില്‍ എന്‍ഡിഎ നല്‍കുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആര്‍എല്‍എസ്പിയ്ക്ക് കിട്ടാത്തതില്‍ കുശ്‌വാഹയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. ഈ സാഹചര്യത്തിലാണ് കൈയിലുള്ള കേന്ദ്രമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്ര കുശ്‌വാഹ ഇറങ്ങിപ്പോകുന്നത്.

ഇന്ന് വൈകിട്ട് ദില്ലിയില്‍ ചേരുന്ന വിശാല പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ കുശ്‌വാഹ പങ്കെടുത്തേയ്ക്കുമെന്നാണ് സൂചന. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിയ്‌ക്കെയാണ് ബിജെപിക്ക് കനത്ത തിരിച്ചടിയുമായി സഖ്യകക്ഷി മുന്നണി വിടുന്നത്.

അതേ സമയം, എന്‍ഡിഎ വിടാനുള്ള കുശ്‌വാഹയുടെ തീരുമാനത്തില്‍ പാര്‍ട്ടിയില്‍ വിയോജിപ്പുള്ളതായാണ് സൂചന. ആര്‍എല്‍എസ്പിയുടെ വിമത എംപി അരുണ്‍ കുമാര്‍ ഉള്‍പ്പടെയുള്ള രണ്ട് എംപിമാര്‍ക്ക് കുശ്‌വാഹ എന്‍ഡിഎ വിടുന്നതിനോട് യോജിപ്പില്ല.