കേരളത്തിലെ അയ്യപ്പ ഭക്തരെല്ലാം എതിരായിത്തീരുമെന്ന പേടിയാണ് വനിത മതിലിന് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധമില്ലെന്ന് പറയാൻ സിപി ഐഎമ്മിനെ പ്രേരിപ്പിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനി ലേഖനത്തെക്കുറിച്ച് നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെ സണ്ണി എം കപിക്കാട് പറഞ്ഞു.
ശബരിമലയുമായി വനിതാ മതിലിന് ബന്ധമില്ല എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും തീർത്തും നിരുത്തരവാദപരമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സര്‍ക്കാരിനെ കൊണ്ട് നവോത്ഥാന സമര പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കാന്‍ തീരുമാനിപ്പിക്കുന്നതെന്ന് കേരളത്തിലെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.കേരളത്തില്‍ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന പ്രക്ഷോഭങ്ങളും വാദ പ്രതിവാദങ്ങളുമാണ് യോഗം വിളിക്കാന്‍ കാരണമെന്ന് പകല്‍ പോലെ വ്യക്തമായിരിക്കെ, അതല്ല ഞങ്ങള്‍ വെറുതെ ഒരു നവോത്ഥാനത്തെ സംരക്ഷിക്കാനാണ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നു എന്നാണ് ഇവർ പറയുന്നത്.
ശബരിമല വിഷയത്തിലുള്ള ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ഇത് പുറത്ത് കൊണ്ടുവരുന്നത്. അവര്‍ വ്യക്തമായി ജനങ്ങളോട് പറയണം, ഞങ്ങള്‍ ഭരണഘടനക്കൊപ്പമാണ്, ഞങ്ങള്‍ സുപ്രീം കോടതി വിധിക്ക് അനുകൂലമാണെന്ന്. സ്ത്രീകള്‍ അവിടെ പ്രവേശിക്കുന്നതിന് ഞങ്ങള്‍ അനുകൂലമാണ് എന്ന് വ്യക്തമായ ഭാഷയില്‍ സംസാരിക്കേണ്ട സമയമാണ് ഇത്.
അങ്ങനെ പറഞ്ഞാല്‍ കേരളത്തിലെ ഭക്തരെല്ലാം എതിരായിത്തീരുമോ എന്ന പേടിയാണ് ഇങ്ങനെ അവ്യക്തമായി സംസാരിക്കുവാനും ശബരിമലയുമായി ബന്ധമില്ലെന്ന് പറയാനും അവരെ പ്രേരിപ്പിക്കുന്നത്. പക്ഷെ ഇതൊരു കള്ളത്തരവും കൗശലവുമാണെന്നാണ് ജനങ്ങള്‍ മനസിലാക്കുന്നത്. മാത്രമല്ല സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് നടത്തുന്ന വനിതാമതില്‍ എന്ന മൂവ്മെന്റിന്റെ ധാര്‍മ്മികതയെ, അതിന്റെ അന്തസിനെ ഇടിക്കുന്ന, അതിന്റെ മൂല്യത്തെ ചോര്‍ത്തിക്കളയുന്ന നിരുത്തവാദപരമായ പ്രസ്താവനകളാണ് ഇവർ നടത്തുന്നത്. അവര്‍ അതില്‍ നിന്ന് പിന്മാറണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.