ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിധികർത്താവായി എത്തിയ ദീപ നിഷാന്തിനെതിരെ പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് അവരെ സ്ഥലത്ത് നിന്നും മാറ്റി. ഇന്ന് രാവിലെ മലയാളം ഉപന്യാസ മത്സരത്തിന്റെ വിധി കർത്താവായാണ് അവർ എത്തിയത്. ജഡ്ജിങ് പാനലിൽ ഇവർ ഉണ്ടെന്ന് അറിഞ്ഞതോടെ ആളുകൾ പ്രതിഷേധിച്ചു.
എന്നാൽ എഴുത്തുകാരി എന്ന നിലയിൽ അവരെ പാനലിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നുവെന്നും വിവാദത്തിന് മുൻപേ ഇക്കാര്യം തീരുമാനിച്ചിരുന്നതാണെന്നും സംഘാടകർ വ്യക്തമാക്കി. ഇത് അവഗണിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ദീപയെ മാറ്റാൻ അധികൃതർ തയ്യാറായത്. കലേഷ് എന്ന യുവകവിയുടെ കവിത മാറ്റിയെഴുതി സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ അവർ മാപ്പ് പറഞ്ഞിരുന്നു. ഇതേ തുടർന്ന് നിശ്ചയിച്ചിരുന്ന ചില സാംസ്കാരിക പരിപാടികളിൽ നിന്നും അവരെ മാറ്റി നിറുത്തിയിരുന്നു.
